Connect with us

Gulf

പതാക ദിനം ആചരിക്കാന്‍ ശൈഖ് മുഹമ്മദിന്റെ ആഹ്വാനം

Published

|

Last Updated

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പതാക ദിനം ആചരിക്കാന്‍ സ്വദേശികളോട് ആഹ്വാനം ചെയ്തു. മൂന്നിനാ(ചൊവ്വ)ണ് രാജ്യം പതാക ദിനം ആചരിക്കുന്നത്. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അധികാരം ഏറ്റെടുത്ത ദിനം കൂടിയാണ് നവംബര്‍ മൂന്ന്. രാജ്യത്തെ പൗരന്മാര്‍ക്കൊപ്പം ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളോടും പ്രാദേശിക സര്‍ക്കാരിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളോടും പതാക ദിനം ആചരിക്കാന്‍ ശൈഖ് മുഹമ്മദ് ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ ഐക്യത്തിന്റേയും ശക്തിയുടെയും മഹത്വത്തിന്റെയും ഒപ്പം അഭിലാഷങ്ങളുടെയും മികച്ച ഭാവിയുടെയുമെല്ലാം പ്രതീകമാണ് ദേശീയ പതാകയെന്ന് ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു.
രാഷ്ട്രശില്‍പികളായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനും ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂമും അവരുടെ സഹോദരന്മാരും രാഷ്ട്രം കെട്ടിപ്പടുക്കാന്‍ അനുഭവിച്ച ദുരിതങ്ങളും പ്രയ്തനവും ഓര്‍മപ്പെടുത്താനാണ് യു എ ഇ പതാക ദിനം ആചരിക്കുന്നത്. അവര്‍ സര്‍വതും ത്യജിച്ചത് രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനായിരുന്നു. നാം നമ്മുടെ സഹോദരന്‍ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന് കീഴില്‍ അവര്‍ വെട്ടിത്തെളിച്ച പാതയിലൂടെ ധീരമായി മുന്നേറും. യു എ ഇയെ ലോകത്തിലെ മികച്ച രാജ്യമാക്കി മാറ്റാന്‍ ശൈഖ് ഖലീഫയുടെ പ്രയത്‌നത്തിനൊപ്പം നാം ചലിക്കും. ഈ അവസരത്തില്‍ രാജ്യത്തെ പൗരന്മാരോടുള്ള ബാധ്യതകള്‍ നാം പുനപരിശോധിക്കുകയാണ്.
രാജ്യത്തെയും പൗരന്മാരെയും സേവിക്കുകയെന്നുള്ളത് നമ്മുടെ ഏറ്റവും പ്രാഥമികമായ കടമയാണ്. എല്ലാ മേഖലയിലും നമ്മുടെ പതാക ഉയരത്തില്‍ പറക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതിനായുള്ള പ്രയത്‌നമാണ് ശൈഖ് ഖലീഫയുടെ നേതൃത്വത്തിന് കീഴില്‍ നടത്തുന്നത്. പുതുതായി റെക്കാര്‍ഡ് ചെയ്ത ദേശീയ ഗാനത്തിന്റെ മ്യൂസിക് സ്വദേശി സമൂഹത്തിന്റെ ദേശീയത പ്രതിഫലിക്കുന്നതാണ്. രാജ്യത്തോടുള്ള കൂറും സ്‌നേഹവും അര്‍പണബോധവും സ്ഫുരിക്കുന്നതും രാജ്യത്തിന് സേവനം ചെയ്യാന്‍ പ്രേരണ നല്‍കുന്നതുമാണെന്നും ശൈഖ് മഹുമ്മദ് പറഞ്ഞു.
പതാക ദിനത്തിന്റെ ഭാഗമായി അടുത്തിടെ റെക്കാര്‍ഡ് ചെയ്ത ദേശീയ ഗാനത്തിന്റെ മ്യൂസിക് ഉപയോഗിക്കാനും ശൈഖ് മുഹമ്മദ് അനുമതി നല്‍കിയിട്ടുണ്ട്. ഫെഡറല്‍-പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാനാണ് അനുമതി.