ഹിമാലയന്‍ രാജ്യത്ത് വീണ്ടും കമ്മ്യൂണിസ്റ്റ് ഉദയം

Posted on: October 18, 2015 12:34 am | Last updated: October 18, 2015 at 12:34 am
SHARE

KHADGA OLIഖഡ്ഗ പ്രസാദ് ശര്‍മാ ഒലി. അനുയായികള്‍ സ്‌നേഹപൂര്‍വം കെ പി എന്ന് വിളിക്കും. നേപ്പാളില്‍ പുതിയ ഭരണഘടനക്ക് കീഴില്‍ അധികാരത്തില്‍ വരുന്ന ആദ്യ പ്രധാനമന്ത്രി. 63കാരനായ ഒലി ഝാപാ-7 മണ്ഡലത്തില്‍ ജയിച്ചു വന്നയാളാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളി (യൂനിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്)ന്റെ തലമുതിര്‍ന്ന നേതാവ്. തികച്ചും അനിശ്ചിതവും പലപ്പോഴും വിചിത്രവുമായ നേപ്പാളീസ് രാഷ്ട്രീയ ഘടനയില്‍ നിന്ന് സ്വന്തം പ്രവര്‍ത്തന ശൈലി കൊണ്ട് മാത്രം ഉയര്‍ന്നു വന്ന നേതാവ്. നര്‍മബോധമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. പ്രതിപക്ഷത്തെ വിമര്‍ശിക്കുമ്പോള്‍ പരിഹാസത്തിനാണ് മുന്‍തൂക്കം. പത്താം ക്ലാസ് വിദ്യാഭ്യാസമേയുള്ളൂ. എന്നാല്‍ നന്നേ ചെറുപ്പത്തിലേ പൊതു പ്രവര്‍ത്തനത്തിന് ഇറങ്ങിയ ഈ മുന്നോക്ക ജാതിക്കാരന് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതിന്റ വിശാലമായ അനുഭവവും ആഴത്തിലുള്ള അറിവുമുണ്ട്. ഈ ആത്മവിശ്വാസമാണ് മതേതര, ജനാധിപത്യ, ഫെഡറല്‍, റിപ്പബ്ലിക്കായി മാറിയ നേപ്പാളിന്റെ ഭരണ സാരഥ്യത്തിലേറുമ്പോള്‍ അദ്ദേഹത്തിന് കൈമുതലായിട്ടുള്ളത്. 2006ലെ ഇടക്കാല സര്‍ക്കാറില്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്നു. ഹിന്ദു രാഷ്ട്രമല്ലാതായി മാറിയ നേപ്പാളിനെ അതിന്റെ ഏറ്റവും സങ്കീര്‍ണമായ പരിവര്‍ത്തന ഘട്ടത്തില്‍ ആരു നയിക്കുമെന്ന ചോദ്യത്തിന് ഈ മാസം 11ന് പാര്‍ലിമെന്റില്‍ നടന്ന വോട്ടെടുപ്പിലാണ് ഉത്തരമായത്. ആകെയുള്ള 597 വോട്ടില്‍ 338ഉം നേടി നേപ്പാളീസ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ സുശീല്‍ കുമാര്‍ കൊയ്‌രാളയെ തോല്‍പ്പിച്ചാണ് ഖഡ്ഗ വിജയം വരിച്ചത്. ഇടത്തും വലത്തുമുള്ളവര്‍ ഖഡ്ഗ പ്രസാദ് ഒലിയെ പിന്തുണച്ചു. അക്കൂട്ടത്തില്‍ യുനൈറ്റഡ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളും (മാവോയിസ്റ്റ്) രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടിയും മധേശി റൈറ്റ്‌സ് ഫോറവുമെല്ലാമുണ്ട്. പിന്നെ 13 ചെറു പാര്‍ട്ടികളും. ഇതില്‍ മാവോയിസ്റ്റുകള്‍ വല്ലാതെ ഇടത്താണെങ്കില്‍ പ്രജാതന്ത്രക്കാര്‍ അങ്ങേയറ്റം വലത്താണ്.
ഖഡ്ഗ പ്രസാദ് ഒലിക്ക് മുന്നില്‍ വഴി പൂവിരിച്ചതാകില്ലെന്നുറപ്പാണ്. നിരവധി വെല്ലുവിളികള്‍ അദ്ദേഹം അഭിമുഖീകരിക്കേണ്ടി വരും. അതില്‍ ഏറ്റവും പ്രധാനം അയല്‍ക്കാരുമായുള്ള ബന്ധം തന്നെയാണ്. നേപ്പാള്‍ സ്വതന്ത്ര പരമാധികാര രാഷ്ട്രമെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇന്ത്യയും ചൈനയും നടത്തിപ്പനെടുത്ത രാജ്യമാണ് അതെന്നതാണ് അനുഭവം. മതേതര ഭരണഘടനക്ക് അംഗീകാരം നല്‍കിയതും രാജാധികാരത്തിന്റെയും ഹിന്ദു രാഷ്ട്ര പദവിയുടെയും അന്ത്യം കുറിച്ചതും ഡല്‍ഹിയിലെ പുതിയ മേലാളന്‍മാര്‍ക്ക് തീരെ പിടിച്ചിട്ടില്ല. കമ്യൂണിസ്റ്റ് നേതാവ് ഭരണ തലപ്പെത്തെത്തുന്നത് ഇന്ത്യയിലെ കാവി തമ്പുരാക്കന്‍മാര്‍ക്ക് ഒരിക്കലും ദഹിക്കില്ലല്ലോ. ഇന്ത്യയും നേപ്പാളും തമ്മില്‍ ഗാഢമായ ബന്ധമാണ് ചരിത്രത്തിലുടനീളം പുലര്‍ത്തി വന്നത്. അവിടെയുള്ള ഏത് പ്രശ്‌നത്തിനും മാധ്യസ്ഥ്യം വഹിക്കാറുള്ളത് അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ളവരാണ്. അവിടുത്തെ ഏത് ആഘോഷവും പൂര്‍ണമാകണമെങ്കില്‍ ഇവിടെ നിന്നുള്ള നേതാക്കള്‍ ചെല്ലണം. നേപ്പാളി കോണ്‍ഗ്രസ്, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ തുടര്‍ച്ചയാണ്. നേപ്പാളി കമ്യൂണിസ്റ്റുകള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെ പകര്‍ത്തുന്നു. പ്രണാബ് കുമാര്‍ മുഖര്‍ജിക്കും സീതാറാം യെച്ചൂരിക്കുമൊക്കെ അവിടെയുള്ള നേതാക്കളുമായി ഊഷ്മളമായ സൗഹൃദമുണ്ട്. ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമെന്ന നിലയില്‍ സംഘ്പരിവാര്‍ സംഘടനകള്‍ക്കും നേതാക്കള്‍ക്കും നേപ്പാളില്‍ ശക്തമായ സ്വാധീനം ഉണ്ടായിരുന്നു. അന്താരാഷ്ട്ര ഹിന്ദു സമ്മേളനം സംഘടിപ്പിക്കാന്‍ തൊഗാഡിയയും സിംഘാളുമൊക്കെ നിരവധി തവണ നേപ്പാളില്‍ ക്യാമ്പ് ചെയ്തിരുന്നു. രാജഭരണ കാലത്തായിരുന്നു ഈ ബന്ധം കൂടുതല്‍ ശക്തി പ്രാപിച്ചത്.
1950ല്‍ സമാധാന സൗഹൃദ കരാറില്‍ ഒപ്പു വെച്ചതോടെ ഇന്ത്യന്‍ സൗഹൃദത്തിന് ഔദ്യാഗിക രൂപം കൈവന്നു. നേപ്പാള്‍ പൗരന്‍മാര്‍ക്ക് ഇന്ത്യയില്‍ പൗരത്വമുള്ളത് പോലെ തന്നെയായി കാര്യങ്ങള്‍. വിദ്യാഭ്യാസത്തിനും കച്ചവടത്തിനും യാതൊരു നിയന്ത്രണവുമില്ലാതെ നേപ്പാളികള്‍ക്ക് ഇവിടെ വരാം. ഇന്തോ- നേപ്പാള്‍ അതിര്‍ത്തി തുറന്ന് കിടക്കുകയാണ്. ഇന്ത്യ നേപ്പാളിന് ഒരു പൈസയും വാങ്ങാതെ ആയുധം നല്‍കുന്നു. നേപ്പാളീസ് ഗൂര്‍ഖകളുടെ റജിമമെന്റുണ്ട് ഇന്ത്യന്‍ സൈന്യത്തില്‍. ഇങ്ങനെ സയാമീസ് ഇരട്ടകളായി കഴിയുന്ന അയല്‍ക്കാര്‍ തമ്മില്‍ ആദ്യത്തെ വിള്ളല്‍ ദൃശ്യമായത് 1962ലെ ഇന്ത്യാ- ചൈനാ യുദ്ധത്തിലാണ്. നേപ്പാള്‍ സ്വാഭാവികമായും ഇന്ത്യയെ പിന്തുണക്കുമെന്ന് നെഹ്‌റു കരുതി. എന്നാല്‍ ന്യൂഡല്‍ഹിയെ ഞെട്ടിച്ചു കൊണ്ട് നേപ്പാള്‍ നിഷ്പക്ഷത പാലിച്ചു. നേപ്പാളില്ലാത്തത് കൊണ്ട് ഇന്ത്യക്ക് വല്ല കുറവും സംഭവിച്ചോ ഇല്ലയോ എന്നതല്ല പ്രശ്‌നം. അന്ന് ചൈന നേടിയ മനഃശാസ്ത്ര വിജയങ്ങളിലൊന്നായിരുന്നു ആ നിഷ്പക്ഷമതിത്വം.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വിദേശ യാത്രാ പരമ്പര തുടങ്ങിയത് നേപ്പാളില്‍ നിന്നായിരുന്നു. മതേതര ഭരണഘടനക്കുള്ള ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊള്ളുമ്പോഴായിരുന്നു അത്. അന്ന് അദ്ദേഹം സുശീല്‍ കുമാര്‍ കൊയ്‌രാളയെ കണ്ട് ഭരണഘടനയില്‍ പ്രതിഫലിക്കേണ്ട ഇന്ത്യന്‍ താത്പര്യങ്ങള്‍ നിരത്തിയെന്നാണ് അണിയറ വൃത്താന്തം. ഇന്ത്യന്‍ വംശജരായ മധേശി ന്യൂനപക്ഷ വിഭാഗത്തിന് മതിയായ സംരക്ഷണം വേണമെന്ന ആവശ്യമാണ് ഉന്നയിച്ചതെന്നാണ് പുറമേ പറഞ്ഞത്. ഭരണഘടന വന്നപ്പോള്‍ മോദി രഹസ്യമായി പറഞ്ഞതും പരസ്യമായി പറഞ്ഞതും പൊടിപോലുമില്ല കണ്ടു പിടിക്കാനെന്ന സ്ഥിതിയായി. സംഘ് പരിവാറുകാര്‍ പശുവിന്റെ പേരില്‍ മനുഷ്യരെ കൊന്നും ദിനേന വിദ്വേഷ പ്രസ്താവനകള്‍ ഛര്‍ദിച്ചും ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാന്‍ കിണഞ്ഞു ശ്രമിക്കുമ്പോള്‍ ആകെയുള്ള ഹിന്ദു രാഷ്ട്രം മതേതരമായാല്‍ എങ്ങനെ സഹിക്കും. മധേശി വിഷയം ഉയര്‍ത്തിക്കാട്ടി ഇന്ത്യ അതിന്റെ അതൃപ്തി പ്രകടിപ്പിക്കുക തന്നെ ചെയ്തു. നേപ്പാളിലേക്കുള്ള ചരക്ക് കയറ്റുമതി നിര്‍ത്തിവെച്ചു. ഉപരോധം തന്നെയായിരുന്നു അത്. ന്യൂഡല്‍ഹിയില്‍ നിന്ന് പറയുമ്പോള്‍ അത് സംഘര്‍ഷ സാധ്യത കണക്കിലെടുത്തുള്ള മുന്‍കരുതലാകുമെന്ന് മാത്രം. മധേശി, താരു വിഭാഗങ്ങള്‍ അതിര്‍ത്തിയില്‍ കുത്തിയിരിപ്പ് നടത്തിയെന്നത് ശരിയാണ്. എന്നാല്‍ അത് മറികടന്ന് ചരക്കെത്തിക്കുകയായിരുന്നു ചിരകാല സുഹൃത്തെന്ന നിലയില്‍ ഇന്ത്യ ചെയ്യേണ്ടിയിരുന്നത്. ഉപരോധമെന്ന് നേപ്പാള്‍ നേതാക്കളും മുന്‍കരുതലെന്ന് ഇന്ത്യന്‍ നേതാക്കളും വിളിക്കുന്ന ചരക്ക് സ്തംഭനത്തില്‍ ഹിമാലയന്‍ രാഷ്ട്രം വലഞ്ഞു എന്നതാണ് ആത്യന്തിക സത്യം. പെട്രോളിയം ഉത്പന്നങ്ങളില്ലാതെ വണ്ടികള്‍ നിരത്തില്‍ നിന്ന് അപ്രത്യക്ഷമായി. പാചക വാതകമില്ലാതെ അടുക്കളകള്‍ തണുത്തു നിന്നു. കരിഞ്ചന്തയും പൂഴ്ത്തി വെപ്പും കൊടികുത്തി വാണു. ഒരു വര്‍ഷം മുമ്പ് വീരനായകനായിരുന്ന നരേന്ദ്ര മോദി അവിടെ കൊടും വില്ലനായി. ഇന്ന് നേപ്പാളീസ് യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ മോദിയെ പരിഹസിച്ച് കൊല്ലുകയാണ്. മോദി നടത്തിയ രണ്ട് പ്രസംഗങ്ങള്‍ ഉപയോഗിച്ചാണ് പരിഹാസങ്ങളിലൊന്ന്. ആദ്യത്തെ പ്രസംഗം കാഠ്മണ്ഡുവിലേതാണ്. അതില്‍ മോദി പറയുന്നു ബുദ്ധന്‍ ജനിച്ചത് നേപ്പാളിലാണെന്ന്. ജപ്പാനിലെ ടോക്യോയിലെ പ്രസംഗമാണ് രണ്ടാമത്തേത്. അവിടെ അദ്ദേഹം പറയുന്നത് ബുദ്ധന്‍ ജനിച്ചത് ഇന്ത്യയിലാണെന്നാണ്.
കമ്യൂണിസ്റ്റുകള്‍ക്ക് മേല്‍ക്കൈ കിട്ടിത്തുടങ്ങിയ 2006ന് ശേഷം, പ്രത്യേകിച്ച് പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള മാവോയിസ്റ്റുകള്‍ വ്യവസ്ഥാപിത രാഷ്ട്രീയ പ്രവേശം ആരംഭിച്ചത് മുതല്‍ നേപ്പാള്‍ സാവധാനം ചൈനീസ് പക്ഷത്തേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. 2008ല്‍ പ്രചണ്ഡ അധികാരമേറ്റ ശേഷം ആദ്യം പോയത് തങ്ങളുടെ വടക്കന്‍ അയല്‍ക്കാരായ ചൈനയിലേക്കാണ്. പിന്നെയാണ് ഇന്ത്യയില്‍ വന്നത്. ദീര്‍ഘകാലത്തെ പതിവ് തെറ്റിക്കുകയായിരുന്നു പ്രചണ്ഡ. അതേ 2008ല്‍ ടിബറ്റിലെ ലാസയുമായി നേപ്പാളീസ് അതിര്‍ത്തി നഗരത്തെ ബന്ധിപ്പിക്കുന്ന 770 കിലോമീറ്റര്‍ റയില്‍വേ ലൈനിന്റെ പണി ചൈന തുടങ്ങുകയും ചെയ്തു. സൈനിക സഹകരണത്തിന്റെ പുതിയ മേഖലയിലേക്ക് ഈ ബന്ധം നീങ്ങുകയാണ്. ഇന്ത്യന്‍ ട്രക്കുകള്‍ അതിര്‍ത്തി കടന്ന് വരാതായപ്പോള്‍ ചൈനയാണ് ഇത്തവണ നേപ്പാളിന് ഇന്ധനം എത്തിച്ചതെന്നോര്‍ക്കണം. ബംഗ്ലാദേശ് വഴിയും ചരക്കുകള്‍ എത്തി.
ഖഡ്ഗ പ്രസാദ് ഒലിക്ക് സ്വാഭാവികമായും ചൈനീസ് പക്ഷപാതിത്വം ഉണ്ടാകുമെന്നുറപ്പാണ്. ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണകര്‍ത്താക്കള്‍ക്ക് ഒലിയുമായി ഇടപഴകുന്നതില്‍ വിമുഖതയുമുണ്ടാകും. പക്ഷേ, ചരിത്രത്തെ നിഷേധിക്കാന്‍ ഇരുകൂട്ടര്‍ക്കും സാധിക്കില്ല. നേപ്പാളിന്റെ ജനിതക സുഹൃത്ത് ഇന്ത്യ തന്നെയാണ്. നേപ്പാള്‍ ജനതയില്‍ നല്ലൊരു ശതമാനവും ആ ബന്ധം ഗാഢമായി തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ്. അത്‌കൊണ്ട് ഇന്ത്യയുമായുള്ള ബന്ധം നേരെയാക്കുകയെന്നത് ഒലിക്ക് മുന്നിലെ ആദ്യ ദൗത്യമായിരിക്കും. ഡല്‍ഹിയില്‍ ബി ജെ പി സര്‍ക്കാറിനും പുതിയ സംഭവവികാസങ്ങളില്‍ ആധിയുണ്ട്. അയല്‍പ്പക്കത്തെല്ലാം ചൈന കസേര വലിച്ചിട്ടിരിക്കുന്നത് എങ്ങനെ കാണാതിരിക്കും? പാക്കിസ്ഥാന്‍ നേരത്തേ ചുവപ്പന്‍മാര്‍ക്കൊപ്പമാണ്. ശ്രീലങ്കയിലെ പുതിയ സര്‍ക്കാറും ആ വഴിക്കു തന്നെ. ഇന്ത്യയുടെ സ്വന്തം കീശയിലുണ്ടായിരുന്ന മാലെദ്വീപും പോയി. മ്യാന്‍മറിലും ചൈനീസ് മൂലധനമൊഴുകുന്നു. ഒരു ബംഗ്ലാദേശുണ്ട് ഇന്ത്യക്ക്. മേഖലയിലെ നേതൃരാജ്യമെന്ന അഹംഭാവമാണ് ഒലിച്ചു പോകുന്നത്.
മധേശി, താരു വിഭാഗങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളോട് ഒലി സര്‍ക്കാ ര്‍ എടുക്കുന്ന സമീപനത്തെ ആശ്രയിച്ചിരിക്കും ഇന്ത്യയുമായുള്ള ബന്ധത്തിന്റെ ഭാവി. തരായി താഴ്‌വരയില്‍ തിങ്ങിത്താമസിക്കുന്ന, ഇന്ത്യന്‍ വംശജരെന്ന് വിളിക്കാവുന്ന ന്യൂനപക്ഷ വിഭാഗങ്ങളാണ് മധേശി, താരു. പുതിയ ഭരണഘടന അനുസരിച്ച് ഏഴ് ഫെഡറല്‍ യൂനിറ്റുക(പ്രവിശ്യക)ളാണ് വരാന്‍ പോകുന്നത്. ഇതുപ്രകാരം സീറ്റ് വിഭജനം നടക്കുമ്പോള്‍ പര്‍വത മേഖലയില്‍ 100 സീറ്റുകള്‍ വരും. ബാക്കിയുള്ള 65 സീറ്റുകളേ താഴ്‌വരയില്‍ വരുന്നുള്ളൂ. തങ്ങളുടെ പ്രതിനിധികള്‍ പാര്‍ലിമെന്റില്‍ എത്താനുള്ള സാധ്യത കുറയുന്നുവെന്ന് മധേശി വിഭാഗം വാദിക്കുന്നു. അതില്‍ കഴമ്പുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. സത്യത്തില്‍ ഇത് പ്രാതിനിധ്യത്തിന്റെ മാത്രം പ്രശ്‌നമല്ല. ജാതി വിവേചനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൂടി ഇതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. നേപ്പാളിന്റെ ഭാഗധേയം നിര്‍ണയിച്ച മുതിര്‍ന്ന നേതാക്കളെല്ലാം ജാതിയില്‍ ഉയര്‍ന്നരായിരുന്നു. ഇവരെല്ലാം മലനാട്ടില്‍ നിന്നുള്ളവരുമായിരുന്നു. ഇവര്‍ക്ക് കാലാകാലവും അധികാരത്തില്‍ തുടരാനുള്ള തന്ത്രമാണ് പുതിയ ഭരണഘടനയിലൂടെ നടപ്പാകുന്നതെന്ന് മേധേശികള്‍ കുറ്റപ്പെടുത്തുന്നു. രാജഭരണകാലത്ത് മലനാട്ടില്‍ നിന്ന് സവര്‍ണ കുടുംബങ്ങളെ താഴ്‌വരയില്‍ കുടിയിരുത്തിയെന്നും അങ്ങനെ ഇവിടെയും ബലാബലത്തില്‍ തഴയപ്പെട്ടുവെന്നും മധേശികള്‍ പരാതിപ്പെടുന്നുണ്ട്. ചുരുക്കത്തില്‍ നിരവധി പേരുടെ മരണത്തില്‍ കലാശിച്ച മധേശി, താരു പ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കാന്‍ ഒലി സര്‍ക്കാറിന് സാധിക്കില്ല. പരിഹരിക്കാമെന്ന് വെച്ചാല്‍ അതത്ര എളുപ്പവുമാകില്ല. ബീഹാറിലും ഉത്തര്‍പ്രദേശിലും മധേശികള്‍ നിര്‍ണായക ശക്തിയാണെന്നതിനാല്‍ അവര്‍ക്ക് വേണ്ടി കരുക്കള്‍ നീക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടേയിരിക്കും. ഇപ്പോഴത്തെ പ്രതിഷേധങ്ങളുടെ സ്‌പോണ്‍സര്‍ ഇന്ത്യായണെന്ന് പറയുന്നത് ഈ അര്‍ഥത്തിലാണ്..
ഭരണസഖ്യത്തിന്റെ ഭാവിയാണ് ഖഡ്ഗാ ഒലി നേരിടുന്ന മറ്റൊരു വെല്ലുവിളി. അദ്ദേഹത്തിന്റെ സഖ്യം അങ്ങേയറ്റം വൈരുധ്യങ്ങള്‍ നിറഞ്ഞതാണ്. അവിടെ കമ്യൂണിസ്റ്റുകളും വലതുപക്ഷക്കാരും മാവോയിസ്റ്റുകളും മധേശി ഗ്രൂപ്പുകളും ഉണ്ട്. നേപ്പാളിന്റെ ചരിത്രം തന്നെ രാഷ്ട്രീയ അസ്ഥിരതയുടേതാണ്. ഈ സഖ്യവും ആ ചരിത്രത്തിലെ പുതിയ ഏടാകുമോയെന്നതാണ് ചോദ്യം. അതിനേക്കാളെല്ലാം പ്രധാനപ്പെട്ട വിഷയം ഏപ്രിലില്‍ നടന്ന ഭൂചലനത്തില്‍ തകര്‍ന്നടിഞ്ഞ പ്രദേശങ്ങളുടെ പുനര്‍നിര്‍മാണമാണ്. അയല്‍ക്കാരുടെയും അന്താരാഷ്ട്ര ഏജന്‍സികളുടെയും വന്‍കിട രാജ്യങ്ങളുടെയുമെല്ലാം പിന്തുണയോടെ മാത്രമേ അത് സാധ്യമാകുകയുള്ളൂ. അതിനാദ്യം വേണ്ടത് സുസ്ഥിരമായ സര്‍ക്കാറാണ്. അതിന് സാധിച്ചാല്‍ ഖഡ്ഗ ഒളി പരത്തും.

LEAVE A REPLY

Please enter your comment!
Please enter your name here