മുന്നണികളോട് സമദൂര നിലപാടെന്ന് എന്‍ എസ് എസ്‌

Posted on: October 23, 2015 4:17 pm | Last updated: October 24, 2015 at 7:34 pm
SHARE

sukumaran nair nss

ചങ്ങനാശ്ശേരി: വിശാല ഹിന്ദു ഐക്യത്തിന്റെ മറവില്‍ കള്ളത്തരങ്ങള്‍ ഒളിപ്പിക്കാനും സ്വാര്‍ഥതാത്പര്യങ്ങള്‍ സംരക്ഷിക്കാനുമുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഹിന്ദു സമുദായങ്ങളുടെ ഐക്യത്തിലൂടെ ഇതിനുള്ള ശക്തിയാര്‍ജിക്കുക എന്ന ലക്ഷ്യമാണ് ചിലര്‍ക്കുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ എസ് എസ് സമദൂര നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശ്ശേരി താലൂക്ക് യൂനിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 102ാമത് വിജയദശമി നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൈന്ദവന്റെ പൊതുതാത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതു തന്നെയാണ്. അതിന് വിശാല ഹിന്ദു ഐക്യത്തില്‍ പങ്കാളിയാകണമെന്ന അഭിപ്രായമില്ല. ഹൈന്ദവന്റെ പൊതുവായ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എന്‍ എസ് എസ് എന്നും പ്രതിജ്ഞാബദ്ധമാണ്. ആ ചുമതല മറ്റാരേക്കാള്‍ കൂടുതല്‍ ഇന്നോളം നിര്‍വഹിച്ചിട്ടുമുണ്ട്. അത് തുടരുകയും ചെയ്യും. വിശാല ഹിന്ദു ഐക്യത്തിന്റെ ഭാഗമായി നിന്നു പ്രവര്‍ത്തിക്കാന്‍ എന്‍ എസ് എസിന്റെ അടിസ്ഥാനതത്വങ്ങള്‍ അനുവദിക്കുന്നില്ല. സമുദായംഗങ്ങളുടെ കൂട്ടായ്മയിലൂടെയാണ് എന്‍ എസ് എസ് കരുത്താര്‍ജിച്ചത്. 102 വര്‍ഷം വരെ ഒറ്റക്കു മുന്നേറിയ എന്‍ എസ് എസിന് മറ്റ് ആരുടെയും പിന്തുണ ആവശ്യമില്ല. എന്‍ എസ് എസ് സമുദായംഗങ്ങള്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളില്‍ നിന്ന് പ്രവര്‍ത്തിക്കുകയോ മത്സരിക്കുകയോ ചെയ്യുന്നതിന് ആര്‍ക്കും വിലക്കില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍ എസ് എസിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച എന്‍ ഡി പി എന്ന രാഷ്ട്രീയ പരീക്ഷണം വിജയിച്ചില്ല. എം എല്‍ എമാരെയും മന്ത്രിമാരെയും ഒട്ടേറെ പദവികളും ലഭിച്ചെങ്കിലും സ്ഥാനമാനങ്ങള്‍ നേടിയവര്‍ സ്വാര്‍ഥലാഭത്തിനു വേണ്ടിയത് വിനിയോഗിക്കുകയാണുണ്ടായത്. ഇതോടെ രാഷ്ട്രീയ പാര്‍ട്ടി വേണ്ടെന്ന നിലപാടിലേക്ക് എന്‍ എസ് എസ് മാറിചിന്തിക്കുകയായിരുന്നു. എന്‍ എസ് എസിന് രാഷ്ട്രീയമില്ലെങ്കിലും രാഷ്ട്രീയ നിലപാടുകളുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here