വയനാട് പ്രചാരണ ചൂടിലേക്ക്

Posted on: October 24, 2015 10:08 am | Last updated: October 24, 2015 at 10:08 am
SHARE

കല്‍പ്പറ്റ: മുന്‍കാലങ്ങളില്‍ തിരഞ്ഞെടുപ്പെത്തിയാല്‍ നഗരങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും ചുവരുകള്‍ ചിഹ്നങ്ങളും എഴുത്തുകളും കൊണ്ടു നിറയും.എന്നാല്‍ നിലവില്‍ ഇക്കാഴ്ചകള്‍ അന്യമായിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ചുവരെഴുത്തുകളെല്ലാം നവമാധ്യമങ്ങള്‍ കൈയടക്കി. ഫേസ്ബുക്ക് വാളുകളില്‍ മത്സരിച്ചാണ് തങ്ങളുടെ സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ള ചുവരെഴുത്ത്. ഫേസ്ബുക്കും വാട്‌സ്ആപ്പുമാണ് ഈ തിരഞ്ഞെടുപ്പിലെ നിര്‍ണായക പ്രചരണ ഘടകങ്ങള്‍.
യു ഡി എഫ്, എല്‍ഡിഎഫ്, ബി ജെ പി മുന്നണികളും സ്വതന്ത്രരും വിമതരും സാമൂഹിക മാധ്യമങ്ങളെയാണ് ഇത്തവണ ശരണം പ്രാപിച്ചിരിക്കുന്നത്. പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും വെവ്വേറെ ഫേസ്ബുക്കും വാട്‌സ്ആപ്പുമുണ്ട്.
സ്ഥാനാര്‍ഥിയുടെ ഓരോ ദിവസത്തെയും പരിപാടികളും സാമൂഹിക മാധ്യമങ്ങളില്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. പരിപാടിക്ക് എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ വാട്‌സ് ആപ്പില്‍ ഉടന്‍ സന്ദേശമെത്തും. പഴയതുപോലെ പ്രവര്‍ത്തകരെ ഓരോരുത്തരെയായി ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ പറയേണ്ടതില്ല.
ഫേസ് ബുക്ക് പേജില്‍ പലരും സ്വന്തം ഗുണഗണങ്ങള്‍ വിവരിക്കാനാണ് കൂടുതല്‍ സ്ഥലം വിനിയോഗിക്കുന്നത്. ഓരോ ദിവസത്തേയും തിരഞ്ഞെടുപ്പ് അനുഭവങ്ങള്‍ രേഖപ്പെടുത്തുന്നവരും തങ്ങളുടെ ഡിവിഷനുകളില്‍ എന്തു വികസനം നടപ്പാക്കാന്‍ കഴിയുമെന്ന് വിശദീകരിക്കുന്നവരുമുണ്ട്. തിരഞ്ഞെടുപ്പ് പ്രകടനപത്രികകളുടെ പകര്‍പ്പും ഫേസ്ബുക്ക് പേജുകളില്‍ പ്രസീദ്ധീകരിക്കുന്നു. കൂട്ടത്തില്‍ വോട്ടര്‍മാര്‍ക്ക് ഉപകാരമാവുന്ന വിധത്തില്‍ ഔദ്യോഗിക തിരഞ്ഞെടുപ്പ് വിശേഷങ്ങളും പങ്കുവക്കുന്നുണ്ട്. എന്നാല്‍ മേപ്പാടി പഞ്ചായത്തിലെ ഓടത്തോടിലെ 18-ാം വാര്‍ഡില്‍ പഴയത് പോലെ തന്നെയാണ്. ചായക്കടയില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള കമന്റുകളും ഇപ്പോഴും പതിവാണ്. പൊതുനിരത്തിലും മറ്റും സമ്മ് കൊണ്ട് എഴുതി നിറച്ചിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here