ബി ജെ പിയുടെ വോട്ട് വിഹിതത്തില്‍ ഇടിവെന്ന് കണക്കുകള്‍

Posted on: November 9, 2015 3:25 am | Last updated: November 9, 2015 at 12:26 am
SHARE

bjp-flag.jpg.image.576.432തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തലസ്ഥാനത്ത് ബി ജെ പി നേട്ടമുണ്ടാക്കിയെങ്കിലും ലോക്‌സഭ, നെയ്യാറ്റിന്‍കര, അരുവിക്കര ഉപതിരഞ്ഞെടുപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തിരിച്ചടി നേരിട്ടെന്ന് കണക്കുകള്‍. മുന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ മത്സരിച്ച ഘട്ടത്തില്‍ നാല് നിയമസഭാ മണ്ഡലങ്ങളില്‍ ബി ജെ പി വ്യക്തമായ മേധാവിത്വം നേടിയിരുന്നു. 62 കോര്‍പറേഷന്‍ വാര്‍ഡുകളിലാണ് ഒന്നാമതെത്തിയത്. ഒരു വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ ഇത് 34 ആയി ചുരുങ്ങി. 2010ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആറ് വാര്‍ഡുകളില്‍ മാത്രമാണ് ജയിച്ചതെന്ന കണക്കുമായി ചേര്‍ത്താല്‍ നില മെച്ചപ്പെടുത്തിയെന്ന് ബി ജെ പിക്ക് അവകാശപ്പെടാനും കഴിയും.
അതേസമയം, തിരുവനന്തപുരം കോര്‍പറേഷനില്‍ ബി ജെ പി ജയിച്ച വാര്‍ഡുകളില്‍ യു ഡി എഫ് മൂന്നാം സ്ഥാനത്തായെന്ന് മാത്രമല്ല, കുറഞ്ഞ വോട്ടുകള്‍ മാത്രമാണ് നേടാനായത്. അതായത്, ബി ജെ പിക്ക് അനുകൂലമായി യു ഡി എഫ് വോട്ടുകള്‍ വ്യാപകമായി ചോര്‍ന്നുവെന്ന് വ്യക്തം. 2,82336 വോട്ടാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ തിരുവനന്തപുരത്ത് സമാഹരിച്ചത്. വിജയത്തിന്റെ വക്കോളമെത്തിയ ഈ ഘട്ടത്തില്‍ നാല് നിയമസഭാ മണ്ഡലങ്ങളില്‍ വ്യക്തമായ മേല്‍ക്കൈ ലഭിക്കുകയും ചെയ്തു. നേമം, തിരുവനന്തപുരം സെന്‍ട്രല്‍, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് ബി ജെ പി ഒന്നാമതും ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ച ബെന്നറ്റ് എബ്രഹാം മൂന്നാമതുമായത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍ പിന്നാക്കം പോകുകയോ ഇടതുമായി ഒപ്പത്തിനൊപ്പം നില്‍ക്കുന്ന സാഹചര്യമോ ആണ് നിലവിലുള്ളത്. നേമത്ത് മാത്രമാണ് ബി ജെ പിക്ക് മേല്‍ക്കൈ അവകാശപ്പെടാന്‍ കഴിയുക. നാലില്‍ മൂന്ന് മണ്ഡലങ്ങളും യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളാണെങ്കിലും ഇവിടെയെല്ലാം യു ഡി എഫ് മൂന്നാം സ്ഥാനത്തായെന്നതും കൗതുകമാണ്.
വി ശിവന്‍കുട്ടിയുടെ മണ്ഡലമായ നേമത്ത് 11 വാര്‍ഡുകള്‍ ബി ജെ പി നേടിയപ്പോള്‍ ഒന്‍പതിടത്ത് ഇടത് മുന്നണി ജയിച്ചു. ഒ രാജഗോപാലിന് വ്യക്തമായ ലീഡ് സമ്മാനിച്ച കഴക്കൂട്ടത്ത് നിന്ന് നാല് വാര്‍ഡുകളില്‍ മാത്രമാണ് ബി ജെ പി ജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ മത്സരിക്കാന്‍ കണ്ണുനട്ടിരിക്കുന്ന മണ്ഡലമാണ് കഴക്കൂട്ടം. എം എ വാഹിദിന്റെ മണ്ഡലമായ ഇവിടെ യു ഡി എഫ് ആറ് വാര്‍ഡുകളില്‍ ഒതുങ്ങിയപ്പോള്‍ എല്‍ ഡി എഫിന് 11 വാര്‍ഡുകളില്‍ ജയിക്കാന്‍ കഴിഞ്ഞു. മന്ത്രി വി എസ് ശിവകുമാറിന്റെ മണ്ഡലമായ തിരുവനന്തപുരം സെന്‍ട്രലിലെ സ്ഥിതിയും വ്യത്യസ്തമല്ല. 11 വാര്‍ഡുകളില്‍ വിജയിച്ച എല്‍ ഡി എഫിന് തന്നെയാണ് ആധിപത്യം. ബി ജെ പിക്ക് പത്ത് വാര്‍ഡുകളില്‍ ജയിക്കാന്‍ കഴിഞ്ഞു. യു ഡി എഫ് ആകട്ടെ തീരദേശത്തെ ആറ് വാര്‍ഡുകളില്‍ ഒതുങ്ങി. ഈ മണ്ഡലവും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വ്യക്തമായ ലീഡ് സമ്മാനിച്ചതാണ്.
കെ മുരളീധരന്‍ കഴിഞ്ഞ തവണ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച വട്ടിയൂര്‍ക്കാവില്‍ അഞ്ച് വാര്‍ഡുകളില്‍ മാത്രം ജയിച്ച് യു ഡി എഫ് മൂന്നാം സ്ഥാനത്തായി. ഒ രാജഗോപാലിന് വന്‍ലീഡ് സമ്മാനിച്ച ഇവിടെ ഒന്‍പത് വാര്‍ഡുകളില്‍ ബി ജെ പി ജയിച്ചെങ്കിലും പത്ത് വാര്‍ഡുകളില്‍ ജയിച്ച എല്‍ ഡി എഫിന് തന്നെയാണ് മുന്‍തൂക്കം. ഉപതിരഞ്ഞെടുപ്പ് നടന്ന നെയ്യാറ്റിന്‍കരയിലെയും അരുവിക്കരയിലെയും സ്ഥിതി ഇതുതന്നെ. ഒ രാജഗോപാല്‍ മത്സരിച്ച ഘട്ടത്തില്‍ വന്‍തോതില്‍ വോട്ട് സമാഹരിച്ച ബി ജെ പിക്ക് അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവിടങ്ങളില്‍ ഈ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. നെയ്യാറ്റിന്‍കര നഗരസഭയിലെ നാല് സീറ്റുകളില്‍ മാത്രമാണ് ബി ജെ പി ജയിച്ചത്. ഒ രാജഗോപാലിലൂടെ വലിയ മുന്നേറ്റം നടത്തിയ അരുവിക്കരയിലെ 141 വാര്‍ഡുകളില്‍ ബി ജെ പിക്ക് പഞ്ചായത്തില്‍ ജയിക്കാനായ വാര്‍ഡുകള്‍ 10 മാത്രമാണ്. എല്‍ ഡി എഫ് 75ഉം യുഡി എഫ് 48 ഉം.
ബി ജെ പി മുന്നേറ്റമുണ്ടാക്കിയ സ്ഥലങ്ങളിലെല്ലാം വോട്ട് ചോര്‍ച്ചയുണ്ടായത് യു ഡി എഫില്‍ നിന്നാണ് എന്നതും ശ്രദ്ധേയം. എല്‍ ഡി എഫിന്റെ പ്രത്യേകിച്ച് സി പി എമ്മിന്റെ വോട്ടുകള്‍ ബി ജെ പിക്ക് പോകുന്നുവന്നായിരുന്നു തിരുവനന്തപുരം ലോക്‌സഭാ തിരഞ്ഞെടുപ്പിനും അരുവിക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിനും ശേഷമുള്ള യു ഡി എഫിന്റെയും ബി ജെ പിയുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും വിശകലനങ്ങള്‍. എന്നാല്‍, കോര്‍പറേഷന്‍ ചിത്രം വന്നപ്പോള്‍ കൂട്ടത്തോടെ മാറിയത് യു ഡി എഫ് വോട്ടുകള്‍. കോര്‍പറേഷനില്‍ യു ഡി എഫ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തി കാരണം 10 ഡിവിഷനുകളില്‍ കോണ്‍ഗ്രസ് വോട്ട് ബി ജെ പിക്ക് മറിച്ചുചെയ്തുവെന്ന ആക്ഷേപം ശക്തമാണ്. ബി ജെ പിയോടുള്ള ആഭിമുഖ്യമല്ല, മറിച്ച് കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തിയാണ് കോര്‍പറേഷനുകളില്‍ നിലവിലുണ്ടായിരുന്ന ആറ് ഡിവിഷനുകള്‍ 34 ആയി ഉയര്‍ത്താന്‍ ബി ജെ പിക്കായത്.

LEAVE A REPLY

Please enter your comment!
Please enter your name here