അട്ടപ്പാടിയില്‍ പോലീസുകാര്‍ക്കു നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു

Posted on: October 17, 2015 1:20 pm | Last updated: October 17, 2015 at 1:46 pm
SHARE

പാലക്കാട്: അട്ടപ്പാടി കടുകുമണ്ണയില്‍ പോലീസും മാവോയിസ്റ്റും ഏറ്റുമുട്ടി. ഏഴ് റൗണ്ട് പൊലീസ് വെടിയുതിര്‍ത്തു. പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടില്ല. മാവോയിസ്റ്റുകളില്‍ ചിലര്‍ക്ക് പരിക്കേറ്റതായി സംശയിക്കുന്നെന്ന് പൊലീസ് പറഞ്ഞു.
കടുകുമണ്ണ ആദിവാസി ഊരില്‍ നിന്നും ആറ് കിലോമീറ്റര്‍ വനത്തിനുള്ളിലാണ് വെടിവെപ്പുണ്ടായത്. അഞ്ച് മാവോയിസ്റ്റുകളാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട് പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് തെരച്ചില്‍ തുടരുന്നു.
കടുകുമണ്ണ പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് പൊലീസ് സംഘം പരിശോധനയ്ക്കായി എത്തിയത്. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പൊലീസ് എത്തിയത്.
കടുകുമണ്ണ പ്രദേശത്ത് നേരത്തെയും ഫോറസ്റ്റ് ഓഫീസിന് തീ വെച്ചതുള്‍പ്പെടെയുള്ള മാവോയിസ്റ്റ് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കുവെയ്ക്കുന്ന സ്ഥലം കൂടിയായതിനാല്‍ സഞ്ചാരവും സുഗമമാകും എന്നതിനാല്‍ മാവോയിസ്റ്റുകള്‍ കൂടുതലായി കേന്ദ്രീകരിക്കുന്ന സ്ഥലമാണ് കടുകുമണ്ണ. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പൊലീസിന്റെയും തണ്ടര്‍ ബോള്‍ട്ടിന്റെയും നിരീക്ഷണത്തിലാണ് കടുകുമണ്ണ പ്രദേശം.
മാവോയിസ്റ്റ്-പോലീസ് വെടിവെപ്പ് നടന്നുവെന്ന് ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.സുരക്ഷാകാരണങ്ങളാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.