നാടകീയം, വീരു വിട ചൊല്ലി

Posted on: October 21, 2015 9:09 am | Last updated: October 21, 2015 at 9:09 am

SEHWAGന്യൂഡല്‍ഹി: അതൊരു വെറും സൂചനയായിരുന്നില്ല, ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ വീരേന്ദര്‍ സേവാഗ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു. തന്റെ ജന്മദിനത്തില്‍ ട്വിറ്ററിലൂടെയാണു സേവാഗ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസം വിരമിച്ചേക്കുമെന്ന സൂചന വന്നെങ്കിലും പിന്നീടിത് സെവാഗ് നിഷേധിച്ചതായും വാര്‍ത്ത വന്നു. എന്നാല്‍, ടെസ്റ്റ്, ഏകദിനം, ട്വന്റി-20 എന്നീ മൂന്നു ഫോര്‍മാറ്റുകളില്‍നിന്നു വിരമിക്കുന്നുവെന്നും ഐപിഎല്ലില്‍ ഇനി കളിക്കില്ലെന്നും ട്വിറ്ററിലൂടെ അറിയിച്ച് സെവാഗ് തന്നെ രംഗത്തെത്തിയതോടെ അഭ്യൂഹത്തിന് വിരാമം. രഞ്ജിയില്‍ ഈ സീസണില്‍ ഹരിയാനക്കു വേണ്ടിയാണു സേവാഗ് കളിക്കുന്നത്. സീസണ്‍ അവസാനിക്കുന്നതോടെ രഞ്ജി ക്രിക്കറ്റിനോടും വിടപറയുമെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചു.
തിങ്കളാഴ്ച ദുബൈയില്‍ മാധ്യമങ്ങളോടു സംസാരിക്കവെ സേവാഗ് വിരമിക്കലിന്റെ സൂചനകള്‍ നല്കിയിരുന്നു. എന്നാല്‍, വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കിയതോടെ വിരമിക്കല്‍ നിഷേധിച്ചു സേവാഗ് രംഗത്തുവരികയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്നു ട്വിറ്ററിലൂടെയുള്ള പ്രഖ്യാപനം. മോശം ഫോമിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി സേവാഗിനു ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചിരുന്നില്ല.
മഹാഭാഗ്യം
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പടെയുള്ള ഇതിഹാസ താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ സാധിച്ചത് കരിയറിലെ മഹാഭാഗ്യമായി കരുതുന്നുവെന്ന് സെവാഗ്. ഞാന്‍ ഭാഗ്യവാനാണ്, സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി, അനില്‍ കുംബ്ലെ, വി വി എസ് ലക്ഷ്മണ്‍, ജവഗല്‍ ശ്രീനാഥ്, സഹീര്‍ഖാന്‍, എം എസ് ധോണി, ഹര്‍ഭജന്‍ സിംഗ്, യുവരാജ് എന്നീ മഹാതാരങ്ങള്‍ക്കൊപ്പം കളിക്കാന്‍ സാധിച്ചു. അവരില്‍ നിന്ന് ഞാനേറെ പഠിച്ചു, ഓരോ മത്സരത്തിനും ഏതു വിധം ഒരുങ്ങണമെന്നതുള്‍പ്പടെ – സെവാഗ് പറഞ്ഞു.
കണക്ക് വെച്ചില്ല !

SEHWAG1
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏക താരമാണ് സെവാഗ്. എന്നാല്‍, കളിയിലെ കണക്കുകളില്‍ ശ്രദ്ധിക്കാറില്ല. ഇതേ കുറിച്ച് സെവാഗ് പറയുന്നു : ടെസ്റ്റില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ നേടിയ ഏക താരം എന്ന നിലക്ക് ഞാനെന്റെ കരിയറിനെ പര്‍വതീകരിച്ചു കാണുവാന്‍ ആഗ്രഹിക്കുന്നില്ല. സച്ചിനും സുനില്‍ഗവാസ്‌കറും കപില്‍ദേവുമാണ് എന്റെ മാതൃകാ ബിംബങ്ങള്‍. ഇവരെല്ലാം കളിക്കുന്നത് കണ്ടാണ് ഞാന്‍ ക്രിക്കറ്റിനെ അറിഞ്ഞത്-സെവാഗ് പറഞ്ഞു.
104 ടെസ്റ്റുകളില്‍ 8586 റണ്‍സ്, 251 ഏകദിനങ്ങളില്‍ 8273 റണ്‍സ് – സെവാഗിന്റെ കണക്കുകള്‍ ആ കരിയറിന്റെ മഹത്വം മുഴുവനായും പ്രകടമാക്കുന്നതല്ല.
ആരെയും കൂസാത്ത ബാറ്റിംഗ് ശൈലിയാണ് സെവാഗിന്റെത്. ഇതേക്കുറിച്ച് ഒരു കൂസലുമില്ലാതെ സെവാഗ് പറയുന്നു : ഞാന്‍ എന്റെ കളി കളിക്കും. എല്ലാ പന്തിലും സ്‌കോര്‍ ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം. അതിന് വേണ്ടി മാത്രമാണ് ഞാന്‍ ബാറ്റെടുക്കുന്നത്. പോസിറ്റീവ് ചിന്തയോട് കൂടിയാണ് ക്രീസില്‍ നില്‍ക്കാറ്. അങ്ങനെയാകുമ്പോഴേ എല്ലാ പന്തിലും റണ്‍സ് സ്‌കോര്‍ ചെയ്യാനാകൂ – സെവാഗ് പറയുന്നു. 2013 മാര്‍ച്ചില്‍ ഹൈദരാബാദില്‍ ആസ്‌ത്രേലിയക്കെതിരെയാണ് സെവാഗ് അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്.
വിരമിക്കല്‍ മത്സരം ലഭിക്കാത്തതിലുള്ള നിരാശ മറച്ചുവെച്ചാണ് സെവാഗ് ഔദ്യോഗികമായി വിരമിക്കല്‍ സ്ഥിരീകരിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലില്‍ വിഷമമില്ല. ഞാന്‍ പിന്‍വാങ്ങേണ്ടസമയമായിരിക്കുന്നു. ഇത്രയും കാലം പിന്തുണച്ച ആരാധകരോട് വലിയ കടപ്പാട് രേഖപ്പെടുത്തുന്നു. ബി സി സി ഐ, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ ഇങ്ങനെ ഓരോ വിഭാഗത്തില്‍പ്പെട്ടവരോടും നന്ദി അറിയിക്കുന്നു- സെവാഗ്.
നിറമുള്ള ഓര്‍മകള്‍…
2001 ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് അരങ്ങേറ്റമാണ് കരിയറിലെ ഏറ്റവും നിറമുള്ള ഓര്‍മ. അതുവരെ ഏകദിന സ്‌പെഷ്യലിസ്റ്റായി മാത്രം സെവാഗ് ഒതുക്കപ്പെട്ടുകയായിരുന്നു. എന്നാല്‍, ഏറ്റവും മികച്ച നിമിഷങ്ങളില്‍ സെവാഗ് ഉള്‍പ്പെടുത്തിയിരിക്കുന്നത് ടെസ്റ്റിലെ ട്രിപ്പിള്‍ സെഞ്ച്വറിയും ലോകകപ്പ് ജയവും ശ്രീലങ്കക്കെതിരെ 201 റണ്‍സ് സ്‌കോര്‍ ചെയ്തതുമാണ്.
അരങ്ങേറ്റ ടെസ്റ്റ് ഏറ്റവും നിറമുള്ള ഓര്‍മയായി മാറാന്‍ ഒരു കാരണമുണ്ട്. സെവാഗ് പറയുന്നു: അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടിയപ്പോള്‍ ആളുകള്‍ എനിക്ക് ടെസ്റ്റ് ഫോര്‍മാറ്റ് യോജിക്കുമെന്ന് തിരിച്ചറിഞ്ഞു. അതുകൊണ്ട്, ടെസ്റ്റ് അരങ്ങേറ്റം തന്നെയാണ് കരിയറിലെ ഏറ്റവും ഓര്‍മിക്കുന്ന നിമിഷം.
ഗാംഗുലി എന്ന ത്യാഗി
സൗരവ് ഗാംഗുലിയോടുള്ള കടപ്പാടിനെ കുറിച്ച് സെവാഗ് പറയുന്നു: ഗാംഗുലി എനിക്ക് വേണ്ടി അയാളുടെ ഓപണിംഗ് സ്ഥാനം ത്യജിച്ചു. നന്ദിയുണ്ട് സൗരവ്, ഞാന്‍ താങ്കളോട് കടപ്പെട്ടിരിക്കുന്നു. എന്നിലെടെസ്റ്റ് താരത്തെ കണ്ടെത്തിയത് താങ്കളാണ്. ഇല്ലെങ്കില്‍ ഞാനൊരിക്കലും ടെസ്റ്റ് കളിക്കില്ലായിരുന്നു, ഇത്രയേറെ റണ്‍സ് കണ്ടെത്തില്ലായിരുന്നു.

പേടിച്ചത് മുരളീധരനെ..
കരിയറില്‍ സെവാഗിന്റെ പേടിസ്വപ്‌നം ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യമുരളീധരനാണ്. ഞാന്‍ ലോകക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബൗളര്‍മാരെന്ന് വിശേഷിപ്പിക്കാവുന്ന വസീം അക്രം, വഖാര്‍ യൂനിസ്, ശുഐബ് അക്തര്‍, മുത്തയ്യ മുരളീധരന്‍, ഗ്ലെന്‍ മെഗ്രാത് എന്നിവരെയെല്ലാം നേരിട്ടു. ഇതില്‍, എപ്പോഴും ഭയന്നത് മുരളീധരന്റെ പന്തുകളെയാണ് – സെവാഗ് പറഞ്ഞു.
ക്രിക്കറ്റാണ് എന്റെ എല്ലാം. സ്‌നേഹം, ആവേശം എല്ലാം അതിനോട് മാത്രം. വിരമിച്ചാലും ക്രിക്കറ്റില്‍ തുടരും. ചിലപ്പോള്‍ കമെന്റേറ്ററായി അല്ലെങ്കില്‍ കോച്ചിംഗ് സ്റ്റാഫായി – സെവാഗ് പറഞ്ഞു.
‘വിവ് റിചാര്‍ഡ്‌സിന്റെ ബാറ്റിംഗ് ഞാന്‍ കണ്ടിട്ടില്ല, എന്നാല്‍ എനിക്കഭിമാനത്തോടെ പറയാം വിരേന്ദര്‍ സെവാഗ് ബൗളര്‍മാരെ അടിച്ചൊതുക്കുന്നത് നേരില്‍ കണ്ടിട്ടുണ്ടെന്ന്’ _
മഹേന്ദ്ര സിംഗ് ധോണി