കനത്തമഴയില്‍ ആരവം കെട്ടടങ്ങി ഇനി നിശബ്ദ പ്രചാരണം

Posted on: November 4, 2015 9:43 am | Last updated: November 4, 2015 at 9:43 am

പാലക്കാട്: കനത്തമഴയിലും ആവേശം ചോരാതെ കൊട്ടിക്കലാശം. രണ്ടാഴ്ചക്കാലത്തെ തദ്ദേശസ്വയം ഭരണസ്ഥാപന തിരെഞ്ഞടുപ്പ് പരസ്യ പ്രചാരണത്തിന് സമാപ്തിക്കുറിച്ച് കൊണ്ടാണ് നാടെങ്ങും കൊട്ടിക്കലാശം നടന്നത്. അപ്രതീക്ഷിതമായ പെയ്ത മഴയിലും ആവേശം തളരാതെയായിരുന്നു സ്ഥാനാര്‍ഥികളും പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും. പരസ്പരം പാഴിചാരിയും വോട്ടര്‍മാര്‍ക്ക് വാഗ്ദാനങ്ങളുടെ പെരുമഴ നല്‍കിയിരുന്ന സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഇനിയുള്ള നിമിഷങ്ങള്‍ നിര്‍ണായകമാണ്. ഇത് വരെയുള്ള പ്രചാരണത്തിലൂടെ അനുകൂലമായ അന്തരീക്ഷം തകരാതെയിരിക്കാനും എതിര്‍പാര്‍ട്ടികളുടെ കുതന്ത്രങ്ങള്‍ പൊളിക്കാനും കണ്‍ മിഴി അടക്കാതെ കാവല്‍ നില്‍ക്കണം.
ഇതിനായുള്ള പ്രവര്‍ത്തനങ്ങളായിരിക്കും നിശബ്ദ പ്രചാരണത്തിലൂടെ നടക്കുക. പാലക്കാട് നഗരത്തില്‍ യു ഡി എഫിന്റെ പ്രചാരണസമാപന യാത്ര മുറിക്കാവില്‍ നിന്നാരംഭിച്ച് സമീപവാര്‍ഡുകള്‍ ചുറ്റി പുതുപള്ളി തെരുവില്‍ സമാപിച്ചു. എല്‍ ഡി എഫിന്റെ പ്രചാരണസമാപന പ്രകടനം പോസ്റ്റാഫീസ് പരിസരത്ത് നിന്നാരംഭിച്ച് നഗരം ചുറ്റി അഞ്ചു വിളക്കിന് സമീപം സമാപിച്ചു. ബി ജെ പിയുടെ പ്രചാരണസമാപനം മേലാമുറിയില്‍ നിന്നാരംഭിച്ച് ചുണ്ണാമ്പുതറ, ഒലവക്കോട്, വിക്ടോറിയകോളജ് വഴി നഗരം ചുറ്റി മുനിസിപ്പല്‍ ഓഫീസിന് സമീപം സമാപിച്ചു. മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാലടക്കം നേതാക്കള്‍ സമാപന പ്രകടനത്തിന് നേതൃത്വം നല്‍കി
ഒറ്റപ്പാലം: വീറുംവാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം കൊടുമ്പിരികൊണ്ട കൊട്ടിക്കലാശത്തോടെ പരിസമാപ്തി. ഇനി രണ്ടുനാള്‍ സ്ഥാനാര്‍ഥികളുടെ വീടുകള്‍ കയറിയിറങ്ങിയുള്ള നിശബ്ദ പ്രചാരണം.—പരസ്യ പ്രചാരണത്തിന്റെ സമാപന ദിവസമായ ഇന്നലെ ഉച്ചഭാഷിണികളുമായി നാടിന്റെ മുക്കിലും മൂലയിലും പ്രചാരണം നടത്തിയിരുന്ന വാഹനങ്ങള്‍ വൈകുന്നേരത്തോടെ നഗരത്തിലേക്കെത്തി.—ഗതാഗതം നിയന്ത്രിക്കാന്‍ വന്‍പോലീസ് സന്നാഹവും സ്ഥലത്ത് എത്തിയിരുന്നു. ബൈക്ക് റാലിയുടെ അകമ്പടിയോടെ തുറന്ന വാഹനത്തില്‍ എത്തിയ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ നഗരത്തില്‍ ഒരു ഭാഗത്ത് നിലയുറപ്പിച്ചു.—
പ്രകടനമായും വാഹന അകമ്പടിയോടെയുമെത്തിയ എല്‍ ഡി എഫ് മറ്റൊരു ഭാഗത്തും, ഉച്ചഭാഷിണികളുമായി നിരവധി വാഹനങ്ങളോടെ ബി—ജെ പിയും നഗരത്തിന്റെ ഹൃദയ ഭാഗത്തേക്കെത്തി.—തുടര്‍ന്ന് കൊടികളുമായി വാശിയേറിയ പ്രചാരണത്തിനാണ് നഗരം സാക്ഷ്യം വഹിച്ചത്.—കൃത്യം അഞ്ച് മണിയോടെ കൊട്ടിക്കലാശത്തിന് പരിസമാപ്തിയായി.—
കൂറ്റനാട്: തൃത്താല മേഖലയില്‍ പല കേന്ദ്രങ്ങളിലും കലാശത്തിന്റെ മുന്നോടിയായി സ്ഥാനാര്‍ത്ഥികള്‍ നാസിക് ഡോളിന്റെയും, ബൈക്ക് റാലിയുടേയും അകമ്പടിയോടെ പടുകൂറ്റന്‍ പ്രകടനങ്ങള്‍ നടത്തി. തൃത്താല മണ്ഡലത്തിലെ കൂറ്റനാട്, പട്ടിത്തറ, ആലൂര്‍, പടിഞ്ഞാറങ്ങാടി, കുമരനല്ലൂര്‍, കുമ്പിടി, കൂടല്ലൂര്‍, കപ്പൂര്‍, ചാലിശ്ശേരി, തിരുമിറ്റക്കോട്, കറുകപുത്തൂര്‍, മേഴത്തൂര്‍, തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം വാദ്യഘോഷത്തിന്റെ അകമ്പടിയോടെ കൊട്ടികലാശം നടന്നു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ബൈക്ക് റാലികളായിരുന്നു പ്രചാരണത്തിന്റെ പ്രധാന കാഴ്ച.
എല്ലായിടത്തും സമാധാന പരമായിട്ടാണ് കലാശചടങ്ങുകള്‍ നടന്നത്. എല്‍—ഡി എഫ്, യു ഡി എഫ് കക്ഷികള്‍ക്ക് പുറമെ ബി ജെ പി, പി ഡി പി, എസ് ഡി പി ഐ കക്ഷികളുടെ പ്രചാരണ വാഹനങ്ങളും നിരത്തുകളെ ശബ്ദഘോഷം കൊണ്ട് മുകരിതമാക്കി. കൊട്ടുപാട്ടുകളുടെ ഈണവുമായി എത്തിയ പ്രചാരണ വാഹനങ്ങളില്‍ ചെറുപ്രാസംഗികരും കൂട്ടായുണ്ടായിരുന്നു. എന്നാല്‍ നിരത്തുകളില്‍ വാഹന പ്രചാരണം തകൃതിയായി നടക്കുമ്പോള്‍ എല്‍ ഡി എഫും യു ഡി എഫ് പ്രവര്‍ത്തകരും വീടുകള്‍ കയറിയിറങ്ങി വോട്ടിംഗ് യന്ത്രങ്ങളും ചിഹ്നങ്ങളും വോട്ടുചെയ്യേണ്ടുന്ന വിധവും പരിചയപ്പെടുത്തുന്നുമുണ്ടായിരുന്നു. മുപ്പതും നാല്‍പ്പതും പേരടങ്ങുന്ന ചെറുസംഘങ്ങള്‍ ജാഥയായാണ് വീടുകള്‍ കയറിയിറങ്ങിയത്. ആനക്കര പഞ്ചായത്തിലെ വാശിയേറിയ മത്സരം നടക്കുന്ന 2,11,12,13, വാര്‍ഡുകളിലാണ് വീടുകയറി പ്രചാരണം നടത്താന്‍ ആള്‍ക്കൂട്ടമുളളത്. രണ്ടും മൂന്നും ബാച്ചുകളായിട്ടാണ് പ്രചാരണം നടന്നത്. മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് ആനക്കര പഞ്ചായത്തിലാണ് കടുത്ത മത്സരം നടക്കുന്നത്. നിലവില്‍ യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്താണിത്.
പത്ത് വര്‍ഷമായിഭരണം കൈയ്യാളുന്ന യു ഡി എഫില്‍ നിന്ന് ഇത്തവണ ഭരണം തിരിച്ച് പിടിക്കുന്നതിന്റെ ഭാഗമായി സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മമ്മിക്കുട്ടി, ജില്ലാ കമ്മറ്റി അംഗം പി എന്‍.—മോഹനന്‍ എന്നിവരുടെ നേത്യത്വത്തിലാണ് പ്രചാരണം.