മാവോയിസ്റ്റ് സംഘത്തെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതം

Posted on: October 29, 2015 9:39 am | Last updated: October 29, 2015 at 9:39 am
SHARE

മാനന്തവാടി: തിരുനെല്ലിയിലെത്തിയ സായുധ മാവോസംഘത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. അട്ടപ്പാടിയില്‍ പൊലീസുമായി ഏറ്റുമുട്ടിയ സംഘമാണോ തിരുനെല്ലിയിലെത്തിയത് എന്നത് സംബന്ധിച്ച് പൊലീസ് പരിശോധിച്ച് വരികയാണ്. കഴിഞ്ഞ രാത്രി ഏഴരയോടെയാണ് രണ്ട് സ്ത്രീകളും അഞ്ച് പുരുഷന്‍മാരുമടങ്ങിയ മാവോവാദി സംഘം തിരുനെല്ലിയിലെത്തിയത്.
അട്ടപ്പാടിയില്‍ പൊലീസുമായി ഏറ്റുമുട്ടിയ മാവോസംഘമാണോ തിരുനെല്ലിയിലെത്തിയത് എന്ന കാര്യത്തില്‍ പൊലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പരിശോധന നടത്തി വരികയാണ്. ഇന്നലെ രാവിലെ ജില്ലാ പൊലീസ് സൂപ്രണ്ട് എം കെ പുഷ്‌കരന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തണ്ടര്‍ബോള്‍ട്ട് സമീപ പ്രദേശങ്ങളിലെല്ലാം തിരച്ചില്‍ നടത്തി വരികയാണ്. മാവോവാദി നേതാവ് രൂപേഷ് പിടിയിലായതിന് ശേഷം ഇത് രണ്ടാമത്തെ തവണയാണ് ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കപ്പെടുന്നത്.
ആറ് മാസങ്ങള്‍ക്ക് മുമ്പ് തലപ്പുഴ മക്കിമല കോളനിയില്‍ മാവോവാദി സംഘമെത്തിയിരുന്നു. അട്ടപ്പാടി സംഭവത്തിന് പിന്നിലെ പ്രധാനി വയനാട് കല്‍പ്പറ്റ സ്വദേശിയായ സോമനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആന്റി നക്‌സല്‍ സ്‌ക്വാഡ് ജില്ലയില്‍ തിരിച്ചില്‍ നടത്തിയിരുന്നു. രൂപേഷിനെ അറസ്റ്റ് ചെയ്തതിന് ശേഷവും മാവോയിസ്റ്റ് സാന്നിദ്ധ്യം ജില്ലയില്‍ സ്ഥിരീകരിക്കുന്നത് പൊലീസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. രൂപേഷിനെയും കൂട്ടാളി അനൂപിനെയും ജില്ലയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതിന് പിന്നാലെയാണ് മാവോവാദി സംഘം ജില്ലയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ രാത്രി ഏഴ് മുപ്പതിന് തിരുനെല്ലി എരുവക്കി കവലയില്‍ എത്തിയ സംഘം പതിനഞ്ചോളം പേര്‍ക്ക് കാട്ടുതീയുടെ പുതിയ ലക്കം വിതരണം ചെയ്തു. തിരുനെല്ലിയെ വികൃത വികസനത്തിലൂടെ ടൂറിസം ആഭാസകേന്ദ്രമാക്കിയവരുടെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനാണ് കാട്ടുതീ ആഹ്വാനം ചെയ്യുന്നത്. കവലയിലെ പലചരക്ക് കടയില്‍ നിന്ന് എഴുപത്തിയഞ്ച് രൂപക്ക് പലവ്യഞ്ജനങ്ങള്‍ വാങ്ങി മാവോ അനുകൂല മുദ്രാവാക്യം മുഴക്കി ഗുണ്ടികപ്പറമ്പ് എരുവക്കി കോളനിവഴിയാണ് സംഘം കാട്ടിലേക്ക് മറഞ്ഞത്. പതിനഞ്ച് മിനുട്ടോളം മാവോവാദികള്‍ കവലയില്‍ ചിലഴിച്ചതായി പറയപ്പെടുന്നു. വിവരമറിയിച്ചതിന് ശേഷം രാത്രി പത്ത് മണിയോടെയാണ് തിരുനെല്ലി പൊലീസ് സ്ഥലത്തെത്തിയത്.