നേട്ടങ്ങളുണ്ടാക്കി ഐ എന്‍ എല്‍; തട്ടകത്തില്‍ തിരിച്ചടി നേരിട്ട് ആര്‍ എം പി

Posted on: November 8, 2015 11:46 pm | Last updated: November 8, 2015 at 11:46 pm

കോഴിക്കോട്:തദ്ദേശ തിരഞ്ഞെടുപ്പില്‍ കരുത്ത് കാണിച്ച് ഐ എന്‍ എല്‍. രണ്ട് കോര്‍പറേഷന്‍, 15 മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക്, 45 വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് ഐ എന്‍ എല്‍ വിജയിച്ചത്. കഴിഞ്ഞ വര്‍ഷം മുന്നണി തര്‍ക്കങ്ങള്‍ കാരണം യു ഡി എഫ് മുന്നണിക്കൊപ്പം മത്സരിച്ചെങ്കിലും കാര്യമായ നേട്ടം ഉണ്ടാക്കാന്‍ ഇവര്‍ക്കായിരുന്നില്ല.
ജയിച്ച കോര്‍പറേഷനുകളില്‍ രണ്ടെണ്ണം തിരുവനന്തപുരവും കണ്ണൂരുമാണ്. 15 മുനിസിപ്പാലിറ്റികളില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, കൂത്തുപറമ്പ്, പാനൂര്‍, കൊടുവള്ളി, തിരൂരങ്ങാടി, തിരൂര്‍, മഞ്ചേരി, കോട്ടക്കല്‍, മരട്, കായംകുളം മുനിസിപ്പാലിറ്റി വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇരിക്കൂര്‍, പാലാഴി എന്നിവിടങ്ങളിലും പൂക്കോട്ടൂര്‍, തിരൂരങ്ങാടി, വെങ്കിടങ്ങ്, കൈപ്പമംഗലം, പള്ളിക്കര, ചെമ്മങ്ങാട്, മൊഗ്രാല്‍ പുത്തൂര്‍, മുട്ടില്‍, പനമരം, മേപ്പാടി, തിരുവള്ളൂര്‍, വേളം, താമരശ്ശരി, പുതുപ്പാടി, പെരുവള്ളൂര്‍ പഞ്ചായത്ത് വാര്‍ഡുകളിലുമാണ് ജയിച്ചത്. ഇതില്‍ 15 പേര്‍ പാര്‍ട്ടി ചിഹ്നത്തിലും 30 പേര്‍ ഐ എന്‍ എല്‍ സ്വതന്ത്രന്‍മാരുമായാണ് വിജയിച്ചത്. എല്‍ ഡി എഫില്‍ കാലങ്ങളായി മുന്നണി പ്രവേശം സാധ്യമാകാതെ കിടക്കുന്ന ഐ എന്‍ എല്ലിന് നിലവിലെ നേട്ടം ഒരു മുതല്‍ക്കൂട്ടാകും.
കോര്‍പറേഷന്‍, ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുള്‍പ്പെടെ 1135ലധികം സീറ്റുകളില്‍ മത്സരിച്ചിട്ടും കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിക്കായില്ല. ഭൂരിഭാഗം വാര്‍ഡുകളിലും കെട്ടിവെച്ച കാശ് പോലും നഷ്ടപ്പെട്ടു. ത്രിതല പഞ്ചായത്തുകളില്‍ 1186 സീറ്റുകളില്‍ മത്സരിച്ച എസ് ഡി പി ഐക്ക് ഒരു കോര്‍പറേഷന്‍ ഡിവിഷന്‍, ഒമ്പത് മുനിസിപ്പാലിറ്റി ഡിവിഷന്‍, 33 ഗ്രാമപഞ്ചായത്ത് വാര്‍ഡ് എന്നിവിടങ്ങളില്‍ വിജയിക്കാനായി.
ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട ശേഷം നടന്ന ആദ്യ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒഞ്ചിയത്ത് ആര്‍ എം പി തിരിച്ചടി നേരിട്ടു. സംസ്ഥാനത്തുടനീളം നൂറോളം വാര്‍ഡുകളില്‍ മത്സരിച്ച ആര്‍ എം പിക്ക് 22 സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്. ഒഞ്ചിയത്ത് ആകെയുള്ള 17 വാര്‍ഡുകളില്‍ ആറെണ്ണത്തില്‍ മാത്രമേ ആര്‍ എം പിക്ക് വിജയിക്കാനായുള്ളൂ. കഴിഞ്ഞ തവണ ആര്‍ എം പി നേടിയ രണ്ട് സീറ്റുകള്‍ പിടിച്ചെടുത്തത് ഉള്‍പ്പെടെ ഏഴ് വാര്‍ഡുകളില്‍ വിജയിച്ച സി പി എമ്മാണ് പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. വെള്ളിക്കുളങ്ങര, തയ്യില്‍, പുതിയോട്ടുംകണ്ടി, ഒഞ്ചിയം, മാലോല്‍കുന്ന്, കെ പി ആര്‍ നഗര്‍ എന്നിവിടങ്ങളിലാണ് ആര്‍ എം പി ജയിച്ചത്. കഴിഞ്ഞ തവണ ആര്‍ എം പി പിടിച്ചെടുത്ത നാദാപുരം റോഡ്, ഡിസ്‌പെന്‍സറി വാര്‍ഡുകള്‍ ഇക്കുറി എല്‍ ഡി എഫിനൊപ്പമായിരുന്നു. ടി പി ചന്ദ്രശേഖരന്‍ വെട്ടേറ്റ് വീണ വള്ളിക്കാട് ഉള്‍പ്പെടുന്ന ചേറോട് പഞ്ചായത്തില്‍ രണ്ട് സീറ്റ് നേടാനായത് ആര്‍ എം പിക്ക് നേട്ടമായി. കാലങ്ങളായി സി പി എം മാത്രം ജയിക്കുന്ന വാര്‍ഡായ വള്ളിക്കാടാണ് ഇവര്‍ പിടിച്ചെടുത്തത്. എന്നാല്‍ സംസ്ഥാനത്തുടനീളം 250ഓളം ത്രിതല പഞ്ചായത്തുകളില്‍ മത്സരിച്ച ആം ആദ്മി പാര്‍ട്ടിക്ക് ഒറ്റ സീറ്റും നേടാനായില്ല.