Connect with us

Gulf

അറബ് പ്രസാധക സമ്മേളനത്തിന് ഉജ്വല തുടക്കം

Published

|

Last Updated

അറബ് പ്രസാധക സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിന് ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി എത്തിയപ്പോള്‍

ഷാര്‍ജ: രാജ്യാന്തര പുസ്തകമേളക്ക് മുന്നോടിയായി അറബ് പ്രസാധക സമ്മേളനത്തിന് ഉജ്വല തുടക്കം. വിമാനത്താവള റോഡിലെ ജവഹര്‍ റിസപ്ഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ 300ഓളം പ്രസാധകരും ബുദ്ധിജീവികളും ഗ്രന്ഥശാലാ പ്രതിനിധികളും പങ്കെടുത്തു.
ഇതാദ്യമായാണ് ജവഹര്‍ റിസപ്ഷന്‍ സെന്ററില്‍ പ്രസാധക സമ്മേളനം നടക്കുന്നത്. ആദ്യ രണ്ടുവര്‍ഷങ്ങളില്‍ പുസ്തകമേള വേദിയായ ഷാര്‍ജ എക്‌സ്‌പോ സെന്ററിലായിരുന്നു. ഉദ്ഘാടന ചടങ്ങില്‍ ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പങ്കെടുത്തു. എമിറേറ്റ്‌സ് പബ്ലിഷേര്‍സ് അസോസിയേഷന്‍ സ്ഥാപക ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി.
ഡിജിറ്റല്‍ യുഗത്തില്‍ പ്രസാധകര്‍ നേരിടുന്ന വെല്ലുവിളിയാണ് ചര്‍ച്ച ചെയ്തത്. പകര്‍പ്പവകാശ ലംഘനങ്ങളെക്കുറിച്ച് പ്രത്യേക സെഷന്‍ ഉണ്ടായിരുന്നു.
അറബ് പബ്ലിഷേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് ബൈദൂന്‍, ഇന്റര്‍നാഷണല്‍ പബ്ലിഷേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് ചാര്‍ക്കിന്‍ തുടങ്ങിയവര്‍ ഉദ്ഘാടന സെഷനില്‍ പങ്കെടുത്തു. സാമ്പത്തിക വളര്‍ച്ചക്കൊപ്പം സാംസ്‌കാരികവും വിജ്ഞാനാധിഷ്ഠിതവുമായ പുരോഗതി വേണമെന്ന് ശൈഖ ബുദൂര്‍ ചൂണ്ടിക്കാട്ടി.
സമ്മേളനം ഇന്ന് സമാപിക്കും. പ്രസാധക പങ്കാളിത്തം കണ്ടെത്തല്‍ പരിപാടിയും ജവഹര്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സിലായിരുന്നു. നിരവധി പ്രസാധകര്‍ പങ്കെടുത്തു.

Latest