ഹരിയാനയില്‍ ദലിത് കുടുംബത്തെ ജീവനോടെ കത്തിച്ചു

Posted on: October 20, 2015 12:08 pm | Last updated: October 21, 2015 at 8:58 am
SHARE

CRwbOD_UkAArNtfഛണ്ഡീഗഢ്: ഹരിയാനയില്‍ നാലംഗ ദളിത് കുടുംബത്തെ സവര്‍ണ വിഭാഗം ജീവനോടെ തീയിട്ടു. രണ്ടരയും പത്തും വയസ്സുള്ള രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ മാതാപിതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫരീദാബാദിലെ ഗ്രാമത്തില്‍ ഇന്നലെ രാവിലെയാണ് നാടിനെ നടുക്കിയ സംഭംവം നടന്നത്. രണ്ടര വയസ്സുള്ള വൈഭവ്, പത്ത് മാസം പ്രായമായ സഹോദരന്‍ എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. മാതാപിതാക്കളായ ജിതേന്ദര്‍, രേഖ എന്നിവരെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ ദളിത് കുടുംബം താമസിക്കുന്ന വീട്ടിലെത്തിയ ഗ്രാമത്തിലെ ഭൂവുടമകളായ ഒരു സംഘം സവര്‍ണ വിഭാഗം പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു. തീവെപ്പില്‍ വീടും നശിച്ചിട്ടുണ്ട്. ഭൂമിയുടെ പേരിലുള്ള പ്രശ്‌നമാണ് തര്‍ക്കത്തിനിടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒമ്പത് പേരടങ്ങിയ താക്കൂര്‍ സമുദായത്തില്‍പ്പെട്ടവരാണ് ആക്രമണം നടത്തിയത്. ജിതേന്ദര്‍ ഡോക്ടര്‍ ആണ്.
ജിതേന്ദറിന്റെ കുടുംബവും ഗ്രാമത്തില്‍ തന്നെയുള്ള ബല്‍വന്തിന്റെ കുടുംബവും തമ്മില്‍ കഴിഞ്ഞ വര്‍ഷം നടന്ന അക്രമ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഇന്നലെയുണ്ടായതെന്നാണ് കരുതുന്നത്. ബല്‍വന്തിന്റെ മൂന്ന് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസില്‍ ജിതേന്ദറിന്റെ സഹോദരനും അമ്മാവനും ഉള്‍പ്പെടെ പതിനൊന്ന് പേര്‍ വിചാരണ നേരിടുകയാണ്. ഇന്നലെയുണ്ടായ സംഭവത്തില്‍ ചിലരെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് പറഞ്ഞു.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സുരക്ഷക്കായി ഗ്രാമത്തില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് സംസ്ഥാന ഭരണകൂടത്തില്‍ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഹരിയാന മുഖ്യമന്ത്രിയെ വിളിച്ച് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും എല്ലാവര്‍ക്കും വേണ്ട സുരക്ഷ നല്‍കാനും നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here