അവിവോ ഗ്രൂപ്പ് മേഖലയില്‍ 110 കോടി മുതല്‍ മുടക്കും

Posted on: October 29, 2015 6:18 pm | Last updated: October 29, 2015 at 6:18 pm
SHARE

Image 02 - Amitava Ghosal - CEO & Executive Board Memeber at AVIVO GROUPദുബൈ: ആരോഗ്യരംഗത്ത് വികസിച്ചുവരുന്ന പ്രമുഖ ബ്രാന്റായ അവിവോ ഗ്രൂപ്പ് അടുത്ത രണ്ടുവര്‍ഷത്തിനിടയില്‍ 110 കോടി ദിര്‍ഹം മുതല്‍മുടക്കുമെന്ന് കമ്പനി ബോര്‍ഡ് അംഗവും സി ഇ ഒയുമായ അമിതാവ ഘോഷാല്‍ വ്യക്തമാക്കി. കമ്പനി ആസ്ഥാനത്ത് ഗ്രൂപ്പിന്റെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അവിവോ ഗ്രൂപ്പിന് കീഴില്‍ 32 ആരോഗ്യ സ്ഥാപനങ്ങളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ആശുപത്രികള്‍, 14 സ്‌പെഷ്യാലിറ്റി സെന്ററുകള്‍, എട്ട് അത്യാധുനിക സജ്ജീകരണങ്ങളുള്ള ഡെന്റല്‍ സെന്ററുകള്‍, ആറ് ഫാര്‍മസികള്‍, രണ്ട് ഡയഗ്നോസ്റ്റിക്‌സ് സെന്ററുകള്‍ എന്നിവയാണവ. ജി സി സി മേഖലയിലെ രാജ്യങ്ങളിലെല്ലാം ഗ്രൂപ്പ് വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് വരും വര്‍ഷങ്ങളില്‍ നടപ്പാക്കുക. നിലവിലെ 32 സ്ഥാപനങ്ങള്‍ 2016 അവസാനമാകുമ്പോഴേക്കും 50 ആയി ഉയര്‍ത്തുക ലക്ഷ്യമിട്ടാണ് 110 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കമ്പനി തയ്യാറെടുക്കുന്നത്. പ്രതിവര്‍ഷം 4.4 ശതമാനം വളര്‍ച്ചയാണ് ഗ്രൂപ്പിന് ഇപ്പോഴുള്ളത്. 2010ലാണ് അല്‍ മാസ ക്യാപിറ്റല്‍ ലിമിറ്റഡിന് കീഴില്‍ അവിവോ ഗ്രൂപ്പ് പ്രവര്‍ത്തനം തുടങ്ങിയത്. 2020 ആകുമ്പോഴേക്കും 6,940 കോടി യു എസ് ഡോളര്‍ ആസ്തിയുള്ള മേഖലയിലെ ഏറ്റവും മികച്ച ആരോഗ്യ സ്ഥാനങ്ങളില്‍ ഒന്നായി മാറാനാണ് കമ്പനി പരിശ്രമിക്കുന്നത്. ഡോ. മൈക്കിള്‍സുമായി മേഖലയില്‍ അവിവോ ഗ്രൂപ്പിന് സഹകരണമുണ്ട്. ഇത്തരം സ്ഥാപനങ്ങളുമായുള്ള സഹകരണം ഗ്രൂപ്പിന്റെ വികസനത്തിന് വേഗം കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 40 രാജ്യങ്ങളില്‍ നിന്നുള്ള 200ലധികം മെഡിക്കല്‍ പ്രൊഫഷണലുകളാണ് നിലവില്‍ ഗ്രൂപ്പിന് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നത്.
പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ജനങ്ങളെ താങ്ങാവുന്ന ചെലവില്‍ ചികിത്സക്കായി ദുബൈ ഉള്‍പെടെയുള്ള ജി സി സി മേഖലയിലെ നഗരങ്ങളിലേക്ക് ആകര്‍ഷിക്കാനും ഗ്രൂപ്പ് ലക്ഷ്യമിടുന്നു. വന്ധ്യതാനിവാരണവുമായി ബന്ധപ്പെട്ട് ഗ്രൂപ്പിന് ഐ വി എഫ് ചികിത്സയില്‍ ഏറെ മുന്നേറാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ദുബൈ ഉള്‍പെടെയുള്ള യു എ ഇ നഗരങ്ങളില്‍ മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായി കൂടുതല്‍ ആളുകള്‍ ആഫ്രിക്ക, യൂറോപ്പ്, തുടങ്ങിയ വന്‍കരകളില്‍ നിന്ന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് അവിവോ ഉള്‍പെടെയുള്ള മേഖലയിലെ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സഹായകമാകും. 2016 ജൂണോടുകൂടി ദുബൈയില്‍ എല്ലാവര്‍ക്കും ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അമിതാവ ഘോഷാല്‍ വ്യക്തമാക്കി.
ദുബൈയിലും അബുദാബിയിലുമായാണ് ഗ്രൂപ്പിന് കീഴിലെ യു എ ഇയിലെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ബര്‍ദുബൈ, കറാമ, സോനാപൂര്‍ എന്നിവിടങ്ങളില്‍ ഗ്രൂപ്പിന് കീഴില്‍ ഓരോ ആരോഗ്യസ്ഥാപനമുണ്ട്. ജുമൈറ റോഡില്‍ മൂന്നും അല്‍ വാസലില്‍ ഒന്നും സ്ഥാപനങ്ങളാണ് നിലവിലുള്ളത്. എല്ലാവര്‍ക്കും പ്രാപ്യമായ നിലയിലുള്ള ചികിത്സ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ദുബൈയിലും അബുദാബിയിലുമെല്ലാം ലേബര്‍ ക്യാമ്പുകള്‍ ഉള്‍പെടെയുള്ള ഇടങ്ങളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുകയും ആവശ്യമായ മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.
ഗ്രൂപ്പിന് കീഴിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ 40 ദിര്‍ഹം മുതല്‍ 500 ദിര്‍ഹം വരെയാണ് കണ്‍സള്‍ട്ടിംഗ് ഫീസെന്നും അദ്ദേഹം പറഞ്ഞു. ജി സി സിയിലെ കുവൈത്ത്, സഊദി അറേബ്യ എന്നീ രാജ്യങ്ങളില്‍ 1,000 ആളുകള്‍ക്ക് 28 ഡോക്ടര്‍മാര്‍ എന്ന അനുപാതമാണുള്ളതെങ്കില്‍ യു എ ഇയില്‍ ഈ അനുപാതം ഇതിനും താഴെയാണ്. ജി സി സി മേഖലയില്‍ പൊതുവില്‍ 1,000 ആളുകള്‍ക്ക് 18 ഡോക്ടര്‍മാരെന്നതാണ് കണക്ക്. അമേരിക്കയില്‍ ഇത് 1,000ത്തിന് 34 ആണെന്നും ഈ അനുപാതം നോക്കുമ്പോള്‍ മേഖലയില്‍ കൂടുതല്‍ മെഡിക്കല്‍ പ്രൊഫഷണലുകളുടെ ആവശ്യമുണ്ടെന്നും അമിതാവ ഘോഷാല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here