ഒറിജിനലുകള്‍ക്ക് പാരയായി അപരന്മാര്‍

Posted on: October 28, 2015 11:53 am | Last updated: October 28, 2015 at 11:53 am
SHARE

തിരൂരങ്ങാടി: മൂന്നിയൂര്‍ പഞ്ചായത്തിലെ പലവാര്‍ഡുകളിലും ഒറിജിനല്‍ സ്ഥാനാര്‍ഥികള്‍ക്ക് അപരന്‍മാര്‍ തലവേദനയാകുന്നു. നാലാംവാര്‍ഡില്‍ എല്‍ ഡി എഫ് സ്വതന്ത്രനായി മത്സരിക്കുന്ന സൈതലവി എന്ന എം പി ബാവക്കെതിരെ അപരനായി സൈതലവി എന്ന ബാവയാണ് രംഗത്തുള്ളത്.
ഇവിടെ ലീഗ് സ്ഥാനാര്‍ഥിയായി കെ എം സി സി നേതാവ് എം എ അസീസാണ് മത്സരിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇവിടെ മത്സരിച്ച അസീസിന്റെ ഭാര്യയെ തോല്‍പിച്ചത് എല്‍ ഡി എഫ് സ്ഥാനാര്‍ഥി സൈതലവി എന്ന എം പി ബാവയുടെ സഹോദരി സുഹ്‌റയാണ്. അഞ്ചാം വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വാസു കരിപറമ്പിലിന് അപരനായി പി വാസുവാണ് ഉള്ളത്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എം അന്‍വര്‍ സാദാത്ത് ജനവിധി തേടുന്ന ഒമ്പതാം വാര്‍ഡില്‍ എല്‍ ഡി എഫ് സ്വതന്ത്രനായി മത്സരിക്കുന്നത് സിദ്ദീഖ് എന്‍ എം ആണ്.
എന്നാല്‍ സിദ്ദീഖിനെതിരെ സിദ്ദീഖ് നരിക്കോട്ട ്‌മേച്ചേരി എന്ന അപരന്‍ രംഗത്തുണ്ട്. കഴിഞ്ഞ ഭരണസമിതിയില്‍ മുസ്‌ലിംലീഗ് അംഗമായിരുന്ന സി പി ഖദീജ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി 16-ാം വാര്‍ഡില്‍ ജനവിധി തേടുമ്പോള്‍ ഇവര്‍ക്കെതിരേയും അപരന്‍ വന്നിട്ടുണ്ട്.
ഖദീജ സി പി എന്ന പേരിലാണ് സി പി ഖദീജക്കെതിരെ അപര രംഗപ്രവേശനം ചെയ്തിട്ടുള്ളത്. പല സ്ഥാനാര്‍ഥികളും സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിക്കുന്നത് എന്നത് കൊണ്ടുതന്നെ ഒറിജിനല്‍ ആര് അപരന്‍ ആര് എന്ന് തിരിച്ചറിയാനാവാതെ വോട്ടര്‍മാര്‍ ആശയക്കുഴപ്പത്തിലാകുകയാണ്. വിജയ പരാജയങ്ങള്‍ക്ക് ഇത് കാരണമാകുമെന്ന് കണ്ടറിഞ്ഞു കൊണ്ട് തന്നെയാണ് പലരും എതിരാളികള്‍ക്കെതിരെ അപരരെ രംഗത്തിറക്കിയിട്ടുള്ളത്.
സീബ്രാ ലൈനുകള്‍
പാര്‍ട്ടി ചിഹ്നങ്ങളാകുന്നു
പെരിന്തല്‍മണ്ണ: ദേശീയപാതയിലെ സീബ്രാ ലൈനുകളും കോണി ചിഹ്നമായി. സീബ്രലൈന്‍ കോണിയാകുന്ന മാജിക് പല ഭാഗങ്ങളിലും ദൃശ്യമായി. പെരിന്തല്‍മണ്ണ ജൂബിലി റോഡിലെ സീബ്രലൈനും അങ്ങാടിപ്പുറം-കോട്ടക്കല്‍ റോഡിലെ വലിയ വീട്ടില്‍ പടിയിലെ സീബ്രലൈനുമാണ് പ്രവര്‍ത്തകര്‍ കോണി ചിഹ്നമാക്കി മാറ്റിയത്. സീബ്ര ലൈന്‍ മാറി കോണിയായത് കണ്ട് നാട്ടുകാരില്‍ ചിലര്‍ അന്താളിച്ചുപോയി. എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. പൊതുനിരത്തിലും, സ്ഥലങ്ങളിലുമുള്ള പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ തുനിഞ്ഞെങ്കിലും ഇത്തരം ചെയ്തികള്‍ കണ്ടില്ലെന്നുള്ള മട്ടിലാണ് മേലധികാരികള്‍. ഇത് നിയമ ലംഘനങ്ങള്‍ക്ക് കാരണമാകുന്നു.