വിധിയെഴുത്ത് വര്‍ഗീയതക്കും അക്രമ രാഷ്ട്രീയത്തിനുമെതിരെ

Posted on: October 31, 2015 11:36 pm | Last updated: November 2, 2015 at 12:29 am
SHARE

voteനവംബര്‍ രണ്ട്, അഞ്ച് തീയതികളിലായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് അതീവ രാഷ്ട്രീയ പ്രാധാന്യമുണ്ട്. സി പി എമ്മിന്റെ അക്രമരാഷ്ട്രീയവും ബി ജെ പി യുള്‍പ്പെടുന്ന സംഘ്പരിവാറിന്റെ വര്‍ഗീയ ഫാസിസവും ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ കക്ഷിയായ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യമുന്നണിയുടെ വികസന അജന്‍ഡയും തമ്മില്‍ മാറ്റുരക്കുന്ന ഈ തിരഞ്ഞെടുപ്പിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. ഈ നിര്‍ണായക ഘട്ടത്തില്‍ അക്രമ രാഷ്ട്രീയത്തെയും വര്‍ഗീയഫാസിസത്തെയും തള്ളിക്കളഞ്ഞുകൊണ്ട് കേരളത്തിലെ പ്രബുദ്ധരായ ജനസമൂഹം യു ഡി എഫിന്റെ ജന നന്‍മയിലധിഷ്ഠിതമായ വികസനഭരണത്തിന് പിന്നില്‍ അണിനിരക്കുമെന്ന പൂര്‍ണ വിശ്വാസമാണ് എനിക്കുള്ളത്.
ബി ജെ പിക്ക് ലഭിച്ച കേന്ദ്ര ഭരണത്തിന്റെ പിന്തുണയോടെ സംഘ്പരിവാര്‍ ശക്തികള്‍ കേരളത്തെ അവരുടെ വര്‍ഗീയ രാഷ്ട്രീയത്തിന് പുതിയ മേച്ചില്‍പ്പുറം ലഭിക്കാനുള്ള പരീക്ഷണ ശാലയായി മാറ്റാന്‍ ശ്രമിക്കുകയാണ്. തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഉത്തരേന്ത്യയില്‍ അവര്‍ കൈക്കൊണ്ട കുടിലവും ജുഗുപ്‌സാവഹവുമായ വര്‍ഗീയ ഫാസിസം ഇന്ന് രാജ്യത്തെ തന്നെ വിഴുങ്ങാന്‍ പോകുകയാണ്. അനവധി മതങ്ങളും ജാതികളും വിശ്വാസങ്ങളും ഒരു ചരടില്‍ കോര്‍ത്ത പുഷ്പങ്ങള്‍ പോലെ സഹവര്‍ത്തിത്വത്തോടെയും സമാധാനത്തോടെയും പുലര്‍ന്നിരുന്ന രാജ്യമാണ് ഇന്ത്യ. വൈവിധ്യങ്ങളായിരുന്നു എന്നും നമ്മുടെ ശക്തിയും കരുത്തും. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം മതേതര ജനാധിപത്യ ഇന്ത്യയുടെ അസ്തിവാരം തോണ്ടുന്ന തരത്തില്‍ നഗ്നമായ വര്‍ഗീയഫാസിസത്തെയാണ് അവര്‍ പാലൂട്ടി വളര്‍ത്തിക്കൊണ്ടിരിക്കുന്നത്. ആദ്യം രാമക്ഷേത്രം, ഇപ്പോഴിതാ ഗോവധവും. എന്ത് ഭക്ഷണം കഴിക്കണം, എന്ത് വിശ്വാസം സ്വീകരിക്കണം എന്നതെല്ലാം തികച്ചും വ്യക്തിപരമായ കാര്യമാണ്. ഇന്ത്യയുടെ മഹത്തായ ഭരണഘടന ഓരോ പൗരനും ഉറപ്പ് നല്‍കുന്ന സ്വാതന്ത്ര്യം കൂടിയാണിത്.
ഒരു ഭരണകൂടത്തിനും ഈ സ്വാതന്ത്ര്യത്തില്‍ കൈകടത്തുക സാധ്യമല്ല. അങ്ങനെ സംഭവിക്കുന്നപക്ഷം അത് നമ്മള്‍ ഇതേ വരെ കാത്ത് സൂക്ഷിച്ച, ദേശീയ പ്രസ്ഥാനകാലത്ത് ഗാന്ധിജിയും പണ്ഡിറ്റ്ജിയുമുള്‍പ്പെടെയുള്ള നമ്മുടെ നേതാക്കള്‍ അടിത്തറയിട്ട എല്ലാ മഹത്തായ മൂല്യങ്ങളുടെയും അസ്തമയമായിരിക്കും. ഒരിക്കലും അങ്ങനെ സംഭവിക്കാന്‍ പാടില്ല. ദാദ്രിയില്‍ തച്ചുകൊല്ലപ്പെട്ട നിസ്സഹായനായ മനുഷ്യന്റെ രോദനം നൂറ്റിയിരുപത് കോടി ഇന്ത്യക്കാരുടെയും കര്‍ണപുടങ്ങളില്‍ വീണുരുകുകയാണ്. മൃഗത്തിന്റെ പേരില്‍ മനുഷ്യനെ വെട്ടിക്കീറുന്ന ഈ വര്‍ഗീയ കോമരങ്ങള്‍ക്കെതിരെ ഇന്ത്യയുടെ മനഃസാക്ഷി ഒരുമിച്ചുയര്‍ന്ന് പ്രതികരിക്കേണ്ട സമയമായിരിക്കുന്നു.
ബീഫ് വിളമ്പിയെന്ന് കള്ളപ്രചാരണം നടത്തി കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ കേരളാ ഹൗസില്‍ അവിടുത്തെ പൊലീസ് നടത്തിയ റെയ്ഡ് എല്ലാ ജനാധിപത്യമര്യാദകളുടെയും ലംഘനവും ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിന്റെ കടക്കല്‍ കത്തിവെക്കുന്നതുമായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം എല്ലാ കോണുകളില്‍ നിന്നുമുയര്‍ന്നുവെന്നത് ആശാവഹമായ കാര്യമാണ്. ഇതില്‍ ശക്തമായി പ്രതിഷേധിച്ചു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ഡല്‍ഹി ലഫ്റ്റന്റ് ഗവര്‍ണര്‍ക്കും ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ ഞാന്‍ കത്തയക്കുകയുമുണ്ടായി. തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ട് ഉത്തരേന്ത്യയില്‍ കൈക്കൊണ്ട വര്‍ഗീയ വിഷക്കാറ്റിനെ കേരളത്തിലേക്കും വ്യാപിപ്പിക്കാന്‍ അമിത്ഷാ കൂട്ടുകെട്ട് തന്ത്രങ്ങള്‍ മെനയുകയാണ്. മതനിരപേക്ഷതയിലും മാനവിക മൂല്യങ്ങള്‍ പരിപാലിക്കുന്നതിലും ലോകത്തിനാകെ മാതൃകയാണ് കേരളസമൂഹം. ശ്രീനാരായണ ഗുരുവും, ചട്ടമ്പിസ്വാമികളും, വാഗ്ഭടാനന്ദ സ്വാമികളും അയ്യന്‍കാളിയും, ചാവറയച്ചനും പകര്‍ന്ന് തന്ന നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചമാണ് കേരളീയ സമൂഹത്തെ മുന്നോട്ട് നയിക്കുന്നത്.
ആരുടെയെങ്കിലും തോളില്‍ കൈയിട്ടുകൊണ്ട് ആ വെളിച്ചം കെടുത്തിക്കളയാമെന്നും വര്‍ഗീയാന്ധകാരത്താല്‍ ഈ നാടിനെ പുതപ്പിക്കാമെന്നും സംഘ്പരിവാര്‍ ശക്തികള്‍ കരുതുന്നുണ്ടെങ്കില്‍ കേരളത്തിലെ മതേതര വിശ്വാസികളായ ജനങ്ങള്‍ അവര്‍ക്ക് ചുട്ടമറുപടി നല്‍കും.

അമിത്ഷാ സംഘത്തിന്റെ വര്‍ഗീയ പരിപ്പ് കേരളത്തില്‍ വേവിക്കാന്‍ ശ്രമിച്ചാല്‍ ആ പരിപ്പും, കലവും , അടുപ്പും കേരളത്തിലെ മതേതര വിശ്വാസികളായ ജനങ്ങള്‍ എടുത്ത് അറബിക്കടലില്‍ എറിയുകയും ചെയ്യും.
കേരളത്തിലെ സി പി എം കൈക്കൊള്ളുന്ന അക്രമരാഷ്ട്രീയത്തിനെതിരെ മുഖമടച്ചുള്ള മറുപടിയായിരിക്കും ഈ തിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ അവര്‍ക്ക് നല്‍കുന്നത്. തലശ്ശേരിയിലെ ഫസല്‍ വധക്കേസില്‍ പ്രതികളായി സി ബി ഐ കണ്ടെത്തിയ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഈ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനവസരം നല്‍കിയ സി പി എം അക്രമരാഷ്ട്രീയത്തിലുള്ള തങ്ങളുടെ അടങ്ങാത്ത വിശ്വാസമാണ് വെളിപ്പെടുത്തിയത്. രാഷ്ട്രീയ അരുംകൊലകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് തങ്ങളുടെ പാര്‍ട്ടിയില്‍ എന്നും സ്ഥാനമുണ്ടായിരിക്കുമെന്ന സന്ദേശമാണ് അവര്‍ കേരളീയ സമൂഹത്തിന് നല്‍കുന്നത്. ഏറ്റവും നന്നായി പൊതുപ്രവര്‍ത്തനം നടത്തുന്നവര്‍ക്കാണ് കോണ്‍ഗ്രസ് പോലുള്ള ജനാധിപത്യ കക്ഷികള്‍ മത്സരിക്കാന്‍ സീറ്റ് നല്‍കുന്നതെങ്കില്‍ ഏറ്റവും നന്നായി കൊലപാതകങ്ങള്‍ നടത്തുന്നവരെയാണ് സി പി എം അതിനായി തിരഞ്ഞെടുക്കുന്നത്. നാളെ ടി പി ചന്ദ്രശേഖരന്‍ കൊലപാതകക്കേസിലെ പ്രതികളായ കൊടി സുനിയെയും, കിര്‍മാണി മനോജിനെയുമൊക്കെ നിയമസഭയിലേക്കോ, പാര്‍ലമെന്റിലേക്കോ സി പി എം മത്സരിപ്പിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അവ നടപ്പിലാക്കുകയും ചെയ്യുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ് സി പിഎമ്മിന്റെ ഈ ജനാധിപത്യ വിരുദ്ധ നടപടി. ക്രിമിനലുകള്‍ മാന്യന്‍മാരും ക്രിമിനല്‍ രാഷ്ട്രീയം മഹത്തരവുമാകുന്ന വികലവും അപകടകരവുമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാടാണ് സി പി എം മുന്നോട്ട്‌വെക്കുന്നത്. ഈ കാഴ്ചപ്പാടിനെ ചവറ്റുകൊട്ടയിലേക്ക് തള്ളുന്ന ഒരു ജനവിധിയായിരിക്കും വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ നല്‍കുക.
വര്‍ഗീയ ഫാസിസവും അക്രമരാഷ്ട്രീയവും ഒരു പോലെ എതിര്‍ക്കപ്പെടേണ്ടതാണ്. രണ്ടും ജനാധിപത്യവിരുദ്ധവും മാനവിക വിരുദ്ധവുമാണ്. ഒന്ന് മതത്തിന്റെ പേരില്‍ മനുഷ്യരെ കൂട്ടക്കശാപ്പ് ചെയ്യുമ്പോള്‍ അടുത്തത് രാഷ്ട്രീവൈരത്തിന്റെ പേരില്‍ നിരപരാധികളെ കൊന്ന് തള്ളുന്നു. കേരളം പോലെ ഉന്നതമായ ജനാധിപത്യ- മതേതര -മാനവിക സങ്കല്‍പ്പങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പരിഷ്‌കൃത സമൂഹത്തില്‍ ഈ രണ്ട് വിപത്തുകള്‍ക്കും സ്ഥാനമില്ല. വര്‍ഗീയക്കോമരങ്ങളെ പുറന്തള്ളുകയും രാഷ്ട്രീയ ക്രിമിനലുകളെ പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് ഓരോ മലയാളിയുടെയും ഉത്തരവാദിത്വമാണ്.
ആ ദൗത്യം നിറവേറ്റാനുള്ള സുവര്‍ണാവസരമായി കേരളത്തിലെ ജനാധിപത്യ കാംക്ഷികളായ ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ കാണും എന്നെനിക്കുറപ്പുണ്ട്. മതേതരത്വവും ബഹുസ്വരതയും അക്രമരാഹിത്യവും ഒരു സമൂഹത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയിലെ നിര്‍ണായക ഘടകങ്ങളാണ്. ഭാവിയിലേക്ക് ചൂണ്ടുപലകയാകുന്ന, കേരളത്തെ വളര്‍ച്ചയുടെ പുത്തന്‍ പാന്ഥാവിലേക്ക് നയിക്കുന്ന വികസന അജന്‍ഡയുമായാണ് കോണ്‍ഗ്രസും യു ഡി എഫും ജനങ്ങളുടെ മുന്നിലേക്കെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here