ഒടുവില്‍ ഗ്വാണ്ടനാമോയില്‍ നിന്ന് ആമിറിന് മോചനം, ചോദ്യങ്ങള്‍ ബാക്കി

Posted on: October 31, 2015 6:00 am | Last updated: October 31, 2015 at 12:52 am
SHARE

3032ലണ്ടന്‍: പതിമൂന്ന് വര്‍ഷത്തെ വിചാരണയില്ലാത്ത തടവിന് ശേഷം ബ്രിട്ടീഷ് സ്വദേശിയായ അവസാന തടവുകാരനും ഗ്വാണ്ടനാമോ ജയിലില്‍ നിന്ന് മോചിതനായി. ക്യൂബയിലെ ഗ്വാണ്ടനാമോ ദ്വീപിലെ കുപ്രസിദ്ധമായ യു എസ് ജയിലില്‍ നിന്ന് ശാക്കിര്‍ ആമിര്‍ (46)ആണ് മോചിതനായത്. യു എസ് സൈനിക വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ആമിറിനെ ലണ്ടനിലേക്ക് കൊണ്ടു പോയി. 2002ലാണ് സഊദി പൗരനും ലണ്ടനില്‍ താമസക്കാരനുമായ ആമിറിനെ ഗ്വാണ്ടനാമോയില്‍ അടച്ചത്. ഇയാള്‍ക്കെതിരെ ഒരിക്കല്‍ പോലും കുറ്റം ചുമത്തുകയോ വിചാരണ നടത്തുകയോ ചെയ്തിരുന്നില്ല. 2001ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ആമിറിനെ അറസ്റ്റ് ചെയ്തത്. താലിബാന്‍ സംഘത്തിന് നേതൃത്വം നല്‍കുകകയായിരുന്നു ആമിറെന്നും ഈ സംഘം അന്നത്തെ അല്‍ ഖാഇദ നേതാവ് ഉസാമാ ബിന്‍ ലാദനുമായി ബന്ധപ്പെട്ടിരുന്നുവെന്നും ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. ആമിറും കുടുംബവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് അഫ്ഗാനില്‍ എത്തിയതെന്ന് വ്യക്തമാക്കിയിട്ടും യു എസ് അധികൃതര്‍ അദ്ദേഹത്തെ ഗ്വാണ്ടനാമോയില്‍ അടക്കുകയായിരുന്നു.
2007 മുതല്‍ രണ്ട് തവണ ആമിറിന്റെ മോചനത്തിന് വഴിയൊരുങ്ങിയിരുന്നു. ഏറ്റവുമൊടുവില്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമ നേരിട്ട് ഇടപെട്ടിരുന്നു. എന്നാല്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് മോചനം വൈകി. ആമിറിന്റെ ഭാര്യക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട്. ഒന്നര പതിറ്റാണ്ട് നീണ്ട ജയില്‍ വാസത്തിന്റെ ഇരുട്ടില്‍ നിന്ന് കുടുംബ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് ആമിര്‍ പ്രവേശിക്കുമ്പോള്‍ നിരവധി ചോദ്യങ്ങള്‍ ബാക്കിയാകുന്നുണ്ട്. ബ്രിട്ടന്‍ ഔദ്യോഗികമായി തന്നെ ഇടപെട്ടിട്ടും ആമിറിന്റെ മോചനം വൈകിയത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഏറ്റവും പ്രധാനം. ഇക്കാര്യത്തില്‍ വ്യക്തമായ അന്വേഷണം ആവശ്യപ്പെട്ട് നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഗ്വാണ്ടനാമോയില്‍ സി ഐ എ നടത്തുന്ന അതിക്രൂരമായ പീഡനങ്ങള്‍ സംബന്ധിച്ച് ആമിര്‍ നടത്തുന്ന വെളിപ്പെടുത്തലുകള്‍ നിര്‍ണായകമാകും. ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന് കൂട്ടനശീകരണ ആയുധങ്ങള്‍ എത്തിച്ചു കൊടുത്തയാളെന്നാരോപിച്ച് ഗ്വാണ്ടനാമോയിലടച്ച ലിബിയന്‍ പൗരന്‍ അടക്കമുള്ളവര്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് പുതിയ അന്വേഷണത്തിന് ആവശ്യമുയരും. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികളായ എം15ഉം എം16ഉം സി ഐ എയുമായി കൈകോര്‍ത്ത് പീഡനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നത് സംബന്ധിച്ച് 2010ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണും ഇത്തരം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആമിറിനെ ശിഷ്ട കാലം ബ്രിട്ടനില്‍ കഴിയുമോ സഊദിയിലേക്ക് പോകേണ്ടി വരുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വരും ദിവസങ്ങളിലേ വ്യക്തമായ ഉത്തരം ലഭിക്കുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here