ഭൂരിപക്ഷം കൂടുതല്‍ അനിത രാജന് കുറവ് സൗഫിയ അനീഷിന്

Posted on: November 9, 2015 7:12 am | Last updated: November 9, 2015 at 7:12 am

കോഴിക്കോട്: കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഭൂരിപക്ഷവുമായി അനിത രാജനും കുറവ് ഭൂരിപക്ഷവുമായി സൗഫിയ അനീഷും. 26-ാം വാര്‍ഡ് പറയഞ്ചേരിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ അനിതാരാജന്‍ 1149 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 20 വോട്ടെന്ന ഏറ്റവും കുറവ് ഭൂരിപക്ഷവുമായി 66-ാം വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ഥി സൗഫിയ അനീഷും വിജയിച്ചു. അനിതാരജന് 1850 വോട്ട് ലഭിച്ചപ്പോള്‍ എതിര്‍കക്ഷി നീനു ജിതേഷിന് 701 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
1955 വോട്ട് സൗഫിയ അനീഷ് നേടിയപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ ബുഷ്‌റ ജാഫറിന് 1935 വോട്ടും നേടാനായി.
രണ്ടാം വാര്‍ഡ് ചെട്ടികുളത്ത് 1009 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ഇവിടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കൃഷ്ണനാണ് വിജയക്കൊടി പാറിച്ചത്. 1011 വോട്ടിന്റെ ഭൂരിപക്ഷത്തോടെ 25-ാം വാര്‍ഡ് കോട്ടൂളിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ ടി സുഷാജ്, 1007 വോട്ടിന്റെ ഭൂരിപക്ഷത്തോടെ 58-ാം വാര്‍ഡ് കുറ്റിച്ചിറയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ശ്രീകല, 57-ാം വാര്‍ഡ് മുഖതാറില്‍ 936 വോട്ടിന്റെ ഭൂരിപക്ഷത്തോടെ യു ഡി എഫ് സ്ഥാനാര്‍ഥി സി അബ്ദുറഹിമാനും കൂടുതല്‍ ഭൂരിപക്ഷവുമായി രംഗത്തുണ്ട്.
ഏറ്റവും കുറവ് ഭൂരിപക്ഷമുള്ള വാര്‍ഡുകളില്‍ ഒന്നാണ് 49-ാം വാര്‍ഡ് മരട്. ഇവിടെ 26 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ബി ജെ പി സ്ഥാനാര്‍ഥി പൊന്നാത്ത് ഷൈമയാണ് വിജയിച്ചത്. 34 വോട്ടിന്റെ കുറഞ്ഞ ഭൂരിപക്ഷമുള്ള 68-ാം വാര്‍ഡാണ് ചക്കരോത്തുകുളം.
ഇവിടെ എല്‍ ഡി എഫിന്റെ പ്രമുഖ സ്ഥാനാര്‍ഥി തോട്ടത്തില്‍ രവീന്ദ്രനാണ് വിജയിച്ചത്. 42 വോട്ടിന്റെ ഭൂരിപക്ഷമുള്ള 70-ാം വാര്‍ഡ് ഈസ്റ്റ് ഹില്ലും,
50 വോട്ടിന്റെ ഭൂരിപക്ഷമുള്ള 8-ാം വാര്‍ഡ് മലാപ്പറമ്പും കുറഞ്ഞ ഭൂരിപക്ഷമുള്ള വാര്‍ഡുകളാണ്. ഈസ്റ്റ് ഹില്ലില്‍ ബീനരാജനും, മലാപ്പറമ്പില്‍ ഡി സി സി പ്രസിഡന്റ് കെ സി അബുവിന്റെ മകള്‍ ശോഭിതയാണ് വിജയിച്ചത്.