Connect with us

Editorial

പ്രാകൃത യുഗത്തിലേക്കോ?

Published

|

Last Updated

ജാതി മേലാളന്മാര്‍ രണ്ട് ദളിത് കുട്ടികളെ ചുട്ടുകൊന്നതിന്റെ ഞെട്ടലില്‍ നിന്ന് രാജ്യം മുക്തമാകുന്നതിന് മുമ്പേ ഹരിയാനയില്‍ വീണ്ടും ദളിത് വധം. മോഷണക്കുറ്റത്തിന് പോലീസ് കസ്റ്റഡിയിലെടുത്ത ഗൊഹാന ഗ്രാമത്തിലെ ഗോവിന്ദ എന്ന 14 കാരനാണ് പോലീസ് മര്‍ദനത്തില്‍ മരിച്ചത്. പ്രാവുകളെ മോഷ്ടിച്ചുവെന്നാരോപിച്ചാണ് ഗോവിന്ദയെ പോലീസ് പിടിച്ചുകൊണ്ടുപോയത്. ആളൊഴിഞ്ഞ ഒരു പറമ്പില്‍ ഗോവിന്ദയുടെ മൃതദേഹമാണ് പിന്നീട് കണ്ടത്. മൂന്നാം മുറ പ്രയോഗത്തില്‍ മരിച്ചപ്പോള്‍ മൃതദേഹം പോലീസ് ഉദ്യോഗസ്ഥര്‍ അവിടെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.
സര്‍വത്ര മേഖലകളിലും അവഗണനയും വിവേചനവും നേരിടുകയാണ് ദളിതര്‍. സവര്‍ണര്‍ നടക്കുന്ന വഴികളിലൂടെ നടക്കാന്‍ അവര്‍ക്ക് അനുവാദമില്ല. പൊതുപൈപ്പില്‍ നിന്ന് വെള്ളമെടുക്കരുത്, സ്‌കൂളില്‍ ഒന്നിച്ചിരിക്കരുത്, പൊതുശ്മശാനത്തില്‍ ദഹിപ്പിക്കരുത്, ചായക്കടകളില്‍ രണ്ടുതരം പാത്രങ്ങള്‍, ക്ഷേത്രം പണിയണമെങ്കില്‍ മേലാളന്റെ അനുമതി വേണം, അസമില്‍ ദളിതര്‍ക്ക് ഗണപതി വിഗ്രഹം പ്രതിഷ്ഠിക്കാന്‍ സാധിക്കില്ല. വേണമെങ്കില്‍ ഗണപതിയുടെ വാഹനമായ എലിയെ പ്രതിഷ്ഠിക്കാം. ഗണപതി സവര്‍ണനുള്ളതാണ്. ഇങ്ങനെ പോകുന്നു ദളിതര്‍ക്കുനേരെ മേല്‍ജാതിക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന കല്‍പ്പനകള്‍. ദളിതരെ ഇവര്‍ മനുഷ്യരായി പോലും കാണുന്നില്ല. ദളിതരെ ചുട്ടെരിക്കുകയും ചവിട്ടിക്കൊല്ലുകയും അവരുടെ ആരാധനാലയങ്ങള്‍ക്ക് തീവെക്കുകയും ചെയ്യുന്ന വരേണ്യാധിപത്യമാണെവിടെയും. ദളിതരുടെ ജീവന് ഒരു പട്ടിയുടെ വില പോലൂമില്ല. ഫരീദാബാദില്‍ നാലംഗ കുടുംബത്തെ പെട്രോളൊഴിച്ചു കൊന്ന സംഭവം ഒരു പട്ടിയെ കല്ലെറിയുന്ന ലാഘവത്തോടെയാണല്ലോ കേന്ദ്രമന്ത്രി വി കെ സിംഗ് വിശേഷിപ്പിച്ചത്.
ഉയര്‍ന്ന ജാതിക്കാരിയായ യുവതി ദളിത് യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ രണ്ട് വര്‍ഷം മുമ്പ് തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ എന്തെല്ലാം അതിക്രമങ്ങളാണ് നടന്നത്. പ്രശ്‌നം പറഞ്ഞുതീര്‍ക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ വീട്ടുകാര്‍ വിളിച്ചുവരുത്തുകയും കസേരയില്‍ കെട്ടിയിട്ട് സ്വന്തം അച്ഛനും അമ്മയും ചേര്‍ന്ന് തീകൊളുത്തുകയും ചെയ്തു. മേല്‍ജാതിക്കാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ഈ കൃത്യം നടത്തിയത്. ഇതുകൊണ്ടും അരിശം തീരാതെ മൂന്ന് കോളനികളിലായി 280 ഓളം ദളിത് വീടുകള്‍ അടിച്ചുതകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. അറുപതോളം ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും കത്തിച്ചു. രക്ഷയില്ലാതെ നിരവധി ദളിത് കുടുംബങ്ങള്‍ പലായനം ചെയ്തു. മേല്‍ ജാതിക്കാരനെ വിവാഹം ചെയ്ത മേനക എന്ന ദളിത് യുവതിയെ ബൈക്കില്‍ കയറ്റിക്കൊണ്ട് പോയി കഴുത്തില്‍ കയര്‍ മുറുക്കി കൊന്ന ശേഷം പെട്രോളൊഴിച്ചു തീകൊളുത്തിയതും തമിഴ്‌നാട്ടിലെ നരിപ്പള്ളിയിലാണ്. മോദിയുടെ നാടായ ഗുജറാത്തിലും ദളിതര്‍ക്ക് രക്ഷയില്ല. സവര്‍ണരുടെ ക്രൂരമായ പീഡനവും അക്രമവും സഹിക്കവയ്യാതെ ഗുജറാത്ത് വിട്ട ആദിവാസി ദളിത് കുടുംബങ്ങള്‍ നിരവധിയാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നവസര്‍ജന്‍ എന്ന എന്‍ ജി ഒ ചൂണ്ടിക്കാണിക്കുന്നു. യു പിയിലെ ഒരു ഗ്രാമത്തില്‍ ക്ഷേത്രദര്‍ശനം നടത്തിയ 90കാരനായ ദളിതനെ ക്ഷേത്രനടയില്‍ വെട്ടിക്കൊന്ന് തീയിട്ടതും, ഉയര്‍ന്ന ജാതിക്കാരനായ അധ്യാപകന്റെ പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് 11 ദളിത് വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കിയതും മോഷണക്കുറ്റം ചുമത്തി ദളിത് കുടുംബത്തിലെ സ്ത്രീകളെയും പുരുഷന്‍മാരെയും പൊതുനിരത്തില്‍ തുണിയുരിഞ്ഞു പോലീസും ഗുണ്ടകളും അപമാനിച്ചതും അടുത്ത ദിവസങ്ങളിലാണ്.
സര്‍ക്കാര്‍ ഓഫീസുകളില്‍ ദളിതര്‍ കടുത്ത വിവേചനം നേരിടുന്നു. പൂണൂലില്ലാത്തവന് ഉത്തരേന്ത്യയിലെ കാര്യാലയങ്ങളില്‍ കയറാന്‍ കഴിയില്ല. ദളിത് സംവരണ സീറ്റില്‍ അവരെ മത്സരിപ്പിക്കുമെങ്കിലും പഞ്ചായത്ത് യോഗങ്ങളില്‍ അവര്‍ക്ക് പ്രവേശനാനുമതിയില്ല. കരകൗശല വികസന കോര്‍പറേഷനിലെ ദളിത് ഉദ്യോഗസ്ഥയെ രണ്ട് മേലുദ്യോഗസ്ഥര്‍ ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുകയും കള്ള ആരോപണമുണ്ടാക്കി സസ്‌പെന്‍ഷനിലാക്കുകയും ചെയ്തത് പ്രബുദ്ധ കേരളത്തിലാണ്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ദളിതനായതു കൊണ്ടു മാത്രം സെല്യൂട്ട് ചെയ്യാന്‍ വിസമ്മതിക്കുകയും അത് വിവാദമായപ്പോള്‍ വെടിവെച്ചുകൊല്ലുകയും ചെയ്തതും കേരളത്തിലാണല്ലോ.
ഇന്ത്യന്‍ ഭരണഘടന സാമൂഹിക നീതിയും സ്ഥിതി സമത്വവും ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും ദളിതുകളെ സംബന്ധിച്ചിടത്തോളം അതിന്നും മരീചികയാണ്. സ്വാതന്ത്രം ലഭിച്ച് 68 ആണ്ട് പിന്നിട്ടിട്ടും സാമൂഹനിര്‍മിതി നടപ്പാക്കാന്‍ രാജ്യം ഭരിച്ചവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഡിജിറ്റല്‍ ഇന്ത്യയാണത്രെ മോദിയുടെ സ്വപ്‌നം. എന്നാല്‍, ജാതീയ വ്യവസ്ഥയും അയിത്ത സമ്പ്രദായവും കൊടികുത്തി വാണിരുന്ന പഴയ കാലത്തേക്കാണ് രാജ്യത്തെ സാമൂഹികാന്തരീക്ഷം ഇന്ന് നീങ്ങിക്കൊണ്ടിരിക്കുന്നത്. പിന്നാക്ക ജാതിക്കാരും ന്യൂനപക്ഷങ്ങളും അനുഭവിക്കുന്ന വിവേചനവും അവഗണനയും അവസാനിപ്പിക്കുകയാണ് ഭരണ കൂടങ്ങളുടെ പ്രഥമ ബാധ്യത.