പ്രഖ്യാപനം വന്ന് നാലരവര്‍ഷമായിട്ടും മലയാളം ഒന്നാംഭാഷയായില്ല

Posted on: November 1, 2015 12:33 am | Last updated: November 1, 2015 at 12:33 am
SHARE

malayalam emblomകൊച്ചി: ഭാഷാടിസ്ഥാനത്തില്‍ കേരളം പിറവി കൊണ്ടതുമുതല്‍ ഉയര്‍ന്ന് വന്നതാണ് മലയാളത്തെ ഭരണഭാഷയാക്കണമെന്നും നിര്‍ബന്ധിത ഒന്നാംഭാഷയാക്കണമെന്നുള്ള ഭാഷാസ്‌നേഹികളുടെ മുറവിളി. എന്നാല്‍ നാലരപതീറ്റാണ്ടുകള്‍ക്ക് ശേഷവും ഭരണഭാഷാമാറ്റം പൂര്‍ണ്ണമായില്ല. മലയാളത്തെ ഒന്നാംഭാഷയാക്കിയുള്ള ഉത്തരവാകട്ടെ നാലര വര്‍ഷം പിന്നിട്ടിട്ടും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മക നടപടികള്‍ കൈക്കൊണ്ടിട്ടുമില്ല. 59ാമത് കേരളപ്പിറവി ഇന്ന് സംസ്ഥാനം ആഘോഷിക്കുമ്പോള്‍ മലയാളത്തോടുള്ള ഈ അവഗണനകളാണ് സര്‍ക്കാരിനെതിരെ മുഖം തിരിഞ്ഞ് നില്‍ക്കുന്നത്.ഒന്നാംഭാഷാ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ചരിത്രത്തിലാദ്യമായി കേരളപ്പിറവി ദിനം ബഹിഷ്‌ക്കരിച്ചിരിക്കുകയാണ് ബഹുഭൂരിഭാഗം എഴുത്തുകാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും.
ഭാഷാസ്‌നേഹികള്‍ ഒട്ടേറെ കാലമായി നടത്തിവന്ന പ്രചാരണത്തിന്റെയും സമ്മര്‍ദത്തിന്റെയും ഭാഗമായി 2011 മെയ് ആറിനാണ് അന്നത്തെ സര്‍ക്കാര്‍ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയായി ഉത്തരവിറക്കിയത്.എല്‍ ഡി എഫ് സര്‍ക്കാറിന്റെ അവസാനകാലയളവില്‍ യു ഡി എഫ് ഉള്‍പ്പെടെ സര്‍വകക്ഷി ജനപ്രതിനിധികളുടെ പിന്തുണയോടെയായിരുന്നു ഉത്തരവ് ഇറങ്ങിയത്. ഇതനുസരിച്ച് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സി ബി എസ് ഇ ഉള്‍പ്പെടെ എല്ലാ വിദ്യാലയങ്ങളിലും മലയാളപഠനം നിര്‍ബന്ധമാക്കുന്നതായിരുന്നു ഉത്തരവ്. പൊതുവിദ്യാലയങ്ങളില്‍ പത്താംതരം വരെ എല്ലാ വിദ്യാര്‍ഥികളും മൂന്ന് പിരീയഡെങ്കിലും മലയാളം നിര്‍ബന്ധമായി പഠിച്ചിരിക്കണം. കന്നഡ, തമിഴ്, ഗുജറാത്തി എന്നിവ മാതൃ’ഭാഷയായുള്ള വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന് ഈ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. അറബി, സംസ്‌കൃതം ‘ഭാഷകള്‍ പഠിപ്പിക്കുന്ന സ്‌കൂളുകളിലും പാര്‍ട്ട് രണ്ടില്‍ രണ്ടാം പേപ്പറായി മലയാളം പഠിപ്പിക്കണം.മലയാളം അധികമായി പഠിപ്പിക്കേണ്ടിവരുന്ന സ്‌കൂളുകളില്‍ ടീച്ചേഴ്‌സ് ബേങ്കില്‍നിന്നോ ദിവസവേതനാടിസ്ഥാനത്തിലോ അധ്യാപകരെ നിയമിക്കണം.
എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം പീരിയഡുകള്‍ ക്രമീകരിക്കാനോ പുതിയ അധ്യാപകനെ നിശ്ചയിക്കാനോ ഒരു സ്‌കൂളുകളും തയ്യാറായിട്ടില്ല.ഓറിയന്റല്‍ സ്‌കൂളുകളും സി ബിഎസ് ഇ, ഐ സി എസ ്ഇ വിദ്യാലയങ്ങളും ഈ ഉത്തരവ് കാറ്റില്‍ പറത്തി.
പൊതുവിദ്യാലയങ്ങളിലിപ്പോഴും ഇംഗ്ലീഷിനാണ് കൂടുതല്‍ പിരീഡുകള്‍ മാറ്റിവെച്ചത്.ആഴ്ച്ചയില്‍ ആറ് പിരീഡ് ഇംഗ്ലീഷിനായി മാറ്റിവെക്കുമ്പോള്‍ പകുതി പിരീഡെങ്കിലും മലയാളം പഠിപ്പിക്കണമെന്നാണ് ഉത്തരവ് പറയുന്നത്. ഇത്തരം നടപടികളൊന്നും സ്‌കൂളുകള്‍ കൈക്കൊണ്ടില്ലെന്ന് മാത്രമല്ല ഇത് നടപ്പാക്കാനുള്ള നടപടി നാലരവര്‍ഷത്തിനിടയിലും സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായെടുത്തില്ല.
ഇതരസംസ്ഥാനങ്ങളെല്ലാം മാതൃഭാഷക്ക് വേണ്ടിയുള്ള സമഗ്ര നിയമം നടപ്പിലാക്കികഴിഞ്ഞപ്പോള്‍ കേരളത്തില്‍ ഇതിനുള്ള നടപടി ഇനിയും നിയമസഭകണ്ടിട്ടില്ല.പ്രതിഷേധങ്ങളുയര്‍ന്നപ്പോള്‍ 2013 അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കുമെന്ന് ഐക്യ മലയാളപ്രസ്ഥാനത്തോട് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. മലയാള നിയമമെന്ന പേരില്‍ 2013 ഡിസംബറില്‍ ഇതിനുള്ള കരട് ബില്ല് തയ്യാറാക്കുകയും ചെയ്‌തെങ്കിലും ഇതുവരെ അവതരിപ്പിക്കപ്പെട്ടിട്ടില്ല. ഒന്നാംഭാഷാ ഉത്തരവ് മാത്രമല്ല ,1969 ല്‍ നിയമമാക്കുകയും 1973 ല്‍ ഭേദഗതി വരുത്തുകയും ചെയ്ത ഭഔദ്യോഗിക ഭാഷാനിയമം പൂര്‍ണമായിട്ടില്ല. കോടതി ഭാഷ മലയാളമാക്കുന്നതിനുള്ള ഉത്തരവും ജസ്റ്റിസ് നരേന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ടും 2010 ലെ നിയമസഭ സമിതി റിപ്പോര്‍ട്ടും പൂര്‍ണമായി പ്രാവര്‍ത്തികമായിട്ടില്ല.
മലയാളഭാഷാ നിയമം ബില്ല് അവതരിപ്പിക്കപ്പെടാത്തത് ദുരൂഹമാണെന്നും ഇതിനു പിന്നില്‍ ഇംഗ്ലീഷ് മീഡിയം ലോബികളാണെന്ന് സംശയിക്കുന്നതായും ഐക്യ മലയാള പ്രസ്ഥാനം കണ്‍ വീനര്‍ എം വി പ്രദീപന്‍ സിറാജിനോട് പറഞ്ഞു. ഒന്നാംഭാഷാ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ മലയാള ഐക്യവേദി, മലയാള സമിതി, മലയാള സംരക്ഷണവേദി തുടങ്ങിയവയുടെ നേതൃത്വത്തില്‍ നിസ്സഹകരണ സമരത്തിന്‍ ഒ എന്‍ വിയും സുഗതകുമാരിയും കാവാലം നാരായണപ്പണിക്കരുമുള്‍പ്പെടെ നൂറോളം സാഹിത്യകാരന്‍മാരാണ് പങ്കാളിയാണ്. ഉത്തരവ് സംരക്ഷിക്കപ്പെടണമെങ്കില്‍ നിയമസഭ നിയമമാക്കി പാസാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here