യു പി നല്‍കുന്ന മുന്നറിയിപ്പ്

Posted on: November 4, 2015 6:00 am | Last updated: November 4, 2015 at 12:53 am
SHARE

SIRAJ.......മതേതര ഇന്ത്യക്ക് ആശ്വാസമേകുന്നതാണ് ഉത്തര്‍ പ്രദേശ് ജില്ലാ പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും തിരഞ്ഞെടുപ്പ് ഫലം. സാധാരണക്കാരെ വിസ്മരിച്ച മന്‍മോഹന്‍ സര്‍ക്കാറിന്റെ ഭരണ നയങ്ങളോടുള്ള പ്രതിഷേധ സൂചകമായും വിലക്കെടുത്ത മാധ്യമങ്ങളുടെ സഹായത്തോടെ നരേന്ദ്ര മോദി അണിഞ്ഞ വികസന നായകന്റെ പരിവേഷത്തില്‍ വഞ്ചിതരായും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയെ പിന്തുണച്ച ദളിത്, ന്യൂനപക്ഷങ്ങള്‍ യാഥാര്‍ഥ ബോധത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നതിന്റെ സുചനയായാണ് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ 80ല്‍ 71 ഉം നേടി അഭൂതപൂര്‍വമായ മുന്നേറ്റം കാഴ്ചവെച്ച ബി ജെ പി കനത്ത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പില്‍ നേരിട്ടത്. നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ ലക്‌നോ കേന്ദ്ര മന്ത്രി കല്‍രാജ് മിശ്രയുടെ ദേവ്‌റ തുടങ്ങി സുപ്രധാന കേന്ദ്രങ്ങളിലടക്കം പാര്‍ട്ടി വളരെ പിറകോട്ട് പോയി. വാരാണസിയിലെ 48 സീറ്റുകളില്‍ 40 എണ്ണത്തിലും ബി ജെ പി പിന്തുണച്ച സ്ഥാനാര്‍ഥികള്‍ ദയനീയമായി തോറ്റു. ലക്‌നോവിലെ 28 സീറ്റുകളില്‍ നാലും ദേവ്‌റയിലെ 57 സീറ്റുകളില്‍ ഏഴെണ്ണവും മാത്രമേ പാട്ടിക്ക് നേടാനായുള്ളൂ. മോദി ദത്തെടുത്ത ജയാപുര്‍ ഗ്രാമത്തിലും ബി ജെ പി പിന്തുണയുള്ള സ്ഥാനാര്‍ഥി ദയനീയമായി പരാജയം ഏറ്റു വാങ്ങി. ജില്ലാ പഞ്ചായത്തുകളിലെ 3,112 സീറ്റുകളിലേക്കും ബ്ലോക്ക് പഞ്ചായത്തുകളിലെ 77,576 സീറ്റുകളിലേക്കുമാണ് അവിടെ തിരഞ്ഞെടുപ്പ് നടന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ സാധിക്കാതിരുന്ന മായാവതിയുടെ ബി എസ് പി അപ്രതീക്ഷിതമായ തിരിച്ചുവരവ് നടത്തിയെന്നതാണ് ശ്രദ്ധേയം. മിക്ക ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിലും അവര്‍ക്കാണ് മുന്‍തൂക്കം. പൊതുതിരഞ്ഞെടുപ്പില്‍ മതേതര കക്ഷികളെ കൈയൊഴിച്ചു എന്‍ ഡി എ യെ പിന്തുണച്ച ദളിതരുടെയും മതന്യൂനപക്ഷങ്ങളുടെയും പിന്തുണയാണ് ബി എസ് പിയുടെ തിരിച്ചുവരവിന് വഴിവെച്ചത്. പൊള്ളയായ വാഗ്ദാനങ്ങളിലൂടെയും വര്‍ഗീയ പ്രചാരണങ്ങളിലൂടെയും ദളിതരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞതാണ് പൊതുതിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ നേട്ടത്തിന് പിന്നില്‍. മോദി അധികാരത്തിലേറിയാല്‍ തങ്ങളുടെ ദൈന്യാവസ്ഥക്ക് പരിഹാരമാകുമെന്ന് അവര്‍ പ്രതീക്ഷിച്ചിരിക്കണം. എന്നാല്‍ പുതിയ ഭരണത്തില്‍ കൂടുതല്‍ ദൂരിതപൂര്‍ണമായ അവസ്ഥയെയാണ് അവര്‍ അഭിമുഖീകരിക്കുന്നത്. ദളിത് പീഡനം പൂര്‍വോപരി വര്‍ധിച്ചിരിക്കുകയാണ്. 1955ല്‍ 155 ദളിത് പീഡന കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോഴത് 1.38 ലക്ഷം കേസുകളായി വര്‍ധിച്ചിരിക്കുന്നു. ജാതി വ്യവസ്ഥക്ക് പരിപാവനത്വം കല്‍പ്പിക്കുന്ന സവര്‍ണര്‍ മൃഗങ്ങളെയെന്ന പോലെയാണ് ദളിതരെ കാണുന്നത്. പൊതുടാപ്പില്‍ നിന്ന് വെള്ളമെടുക്കുകയായിരുന്ന ദളിത് ബാലികയുടെ നിഴല്‍ അതുവഴി പോയ സവര്‍ണന്റെ മേല്‍ പതിഞ്ഞതിന് ബാലികക്ക് ക്രൂരമായി മര്‍ദനമേല്‍ക്കേണ്ടി വന്ന ദുരവസ്ഥയോളം രൂക്ഷത പ്രാപിച്ചിരിക്കുന്നു രാജ്യത്തെ ജാതിവെറി. പുതിയ ഭരണത്തില്‍ സ്ഥിതി കൂടൂതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ് രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ദളിത് പീഡനത്തിന്റെ നടുക്കുന്ന വാര്‍ത്തകള്‍ ബോധ്യപ്പെടുത്തുന്നത്.
സവര്‍ണ മേധാവിത്വത്തിന്റെ മറ്റൊരു അജന്‍ഡയായ ഗോവധ നിരോധവും ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്നത് ദളിതരെയാണ്. ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, ശൂദ്രര്‍, ദളിതര്‍ തുടങ്ങി ഹൈന്ദവ വിഭാഗത്തിലെ തന്നെ ബഹുഭൂരിഭാഗവും പശുവിന് ദിവ്യത്വം കല്‍പ്പിക്കാത്തവരും അവയുടെ മാംസം ഭക്ഷിക്കുന്നവരുമാണ്. ഉത്തരേന്ത്യയില്‍ മാട്ടിറച്ചി വ്യവസായവുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നവരില്‍ ഗണ്യവിഭാഗവും ദളിതരാണ്.
മാട്ടിറച്ചി കഴിച്ചുവെന്നാരോപിച്ചു യു പിയില്‍ ഒരാളെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അതിനിഷ്ഠൂരമായി വധിച്ച സംഭവം പൊതു സമൂഹത്തിലേല്‍പിച്ച ആഘാതം ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരിക്കണം. രാജ്യത്തിന്റെ സത്‌പേരിന് ഏറ്റവുമധികം ക്ഷതമേല്‍പ്പിച്ച സംഭവവുമായിരുന്നു അത്. സാംസ്‌കാരിക നായകന്മാരും സാഹിത്യ വിചക്ഷണരും ചിന്തകന്മാരും അതിനെതിരായ പ്രതിഷേധത്തല്‍ മുമ്പെങ്ങുമില്ലാത്ത വിധം കൂട്ടത്തോടെ പങ്കാളികളായിക്കൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലമിതാണ്. പ്രത്യേക സാഹചര്യത്തില്‍ ബി ജെ പി നേടിയ അപ്രതീക്ഷിത വിജയത്തിന്റെ അഹന്തയില്‍ രാജ്യത്തെ ജാതിവെറിയന്മാരും വര്‍ഗീയ ഫാസിസ്റ്റ് ശക്തികളും രാജ്യത്തെ പ്രാകൃത നൂറ്റാണ്ടുകളിലേക്ക് നയിക്കാനും സവര്‍ണാധിപത്യം അടിച്ചേല്‍പ്പിക്കാനും ഒരുമ്പെട്ടാല്‍ മതേതര ഭാരതത്തിന്റെയും ദളിത്, ന്യൂനപക്ഷങ്ങളുടെയും ഭാവി എന്താകുമെന്ന് ഗൗരവപൂര്‍വം ചിന്തിക്കേണ്ട സമയമാണിത്. യു പിയിലെ ജനങ്ങള്‍ ആ വഴിക്ക് ചിന്തിച്ചതിന്റെ പ്രതിഫലനമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെങ്കില്‍ അത് ശുഭോദര്‍ക്കമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here