Connect with us

Thrissur

കെ പി വിശ്വനാഥന്റെ രാജി സ്വീകരിച്ചത് തെറ്റായിപ്പോയി: ഉമ്മന്‍ചാണ്ടി

Published

|

Last Updated

തൃശൂര്‍: മന്ത്രി കെ പി വിശ്വനാഥനെതിരെ കോടതി പരാമര്‍ശമുണ്ടായപ്പോള്‍ നിയമസഭയില്‍ ചോദ്യവും ബഹളവുമുണ്ടായിരുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൃശൂര്‍ പ്രസ് ക്ലബിന്റെ നിലപാട് 2015ല്‍ പങ്കെടുത്ത് സംസാരിക്കേെവ അദ്ദേഹം പറഞ്ഞു. വിശ്വനാഥന്റെ രാജി എനിക്ക് സ്വീകരിക്കേണ്ടി വന്നു. പിന്നീട് 12 വര്‍ഷങ്ങള്‍ക്കു ശേഷം വിശ്വനാഥന്‍ കുറ്റവിമുക്തനായി. അന്ന് രാജി സ്വീകരിച്ചു കൊണ്ട് അദ്ദേഹത്തോട് ചെയ്ത തെറ്റ് ഞാനിപ്പോള്‍ തിരിച്ചറിയുന്നു. 2011ല്‍ ഞാന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ് മൂന്ന് മാസങ്ങള്‍ക്കുള്ളിലാണ് പാമോയില്‍ കേസ് അവസാനിപ്പിക്കാനുള്ള ഹരജി കോടതി തള്ളിയത്. രാജിക്ക് വേണ്ടി മുറവിളിയുണ്ടായിട്ടും രാജി ആവശ്യമില്ലെന്നാണ് പാര്‍ട്ടി പറഞ്ഞത്. പിന്നീട് ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധിയുണ്ടായി. അന്ന് ഞാന്‍ രാജിവച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. വി എസ് സര്‍ക്കാര്‍ പ്രത്യേക വിജിലന്‍സ് സംഘത്തെ നിയോഗിച്ച് അന്വേഷിച്ച കേസാണിത്. ടൈറ്റാനിയം കേസില്‍ കക്ഷിയല്ലാതിരുന്നിട്ടും എന്നെ പ്രതിയാക്കിയപ്പോള്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കി. പിന്നീട് മുഖ്യമന്ത്രി പ്രതിയല്ല എന്ന് ചെറിയ രൂപത്തില്‍ കൊടുത്തു. നേരത്തെ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതില്‍ ഒരു പത്രം മാത്രം ഖേദം പ്രകടിപ്പിച്ചു. കോടതി ഉത്തരവ് ശരിക്ക് പഠിക്കാതെ വാര്‍ത്ത കൊടുക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
സര്‍ക്കാറിന്റെ മദ്യനയത്തിലും ബാര്‍ നിയന്ത്രണത്തിലും ജനങ്ങളില്‍ പലര്‍ക്കും അസംതൃപ്തിയുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ പ്രത്യേക വിജിലന്‍സ് കോടതി വിധി വരാനിടയായതില്‍ പ്രതിപക്ഷത്തിന്റെ സ്വാധീനമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. മാധ്യമങ്ങളില്‍ കോടതി പറയാത്ത കാര്യങ്ങള്‍ പലതും വരുന്നുണ്ട്. കോടതി ഉത്തരവ് വായിച്ചു നോക്കാതെയാണ് പലരും റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിടുക മാത്രമാണ് കോടതി ചെയ്തത്. മാണി കുറ്റക്കാരനാണെന്ന് പറഞ്ഞിട്ടില്ല. അതിനാല്‍ത്തന്നെ രാജി വിഷയം ഇപ്പോള്‍ ഉദിക്കുന്നില്ല. കോടതിയില്‍ അപ്പീല്‍ പോകുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. കേസില്‍ കോടതി വിധിയായാലും ജനവിധിയായാലും അംഗീകരിക്കും.
സര്‍ക്കാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഇതാദ്യമായിട്ടല്ല. മന്ത്രിസഭയിലെ രണ്ട് പേര്‍ മൂത്രമൊഴിക്കാന്‍ പോയാല്‍ സര്‍ക്കാര്‍ വീഴുമെന്ന് വരെ പറഞ്ഞുണ്ടാക്കി. ആരും മൂത്രമൊഴിക്കാന്‍ പോകാതിരിക്കുന്നതു കൊണ്ടാണോ സര്‍ക്കാര്‍ വീഴാത്തതെന്ന മുഖ്യമന്ത്രിയുടെ ചോദ്യം മാധ്യമ പ്രവര്‍ത്തകരില്‍ ചിരിയുണര്‍ത്തി. അഴിമതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എന്നാല്‍ ആരും ഇരയാകുന്നത് അനുവദിക്കില്ല. അഴിമതി ആരോപണമുയര്‍ത്തി വികസന പദ്ധതികളെ അട്ടിമറിക്കാനും സമ്മതിക്കില്ല. യു ഡി എഫ് ഐക്യത്തോടെയാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒറ്റപ്പെട്ട വിമത പ്രശ്‌നവും മറ്റും ഉയര്‍ത്തിക്കാട്ടി മാധ്യമങ്ങള്‍ അതിശയോക്തിപരമായി വാര്‍ത്ത നല്‍കുകയാണ്. സി പി എമ്മിന്റെ അക്രമ-നിഷേധാത്മക നിലപാടുകള്‍ അവര്‍ക്ക് തിരിച്ചടിയാകും. നമ്മുടെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും എതിരായി ബി ജെ പി ഉയര്‍ത്തുന്ന വര്‍ഗീയ നിലപാടുകള്‍ കേരളം തള്ളിക്കളയുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest