എതിരാളിക്ക് പ്രചാരണ ബോര്‍ഡൊരുക്കി താനൂരിലെ സ്ഥാനാര്‍ഥി

Posted on: October 18, 2015 12:12 am | Last updated: October 18, 2015 at 12:27 am
SHARE

താനൂര്‍: തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാണെങ്കിലും സ്വന്തം കാര്യ ത്തോടൊപ്പം മറ്റ് പാര്‍ട്ടികളെ കൂടി സഹായിക്കുകയാണ് കെ സി ഖിളര്‍ബാബു. പുതുതായി രൂപവത്കരിച്ച താനൂര്‍ നഗരസഭയിലെ 22-ാം ഡിവിഷന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഇദ്ദേഹമാണ് എതിര്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണ ബോര്‍ഡുകള്‍ തയ്യാറാക്കുന്നത്. സ്വന്തം വാര്‍ഡിലെ എതിരാളിയായ സ്ഥാനാര്‍ഥിക്ക് വരെ ബാബു ബോര്‍ഡുകള്‍ തയ്യാറാക്കുന്ന തിരക്കിലാണ്. കലാകാരനായ ഇദ്ദേഹം പതിനഞ്ച് വര്‍ഷക്കാലമായി താനൂരിന്റെ ഹൃദയ ഭാഗത്ത് തന്റെ ഉപജീവന മാര്‍ഗമായ ആര്‍ട്ടിസ്റ്റ് മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. മുമ്പ് സജീവ രാഷ്ട്രീയക്കാരനായിരുന്ന ഖിളര്‍ ബിസിനസ് ആവശ്യാര്‍ഥം പിന്നീട് വിദേശത്തും മുംബൈയിലുമായിരുന്നു. നാടു വിട്ടതിനാല്‍ ഇടക്ക് രാഷ്ട്രീയ രംഗത്ത് നിന്നും വിട്ടു നില്‍ക്കേണ്ടി വന്നു. ഈ തിരഞ്ഞടുപ്പില്‍ വിജയ പ്രതീക്ഷ പുലര്‍ത്തുന്ന ബാബു എതിരാളികള്‍ക്ക് സഹായിയായി പ്രവര്‍ത്തിക്കുന്നതോടൊപ്പം തന്റെ ചിഹ്നത്തിനു വോട്ടഭ്യര്‍ഥിക്കുകയും ചെയ്യുന്നത് ജനങ്ങളില്‍ കൗതുകവും ആശ്ചര്യവുമുണ്ടാക്കുന്നു. ഇത്തരമൊരു സ്ഥാനാര്‍ഥിയെ എവിടെ കിട്ടുമെന്നാണ് രാഷ്ട്രീയ മറന്ന് നാട്ടുകാര്‍ ചോദിക്കുന്നത്. താനൂരിലെ ജനകീയ വികസന മുന്നണിയില്‍ തന്റെ രാഷ്ട്രീയ സംഘടനയായ എന്‍ സി പി ക്കു പ്രാധിനിധ്യം നല്‍കാന്‍ വിസമ്മതിച്ചിനാലാണ് സ്വതന്ത്രനായി മല്‍സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ കലാകാരന്‍മാരുടെ സംഘടനയായ ‘നന്മ യുടെയും ട്രോമാകെയര്‍ മെമ്പറായും എന്‍ സി പി താനൂര്‍ ടൗണ്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചു വരികയാണ് ബാബു.