കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ സംസ്ഥാനത്തിന്റെ ബാധ്യത കൂടും

Posted on: October 29, 2015 4:04 am | Last updated: October 29, 2015 at 12:07 am

neeti-ayogതിരുവനന്തപുരം :കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പ് കാര്യക്ഷമമാക്കാന്‍ നീതി ആയോഗ് നിയോഗിച്ച ഉപസമിതി റിപ്പോര്‍ട്ടിലെ നിര്‍ദേശം സംസ്ഥാനത്തിന് ബാധ്യതയാകും. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ സംസ്ഥാനത്തിന്റെ വിഹിതം 50 ശതമാനം വരെ ഉയര്‍ത്തണമെന്നാണ് ഉപസമിതി നിര്‍ദേശം.
കേന്ദ്രാവിഷ്‌കൃത പദ്ധതികളെ കോര്‍ ഓഫ് ദികോര്‍ എന്നും കോര്‍ ആന്‍ഡ് ഓപ്ഷനല്‍ എന്നും രണ്ടായി തരംതിരിക്കും. ഇവയില്‍ കോര്‍ പദ്ധതികളില്‍ സംസ്ഥാനത്തിന്റെ പങ്കാളിത്തം നിര്‍ബന്ധമായിരിക്കണമെന്നാണ് ഉപസമിതി നിര്‍ദേശം. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി (എം ജി എന്‍ ആര്‍ ഇ ജി എ), പ്രധാന്‍ മന്ത്രി ഗ്രാമീണ്‍ സടക്ക് യോജന (പി എം ജി എസ് വൈ), ദേശീയ സാമൂഹിക സഹായ പദ്ധതി (എന്‍ എസ് എ പി), കൃഷി ഉന്നതി യോജന, പ്രധാന്‍ മന്ത്രി കൃഷി സിന്‍ചായ് യോജന, ദേശീയ ആരോഗ്യ മിഷന്‍ (എന്‍ എച്ച് എം), സര്‍വ ശിക്ഷാ അഭിയാനും ഉച്ചഭക്ഷണ പദ്ധതിയും (എസ് എസ് എ, എം ഡി എം), സംയോജിത ശിശുവികസന പദ്ധതിയും അനുബന്ധ പരിപാടികളും (ഐ സി ഡി എസ്), സ്വച്ഛ് ഭാരത് അഭിയാന്‍, സമ്പൂര്‍ണ ഭവന പദ്ധതി നഗരവും ഗ്രാമവും, ദേശീയ ഉപജീവന മിഷന്‍ നഗരവും ഗ്രാമവും (എന്‍ എല്‍ എം), സ്മാര്‍ട്ട് സിറ്റി പദ്ധതി ഉള്‍പ്പെടെയുള്ള നഗര വികസന ദൌത്യവും, 500 പട്ടണങ്ങളുടെ നഗര പുനരുദ്ധാരണ പരിപാടിയും തുടങ്ങിയവയെല്ലാം കോര്‍ പദ്ധതികളില്‍ വരും.
കോര്‍ പദ്ധതികളില്‍ ഉള്‍പ്പെട്ട ദേശീയ തൊഴിലുറപ്പ്പദ്ധതി, സാമൂഹിക സഹായ പദ്ധതി (എന്‍ എസ് എ പി), ഭിന്ന ശേഷിയുള്ളവര്‍ക്കുള്ള ദേശീയ പദ്ധതി, പട്ടികജാതി / പട്ടികവര്‍ഗക്കാര്‍ക്കുള്ള വികസന പദ്ധതികള്‍, ന്യൂനപക്ഷ വിഭാഗവികസനത്തിനുള്ള പദ്ധതികള്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ എന്നിവ കോര്‍ ഓഫ് ദി കോര്‍ ആയി കണക്കാക്കപ്പെടുന്നു. ഈ പദ്ധതികളുടെ കേന്ദ്ര സംസ്ഥാന വിഹിതങ്ങള്‍ മാറ്റമുണ്ടാകില്ല.
വടക്കുകിഴക്കുള്ള എട്ട് സംസ്ഥാനങ്ങളിലും, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശു, ജമ്മു കാശ്മീര്‍ എന്നീ ഹിമാലയന്‍ സംസ്ഥാനങ്ങളിലും കോര്‍ പദ്ധതികളുടെ വിഹിതത്തിന്റെ 90 ശതമാനം കേന്ദ്രവും 10 ശതമാനം സംസ്ഥാനങ്ങളും വഹിക്കണം. ഈ സംസ്ഥാനങ്ങളില്‍ ഓപ്ഷനല്‍ സ്‌കീമുകള്‍ക്ക് 80 ശതമാനം കേന്ദ്രവും 20 ശതമാനം സംസ്ഥാനവും വഹിക്കും. കേരളം ഉള്‍പ്പെടെ മറ്റുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും കോര്‍ പദ്ധതികള്‍ക്കുള്ള വിഹിതത്തിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കണം. ഓപ്ഷനല്‍ സ്‌കീമുകള്‍ക്ക് 50 ശതമാനം കേന്ദ്രവും 50 ശതമാനം സംസ്ഥാനവും വഹിക്കണമെന്നും സമിതി നിര്‍ദേശിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ 25 ശതമാനം വരെ സംസ്ഥാനങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള വ്യതിയാന സ്വാതന്ത്ര്യം അനുവദിക്കണമെന്നും സമിതി ശിപാര്‍ശ ചെയ്യുന്നു.
വ്യതിയാന സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതിനായി കോര്‍ പദ്ധതികള്‍ ഒഴികെയുള്ള പദ്ധതികളില്‍ പങ്കാളികളാകുന്നതിന് സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ഓപ്ഷനല്‍ പദ്ധതികളില്‍ നിന്ന് മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഘടകങ്ങളിലേക്ക് ഫണ്ട് വക മാറ്റുന്നതിന് സംസ്ഥാനങ്ങളുടെ വിഹിതത്തിനുള്ളില്‍ നിന്ന് അനുമതി നല്‍കാന്‍ കഴിയും.