ഇന്ദിരാ ഗാന്ധിയെ കുറിച്ചുള്ള പ്രസംഗ മത്സരം ശ്രദ്ധേയമായി

Posted on: October 30, 2015 7:57 pm | Last updated: October 30, 2015 at 7:57 pm
SHARE

ഷാര്‍ജ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കുറിച്ച് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പ്രസംഗമത്സരം ശ്രദ്ധേയമായി.
ഇന്ദിരാഗാന്ധിയുടെ ചരമദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ അസോസിയേഷന്റെയും ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്‌കൂള്‍ അങ്കണത്തിലാണ് മത്സരം നടത്തിയത്. ഇതേ വിദ്യാലയത്തിലെ ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ 60 വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ‘ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി’ എന്നതായിരുന്നു വിഷയം. ആറു മിനിറ്റാണ് ഓരോ പ്രസംഗത്തിനും സമയം അനുവദിച്ചത്. വിദ്യാര്‍ഥികള്‍ സ്വയം തയ്യാറാക്കിയ ഇംഗ്ലീഷിലുള്ള പ്രസംഗം മികച്ച നിലവാരാമാണ് പുലര്‍ത്തിയത്.
ഇന്ദിരാഗാന്ധി ആരായിരുന്നുവന്നും അവര്‍ രാജ്യത്തിനു വേണ്ടി ചെയ്ത സേവനങ്ങള്‍ എന്തെല്ലാമായിരുന്നുവെന്നും മനസിലാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് മത്സരം വഴി സാധിച്ചു. ഇതാദ്യമായാണ് ഇത്തരമൊരു മത്സരം സ്‌കൂളില്‍ സംഘടിപ്പിച്ചത്. വിജയികളായവര്‍ക്ക് ഒന്നാം സമ്മാനമായി 1,000വും രണ്ടാം സമ്മാനം 600ഉം മൂന്നാം സമ്മാനം 400ഉം ദിര്‍ഹമാണ് നല്‍കുക. നാളെ ഇന്ത്യന്‍ അസോസിയേഷനില്‍ നടക്കുന്ന ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനത്തില്‍ സമ്മാനം വിതരണം ചെയ്യും.
അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍ കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍ പ്രസംഗിച്ചു. ബാബു വര്‍ഗീസ്, അഡ്വ. അജി കുര്യാക്കോസ്, മൊയ്തീന്‍, അഡ്വ. അബ്ദുല്‍ കരീം സംബന്ധിച്ചു.