മാധ്യമങ്ങള്‍ സര്‍ഗസൃഷ്ടിക്ക് വളമാകുന്നു

Posted on: November 6, 2015 6:37 pm | Last updated: November 9, 2015 at 6:48 pm
SHARE
യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം  പുസ്തകോത്സവത്തില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു
യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം
പുസ്തകോത്സവത്തില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു

ഗള്‍ഫ് കേരളീയരുടെ സാംസ്‌കാരിക മുന്നേറ്റത്തില്‍ മലയാളം മാധ്യമങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിലേക്ക് മലയാളികളെ വന്‍തോതില്‍ എത്തിക്കുന്നതിലും മലയാളം മാധ്യമങ്ങള്‍ വലിയ ആവേശം കാണിച്ചു. എഴുത്തുകാരുടെ അഭിമുഖങ്ങള്‍, പുസ്തക പ്രകാശന റിപ്പോര്‍ട്ടുകള്‍, പവലിയനുകളെക്കുറിച്ചുള്ള സചിത്ര കുറിപ്പുകള്‍ തുടങ്ങി പുസ്തകമേളയുടെ വിശേഷങ്ങള്‍ ആളുകളിലേക്കെത്തിക്കുന്നതില്‍ എല്ലാ വര്‍ഷവും ഔത്സുക്യം കാട്ടി. ഷാര്‍ജ ഭരണകൂടവും ബുക്ക് അതോറിറ്റിയും അതിന് പശ്ചാത്തലമൊരുക്കി.
ഇത്തവണ കുറേക്കൂടി സജീവത ഇക്കാര്യത്തിലുണ്ട്. റേഡിയോ സ്റ്റേഷനുകള്‍ വലിയ പ്രാധാന്യമാണ് കല്‍പിക്കുന്നത്. ഏഷ്യാനെറ്റ്, റേഡിയോ മാംഗോ, ഹിറ്റ് എഫ് എം, ഗോള്‍ഡ് എഫ് എം, റേഡിയോ മി തുടങ്ങിയ സ്റ്റേഷനുകളുടെ പ്രതിനിധികള്‍ ഓരോരോ കാര്യങ്ങളെ കുറിച്ചും ത്സമയ സംപ്രേഷണം നടത്തുന്നുണ്ട്. ചില റേഡിയോ സ്റ്റേഷനുകള്‍ സ്റ്റാള്‍ ഏര്‍പെടുത്തി.
ഇംഗ്ലീഷിനേക്കാള്‍ മലയാളം പത്രങ്ങളാണ് ഷാര്‍ജ പുസ്തകമേളയെ കൊണ്ടാടുന്നത്. സിറാജ് അടക്കം മിക്ക പത്രങ്ങളും പ്രത്യേക പ്രാധാന്യം നല്‍കുന്നു. കേരളത്തിലെ നവോഥാനതക്ക് ഊര്‍ജം നല്‍കിയ സരണിയുടെ സ്വാഭാവിക വികാസമാണ് പത്രങ്ങളുടെ ഈ നയ സമീപനം.
മലയാളത്തിലെ മിക്ക ചാനലുകളും ആദ്യ ദിവസം മുതല്‍ പുസ്തകമേളയില്‍ സജീവം. എഴുത്തുകാരെ അഭിമുഖം ചെയ്യുന്നതിലും വായനക്കാരോട് അഭിപ്രായം തേടുന്നതിലും പരസ്പരം മത്സരിക്കുന്നു. സാമൂഹിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നവരാണ് ഇത്തവണത്തെ സവിശേഷ കാഴ്ച. ഓരോ ചടങ്ങും അപ്പപ്പോള്‍ ചിത്രങ്ങള്‍ സഹിതം ലോകത്തേക്ക് തുറന്നിടുന്നു.
സാമൂഹിക മാധ്യമങ്ങള്‍, സാമ്പ്രദായിക വായനയെ തകര്‍ക്കുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് പുസ്തകമേളയില്‍ ഇവ രണ്ടും പരസ്പര പൂരകമാകുന്നത്. പുസ്തകങ്ങള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടാന്‍ സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം ഉപകരിക്കപ്പെടുന്നു. സുഭാഷ് ചന്ദ്രന്‍, ബെന്യാമിന്‍ തുടങ്ങിയവരുടെ ഇടപെടലുകള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ദുബൈയിലുള്ള ഷെമിയുടെ നോവലിനും വലിയ പ്രസിദ്ധി ലഭിച്ചു.
മലയാളത്തിന്റെയും സര്‍ഗാത്മക സാഹിത്യത്തിന്റെ വളര്‍ച്ചക്ക് ഷാര്‍ജ പുസ്തകമേള വലിയ താങ്ങാവുകയാണ്. ഇവിടെ നോവലുകളും ചെറുകഥാ സമാഹാരങ്ങളും വന്‍തോതില്‍ വിറ്റുപോകുന്നു. അതുകൊണ്ടുതന്നെ പ്രസാധകര്‍ പുസ്തകമേളക്ക് മുന്നോടിയായി പുതിയ കൃതികള്‍ പ്രകാശനം ചെയ്യുന്നു. യു എ ഇയിലെ മാധ്യമങ്ങള്‍ അതിന്റെ വിജയം ഉറപ്പ് വരുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here