മാണി രാജിവെക്കണം: യെച്ചൂരി

Posted on: October 30, 2015 10:09 pm | Last updated: October 31, 2015 at 1:09 am
SHARE

ന്യൂഡല്‍ഹി: ബാര്‍കോഴ കേസില്‍ കോഴ വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വിജിലന്‍സ് കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ ധനമന്ത്രി കെ എം മാണി രാജിവെണമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിനുള്ള യു ഡി എഫ് സര്‍ക്കാറിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടപ്പെട്ടുവെന്നും പൊളിറ്റ് ബ്യൂറോ തീരുമാനങ്ങള്‍ വിശദീകരിക്കവെ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേരളം കണ്ട ഏറ്റവും വഴിയ അഴിമതി സര്‍ക്കാറാണ് ഉമ്മന്‍ ചാണ്ടിയുടെതെന്നും നിലവിലെ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ തുടരുന്നത് സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തിനു അപമാനകരമാണെന്നും യെച്ചൂരി പറഞ്ഞു.
കേരളത്തില്‍ പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി നീങ്ങുന്നത് സന്തോഷകരമാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് യെച്ചൂരി പ്രതികരിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. അടുത്ത സര്‍ക്കാറിനെ ആര് നയിക്കണമെന്നത് ജനങ്ങള്‍ വിധി എഴുതിയശേഷം തീരുമാനിക്കാം.
എല്‍ ഡി എഫിന്റെ വിജയത്തെക്കുറിച്ച് തനിക്ക് ശുഭപ്രതീക്ഷയാണെന്നും എന്നാല്‍ ജനാധിപത്യത്തില്‍ വിധികര്‍ത്താക്കള്‍ ജനങ്ങളാണ്. ജനവിധിയാണ് അന്തിമമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here