മൂന്ന് ഫലസ്തീനികള്‍ വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 42 ആയി

Posted on: October 18, 2015 2:39 am | Last updated: October 18, 2015 at 11:18 am
SHARE

shot dead a Palestinian man in Hebronജറൂസലം: വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറൂസലമിലുമായി മൂന്ന് ഫലസ്തീനികള്‍ വെടിയേറ്റ് മരിച്ചു. ഹെബ്‌റോണില്‍ ജൂത കുടിയേറ്റക്കാരന്‍ ഒരാളെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം. ജൂതനെ കുത്താന്‍ ശ്രമിച്ചുവെന്നതാണ് വെടിവെച്ചുകൊല്ലാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ദൃക്‌സാക്ഷികളുടെ മൊഴി അനുസരിച്ച് ഇസ്‌റാഈല്‍ പോലീസിന്റെത് വെറും ആരോപണമെന്നാണ്. സാധാരണ നിലയില്‍ ജൂതന്‍മാര്‍ ഫലസ്തീനികള്‍ക്ക് നേരെ നടത്തുന്നതുപോലെയുള്ള തിരിച്ചാക്രമണം മാത്രമാണ് ഫലസ്തീന്‍ യുവാവ് നടത്തിയതെന്നും ഇതിന്റെ പേരില്‍ നിരപരാധിയായ ഇദ്ദേഹത്തെ വെടിവെച്ചുകൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. 18കാരനായ ഫസല്‍ അല്‍ഖവാസ്മിയാണ് വെടിയേറ്റ് മരിച്ചതെന്ന് ഫലസ്തീന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഇസ്‌റാഈല്‍ പോലീസ് നല്‍കുന്ന വിശദീകരണം തെറ്റാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഫലസ്തീനിലെ സന്നദ്ധ സംഘടനകള്‍ പുറത്തുവിട്ടിട്ടുണ്ട്.
മറ്റൊരു ആക്രമണത്തില്‍ ഇസ്‌റാഈല്‍ സൈന്യം ഒരു ഫലസ്തീന്‍ യുവതിയെയും വെടിവെച്ചു കൊന്നു. ഹെബ്‌റോണിലെ നിയമവിരുദ്ധമായ കുടിയേറ്റ മേഖലയിലാണ് സംഭവം. വനിതാ സൈനികയെ കുത്തിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇസ്‌റാഈല്‍ പോലീസ് ഇതിനും നല്‍കുന്ന വിശദീകരണം. 16 വയസ്സുള്ള ഫലസ്തീന്‍ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇസ്‌റാഈല്‍ സൈന്യവും ഫലസ്തീന്‍ പ്രതിഷേധകരും ഏറ്റുമുട്ടി.
കിഴക്കന്‍ ജറൂസലമിലാണ് മറ്റൊരു ആക്രമണം. ഫലസ്തീന്‍ യുവാവ് ഇസ്‌റാഈല്‍ സൈനികനെ കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹത്തെയും സൈന്യം വെടിവെച്ചു കൊല്ലുകയായിരുന്നു. ജബല്‍ മുഖാബറിലെ 16 വയസ്സുകാരനെയാണ് സൈന്യം കൊലപ്പെടുത്തിയതെന്ന് ഫലസ്തീന്‍ അധികൃതര്‍ വ്യക്തമാക്കി. അടുത്തിടെ തുടങ്ങിയ ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷത്തില്‍ മരിച്ച ഫലസ്തീനികളുടെ എണ്ണം 42 ആയി.
ഫലസ്തീനിലെ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കി ഇസ്‌റാഈല്‍ സൈന്യം കര്‍ക്കശ നടപടികളാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഫലസ്തീനികള്‍ക്കെതിരെ ഇസ്‌റാഈല്‍ സൈന്യം നടത്തുന്ന ക്രൂരതകള്‍ മറ്റൊരു ഇന്‍തിഫാദയിലേക്ക് നയിച്ചേക്കാമെന്ന് ഫലസ്തീനിലെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here