ദുബൈ ആംബുലന്‍സിന് അതിവേഗ സൂപ്പര്‍ കാര്‍

Posted on: October 31, 2015 2:40 pm | Last updated: October 31, 2015 at 2:40 pm
car
ദുബൈ കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസിന്റെ അതിവേഗ സൂപ്പര്‍ കാര്‍

ദുബൈ: അതിവേഗ സൂപ്പര്‍ കാറുമായി ഡി സി എ എസ് (ദുബൈ കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസ്). അപകടങ്ങളിലും ഗുരുതരമായ രോഗാവസ്ഥയിലുമുള്ളവരെ ആശുപത്രികളിലെത്തിക്കാനായാണ് ഡി സി എ എസ് അത്യാധുനിക സൂപ്പര്‍ കാര്‍ സ്വന്തമാക്കിയിരിക്കുന്നത്.
അപകട സ്ഥലത്ത് അതിവേഗം കുതിച്ചെത്തി പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും പുതിയ വാഹനം സഹായകമാകുമെന്നാണ് ഡി സി എ എസ് പ്രതീക്ഷിക്കുന്നത്. കാര്‍ഡിയാക് മോണിറ്ററുകള്‍ ഉള്‍പെടെയുള്ള സജ്ജീകരണങ്ങളോട് കൂടിയതാണ് കാര്‍. കഴിഞ്ഞ വര്‍ഷം നടത്തിയ പരിശീലനയോട്ടത്തില്‍ ഡി സി എ എസ് ആസ്ഥാനത്ത് നിന്ന് മൂന്ന് മിനിറ്റിനകം ശൈഖ് സായിദ് റോഡിലെത്താന്‍ സാധിച്ചിരുന്നു. അന്ന് അപകടത്തില്‍പെട്ടയാളുടെ നില അതീവ ഗുരുതരമായിരുന്നു. ഇയാളെ പരിശോധിച്ച ശേഷം ഹോസ്പിറ്റലിലേക്ക് മാറ്റി. വാഹനാപകടങ്ങള്‍ ഉള്‍പെടെയുള്ളവയില്‍ സമയം ഏറെ പ്രാധാന്യമുള്ള ഘടകമായതിനാലാണ് അതിവേഗ കാറുകള്‍ ഡി സി എ എസ് സ്വന്തമാക്കിയത്. വാഹനത്തില്‍ വേഗത്തിലുള്ള വാര്‍ത്താ വിനിമയം സാധ്യമാക്കാനാവശ്യമായ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് ഡി സി എ എസ് വക്താവ് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച അവസാനിച്ച ജൈറ്റെക്‌സ് സാങ്കേതിക വാരത്തില്‍ കാര്‍ പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. ഡി സി എ എസിന് കീഴില്‍ 200 വിവിധ മോഡലുകളിലുള്ള ആംബുലന്‍സുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ മൂന്ന് കാഷ്വാലിറ്റി ബസുകളും ഉള്‍പെടുമെന്നും അദ്ദേഹം പറഞ്ഞു.