പാണക്കാട്ട് ലീഗിന് വിമതശല്യം; പ്രചാരണത്തിന് മുനവ്വറലി തങ്ങളും

Posted on: October 28, 2015 12:23 am | Last updated: October 28, 2015 at 12:23 am
SHARE

munavvarali thangalമലപ്പുറം: മുസ്‌ലിം ലീഗ് തറവാട്ടിലും പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വിമതശല്യം. പാണക്കാട് തങ്ങള്‍ കുടുംബം മുഴുവനായി ഉള്‍പ്പെടുന്ന മലപ്പുറം നഗരസഭയിലെ പാണക്കാട്ട് വാര്‍ഡിലാണ് ലീഗ് സ്ഥാനാര്‍ഥിയും മുന്‍ കൗണ്‍സിലറുമായ പരി മജീദിനെതിരെ ലീഗിലെ തന്നെ ചൂണ്ടയില്‍ അശ്‌റഫ് വിമതനായി മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഇയാളുടെ ഭാര്യ ചൂണ്ടയില്‍ സുഹ്‌റാബി ഇവിടെ നിന്ന് കോണി ചിഹ്‌നത്തില്‍ മത്സരിച്ച് 522 വോട്ടിന്റെ ഭൂരിപക്ഷ ത്തിന് വിജയിച്ചിരുന്നു.
മുസ്‌ലിം ലീഗ് വാര്‍ഡ് കമ്മിറ്റിയുമായുള്ള അഭിപ്രായവ്യത്യാസമാണ് ഇത്തവണ മുഹമ്മദലിയെ മത്സര രംഗത്തിറക്കിയത്. കൂടാതെ സമീപ വാര്‍ഡില്‍ നിന്നുള്ള പരി മജീദിനെ ഇവിടെ മത്സരിപ്പിക്കുന്നതും പ്രതിഷേധത്തിന് കാരണമായി. കുടം ചിഹ്‌നത്തിലാണ് മുഹമ്മദലി ജനവിധി തേടുന്നത്. പ്രചാരണം നാലാം ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലുള്ള മുഹമ്മദലി നൂറ് വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നും പറയുന്നു. മുസ്‌ലിംലീഗിലെ തന്നെ ഒരു വിഭാഗത്തിന്റെ രഹസ്യ പിന്തുണ കൂടിയുള്ളതിനാല്‍ ലീഗ് നേതൃത്വവും പ്രശ്‌നത്തില്‍ ഇടപെട്ടു. മന്ത്രി കുഞ്ഞാലിക്കുട്ടി ദൂതന്‍ വഴി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. പിന്‍മാറാന്‍ തയ്യാറാകാത്തതിനാല്‍ ഇയാള്‍ക്കെതിരെ പാറക്കല്‍ മുഹമ്മദലി എന്നയാളെ അപരനായി ലീഗ് മത്സരിപ്പിക്കുന്നുമുണ്ട്. കുടയാണ് ഇയാളുടെ ചിഹ്‌നം. കോണ്‍ഗ്രസ്, സി പി എം എസ് ഡി പി ഐ, വെല്‍ഫെയര്‍ പാര്‍ട്ടികളുടെ പിന്തുണയും ചൂണ്ടയില്‍ മുഹമ്മദലിക്കാണ്.
കഴിഞ്ഞ തവണ ഭാര്യ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ തനിക്ക് അനൂകൂലമാകുമെന്ന് മുഹമ്മദലി പറയുമ്പോള്‍, ലീഗ് സ്ഥാനാര്‍ഥിയായ പരി മജീദിന് വേണ്ടി പ്രചാരണത്തിനിറങ്ങിയിരിക്കുന്നത് മുനവ്വറലി ശിഹാബ് തങ്ങളും സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങളുടെ രണ്ടാമത്തെ മകന്‍ മുഈനലി തങ്ങളുമാണ്. ഇക്കാലം വരെയായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാത്ത തങ്ങള്‍ കുടുംബം ഇതാദ്യമായാണ് വീടുകള്‍ കയറിയിറങ്ങി മജീദിനായി വോട്ട് ചോദിക്കുന്നത്. കൂടാതെ, പാണക്കാട് വാര്‍ഡില്‍ വ്യാപകമായി മുസ്‌ലിം ലീഗ് കള്ള വോട്ടുകളുണ്ടാക്കിയതായും മുഹമ്മദലി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here