മാധ്യമങ്ങളുടെ വൈപുല്യത്തില്‍ ആശങ്കകള്‍ പങ്കുവെച്ച് സംവാദം

Posted on: October 24, 2015 9:54 am | Last updated: October 24, 2015 at 9:54 am
SHARE

8X4A0821ദോഹ: കണക്കു കൂട്ടലുകള്‍ എല്ലാം പിഴക്കുന്ന പ്രത്യേക രാസപരിണാമത്തിലൂടെയാണ് ഇന്ത്യന്‍ മാധ്യമ രംഗം കടന്നു പോകുന്നതെന്നും വാര്‍ത്തകളുടെ പരിണാമം വാര്‍ത്തയെഴുത്തുകാര്‍ക്ക് നിശ്ചയിക്കാന്‍ പറ്റാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും കൈരളി, പീപ്പിള്‍ ടി വി എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സിറാജ് ഖത്തര്‍ എഡിഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് ഐ സി സി ഹാളില്‍ ‘മാധ്യമങ്ങളുടെ ഡി എന്‍ എ’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മാധ്യമ സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ത്തകള്‍ എന്താണെന്നു തിരിച്ചറിയാന്‍ പോലും പറ്റാത്ത സ്ഥിതിയിലേക്ക് സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. വാര്‍ത്തകള്‍ക്ക് നിര്‍വചനം കൊടുക്കാന്‍ കഴിയുന്നില്ല. മാധ്യമങ്ങള്‍ എന്നാല്‍ എന്താണ് എന്നു പറയാന്‍ പറ്റാത്ത രീതിയില്‍ വൈപുല്യം സംഭവിച്ചിരിക്കുന്നു. മൊബൈലുകളിലൂടെ പ്രസരണം ചെയ്യുന്ന വാര്‍ത്തകള്‍ക്ക് മറ്റെല്ലാ മാധ്യമങ്ങളെക്കാളും പ്രചാരം ലഭിക്കുന്നു. ഫേസ്ബുക്ക് ഏറ്റവും വലിയ കവലയാണ്.
ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും ഭീതിതമായ അന്തരീക്ഷത്തിലൂടെ കടന്നു പോകുകയാണ്. ഒരു തരം മതജാതി പ്രീണനം രാജ്യത്തു നടന്നുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ പാര്‍ലിമെന്റിലും മന്ത്രിസഭയിലും ജുഡീഷ്യറിയിലുമൊക്കെയുള്ള മുസ്‌ലിംകളുടെയും മറ്റു മതസ്ഥരുടെയും പ്രാതിനിധ്യം മനസ്സിലാക്കിയാല്‍ ബോധ്യപ്പെടുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ട്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം, വസ്തുതാന്വേഷണം എന്നിവ അസാധ്യമായിരിക്കുന്നു.
ജനാധിപത്യം നിലനില്‍ക്കുന്നത് ബഹുസ്വരതയിലാണ്. അവിടെ ആരും ചോദ്യത്തിന് അതീതരാകാന്‍ പാടില്ല. അങ്ങനെ വന്നാല്‍ അവിടെ ജനാധിപത്യം പിഴക്കുന്നു. അറിയാനുള്ളത് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ഇന്ത്യ അല്ല കേരളം എന്നതില്‍ നമുക്ക് അഭിമാനിക്കാം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗ്രാമങ്ങള്‍ ജാതിയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചിരിക്കുന്നു. അവിടെ ഉണ്ടാകുന്ന രക്തച്ചൊരിച്ചലുകള്‍ കേരളത്തിലും ഉണ്ടാകുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിവേകാനന്ദന്‍ പറഞ്ഞ ഭ്രാന്താലയം എന്ന അവസ്ഥയിലേക്ക് കേരളം സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ മാധ്യമ ലോകത്ത് വാര്‍ത്തകള്‍ പിറവി കൊള്ളുന്നതിനു പിന്നിലെ ജനിതക രഹസ്യങ്ങള്‍ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ മതവും ജാതിയും സ്വഭാവവും പരിശോധിച്ചാല്‍ മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് പ്രദീപ് മേനോന്‍, ഖത്തറിലെ മാധ്യമ പ്രവര്‍ത്തകരായ യതീന്ദ്രന്‍ മാസറ്റര്‍, മുജീബുര്‍റഹ്മാന്‍, എം ടി പി റഫീഖ് സംസാരിച്ചു. സിറാജ് ഖത്തര്‍ മാനേജിംഗ് ഡയറക്ടര്‍ സിദ്ദീഖ് പുറായില്‍, ഐ സി എഫ് പ്രസിഡന്റ് അബ്ദുര്‍റസാഖ് മുസ്‌ലിയാര്‍ പറവണ്ണ, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ഹാജി, ഐ സി സി പ്രസിഡന്റ് ഗരീഷ് കുമാര്‍, ഒ ഐ സി സി പ്രസിഡന്റ് കെ കെ ഉസ്മാന്‍ സംബന്ധിച്ചു. സിറാജ് ഖത്തര്‍ സി ഇ ഒ ബശീര്‍ തൂവാരിക്കല്‍ സ്വാഗതവും പബ്ലിഷിംഗ് സെല്‍ ചെയര്‍മാന്‍ അബ്ദുല്‍ലത്വീഫ് സഖാഫി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here