എബ്ദാത്ത് ക്രാഫ്റ്റുമായി ഫാകിഹ് ഗ്രൂപ്പ് കൈകോര്‍ക്കുന്നു

Posted on: October 20, 2015 8:00 pm | Last updated: October 20, 2015 at 8:32 pm

ദുബൈ: യു എ ഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എബ്ദാത്ത് ക്രാഫ്റ്റ് കോഓപറേറ്റീവ് സൊസൈറ്റിയുമായി ഫാകിഹ് ഗ്രൂപ്പ് കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമെന്ന് എം ഡി. എന്‍ പി ഫാകിഹ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പിട്ടിരിക്കയാണ്. കരകൗശല വസ്തുക്കളുടെ നിര്‍മാണവും വിപണനവുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് ഫാകിഹ്. എബ്ദാത്തുമായുള്ള സഹകരണം യു എ ഇയിലെ സ്വദേശി കരകൗശല വസ്തുക്കള്‍ക്ക് മികച്ച വിപണി കണ്ടെത്തുന്നതിനും ഒപ്പം തങ്ങളുടെ അനുഭവപരിജ്ഞാനം കൈമാറുന്നതിനും സഹായകമാവും.
രാജ്യന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ കരകൗശല വസ്തു നിര്‍മാതാക്കളും ഗിഫ്റ്റ് ഉത്പന്നങ്ങളുടെ ചില്ലറവില്‍പനക്കാരുമാണ് ഫാകിഹ് ഗ്രൂപ്പ്. എബ്ദാത്ത് ക്രാഫ്റ്റ് കോഓപറേറ്റീവ് സൊസൈറ്റിയുമായി ഫാകിഹ് ഗ്രൂപ്പ് കൈകോര്‍ക്കുന്നതോടെ ഫാകിഹിന്റെ പരിശീലനവും ബോധവത്കരണ ക്ലാസുകളും സൊസൈറ്റിയിലെ അംഗങ്ങള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വദേശി സംസ്‌കാരവും പാരമ്പര്യവും പ്രാദേശിക തലത്തില്‍ നിന്നു രാജ്യാന്തര തലത്തിലേക്ക് എത്തിക്കാന്‍ ഫാകിഹുമായുള്ള സഹകരണത്തിലൂടെ സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എബ്ദാത്ത് ക്രാഫ്റ്റ് ജനറല്‍ മാനേജര്‍ മൊആസ മഹ്കൂം പ്രതീക്ഷ പ്രകടിപ്പിച്ചു.