ഗോവധ നിരോധം ആരുടെ ആവശ്യമാണ്?

Posted on: October 17, 2015 5:00 am | Last updated: October 16, 2015 at 10:02 pm
SHARE

beefഇന്ത്യ ഒരു മതേതര ജനാധിപത്യ രാഷ്ട്രമാണെന്നാണല്ലോ ഭരണഘടന പറയുന്നത്. ജനാധിപത്യ സമൂഹത്തിലെ പ്രധാനപ്പെട്ട മൗലികാവകാശങ്ങള്‍ യാതൊരു തടസ്സവുമില്ലാതെ സംരക്ഷിക്കപ്പെടുമെന്ന് ഭരണഘടന ഉറപ്പ് നല്‍കുന്നു. സമത്വത്തിനും സഞ്ചാരത്തിനും വീട് വെക്കാനും സ്വാതന്ത്ര്യം നിലനിര്‍ത്താനും സ്വന്തമായി തൊഴിലോ വ്യാപാരമോ ചെയ്ത് ജീവിക്കാനുമൊക്കെ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട്. ഈ അവകാശങ്ങള്‍ക്ക് ചില പരിമിതികളുമുണ്ട്. വിശേഷിച്ച് തൊഴിലെടുക്കാനും അഭിപ്രായ പ്രകടനങ്ങള്‍ക്കുമുള്ള അവകാശങ്ങളില്‍. സമൂഹത്തില്‍ വര്‍ഗീയ വിദ്വേഷവും ആഭ്യന്തര യുദ്ധങ്ങളും ഉണ്ടാക്കാതിരിക്കല്‍ അതിലെ ഒരു പ്രധാന നിയന്ത്രണമാണ്. ദേശത്തിന്റെ സുരക്ഷയും മറ്റും ചില പരിമിതികളാണ്.
ഇവിടെ ഒരു മനുഷ്യന്റെ പ്രധാന അവകാശം അയാള്‍ എങ്ങനെ ജീവിക്കണം എന്ന് തീരുമാനമെടുക്കാനാണ്. എന്തു പറയണം, എന്തു പഠിപ്പിക്കണം, എന്ത് തൊഴില്‍ – വ്യാപാരം നടത്തണം, എവിടെ യാത്ര ചെയ്യണം തുടങ്ങി എന്തു വസ്ത്രം ധരിക്കണം, എന്തു ഭക്ഷിക്കണം എന്നൊക്കെ അതില്‍ പെടും. എന്റെ ജീവിതത്തെ, നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന ഒന്നും മറ്റുള്ളവര്‍ ചെയ്യരുതെന്ന് പറയാനും നമുക്കവകാശമുണ്ട്. എന്റെ വായുവും വെള്ളവും മലിനമാക്കരുതെന്ന് മറ്റൊരാളോട് ആവശ്യപ്പെടാന്‍ എനിക്കവകാശമുണ്ടെന്നര്‍ഥം. എന്നാല്‍, മറ്റൊരാള്‍ എന്തു ഭക്ഷിക്കണമെന്ന് ആവശ്യപ്പെടാന്‍ ഒരാള്‍ക്കവകാശമുണ്ടോ? അങ്ങനെ ചെയ്യുന്നത് നിയമപരമായി മൗലികാവകാശ ലംഘനമല്ലേ? മറ്റുള്ളവര്‍ എന്തു തിന്നരുതെന്ന് പറയാനുള്ള അവകാശവും നമുക്കില്ല. ചുരുക്കത്തില്‍ അങ്ങനെ ആരെങ്കിലും ആവശ്യപ്പെടുന്നു വെങ്കില്‍ അത് ഭരണഘടനാവിരുദ്ധമാണ്. പക്ഷേ, ഈ അടിസ്ഥാന പ്രമാണം ഇവിടെ നിരന്തം ലംഘിക്കപ്പെടുകയാണ്. അതിനടിസ്ഥാനമാകുന്നത് തീര്‍ത്തും നിയമവിരുദ്ധമായ ചില ഇടപെടലുകളും നിലപാടുകളുമാണ്. ഏത് ജനാധിപത്യ ഭരണകൂടത്തിന്റെയും അടിസ്ഥാന കടമ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കലാണല്ലോ. അത് നിഷേധിക്കപ്പെട്ടാല്‍ പരിഹാരം തേടാന്‍ പൗരന് കോടതികളുണ്ട്. അത് സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാറുകള്‍ക്ക് നിലനില്‍ക്കാന്‍ അവകാശമില്ല… ഇതൊക്കെയാണ് നിയമം.
നിയമം നടപ്പിലാകണമെന്ന് ആര്‍ ആഗ്രഹിക്കുന്നു? തങ്ങള്‍ക്കനുകൂലമെങ്കില്‍ നിയമങ്ങള്‍ നടപ്പിലാകരുതെന്ന് ആഗ്രഹിക്കുന്നവരെ ഫാസിസ്റ്റുകള്‍ എന്നു വിളിക്കാം. കേവലം നിയമലംഘനം മാത്രമല്ല, തങ്ങളില്‍ നിന്നു വ്യത്യസ്തമായി ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ശിക്ഷാര്‍ഹമാണെന്ന് കരുതുകയും അവരെ തങ്ങള്‍ തന്നെ ശിക്ഷിക്കുകയും ചെയ്യുന്നതാണ് ഫാസിസത്തിന്റെ സ്വാഭാവം. ഇക്കാര്യത്തില്‍ അവര്‍ തന്നെ നിയമമുണ്ടാക്കുന്നു, അത് പ്രഖ്യാപിക്കുന്നു, അവരുടേതായ രീതിയില്‍ വിചാരണ ചെയ്ത് ശിക്ഷ നടപ്പാക്കുന്നു.
ഡല്‍ഹിക്കടുത്ത ദാദ്രിയെന്ന സ്ഥലത്ത് ഞാന്‍ മുമ്പ് പോയിട്ടുണ്ട്. ദേശീയ താപവൈദ്യുത കോര്‍പറേഷന്റെ ഒരു താപനിലയത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വളരെ വര്‍ഷങ്ങള്‍ക്കു മുമ്പാണവിടെ പോയത്. ആ ദാദ്രിക്കു വളരെയടുത്തുള്ള ഗ്രാമമായ ബിഷാരയിലാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഫാസിസത്തിന്റെ പുതിയ ഒരു അരങ്ങ് നാം കണ്ടത്. ഒരു പാവം മധ്യവയസ്‌കന്‍ ദാരുണമായി കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ മകന് ഗുരുതരമായി പരുക്കേറ്റു. മകളും ആക്രമണവിധേയയായി. ആ മനുഷ്യന്‍ സ്വന്തം വീട്ടില്‍ ഗോമാംസം സൂക്ഷിച്ചുവെന്നാണ് ആരോപണം. രണ്ടാഴ്ച മുമ്പ് നാട്ടില്‍ നിന്നും കാണാതായ ഒരു പശുക്കുട്ടിയെ അഖ്‌ലാഖ് കൊന്നുവെന്നും അതിന്റെ മാംസമാണ് വീട്ടിലുള്ളതെന്നുമാണ് ആരോപണം. ആ മാംസം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. അത് ആട്ടിന്‍ മാംസമായിരുന്നുവെന്ന് തെളിഞ്ഞത്രേ. ഇതൊന്നും ഫാസിസ്റ്റുകള്‍ക്ക് ബോധ്യമാകുന്ന ന്യായമല്ല. ഇത്തരത്തില്‍, അത് പശുമാംസമല്ലായിരുന്നു എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതില്‍ തന്നെ ഒരപകടമില്ലേ? അത് ബീഫ് ആയി രുന്നെങ്കില്‍ ഈ അക്രമി സംഘം നടത്തിയ കൊലപാതകവും അക്രമവും ന്യായീകരിക്കപ്പെടുമായിരുന്നുവെന്നല്ലേ അതിനര്‍ഥം? അതായത് ബീഫ് സൂക്ഷിക്കുന്നതും ഭക്ഷിക്കുന്നതും തെറ്റാണ്, അങ്ങനെ ചെയ്താല്‍ ഒരു ജനക്കൂട്ടത്തിന് ആ തെറ്റ് ചെയ്തയാളെ ഹീനമായി കൊല ചെയ്യാം എന്ന നിലപാടല്ലേ യഥാര്‍ഥ പ്രശ്‌നം?
ഈ ലേഖകന്‍ ജന്മം കൊണ്ട് ഒരു സസ്യഭുക്കാണ്. വീട്ടില്‍ അതേ കിട്ടുമായിരുന്നുള്ളൂ. സ്വന്തം വരുമാനമൊക്കെയായപ്പോള്‍ ആ നിലപാടില്‍ മാറ്റം വരുത്തി. ആടും കോഴിയും പോത്തും പശുവും തുടങ്ങി പാമ്പിന്റെ വരെ മാംസം കഴിക്കാന്‍ ഇടവന്നിട്ടുണ്ട്. ഫ്രാന്‍സില്‍ വളരെ വിശിഷ്ടമെന്ന രീതിയില്‍ ‘പശുവിന്റെ നാവ്’ ഭക്ഷിച്ചിട്ടുണ്ട്. ഇത്രയൊക്കെയായിട്ടും മത്സ്യം കഴിക്കാന്‍ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല. അതെന്റെ സ്വാദുമായി ബന്ധപ്പെട്ട ഒന്നാണ്. പിന്നീട് ആരോഗ്യവും മറ്റും കണക്കിലെടുത്ത് സസ്യഭുക്കായി വീണ്ടും മാറേണ്ടിവന്നു. ഇത്രയും പറഞ്ഞത് ഒരാളുടെ ഭക്ഷ്യശീലമെന്നത് ഒട്ടനവധി ഘടകങ്ങളെ ആശ്രയിച്ചു രൂപപ്പെടുന്ന ഒന്നാണെന്ന് സ്ഥാപിക്കാനാണ്. സാമൂഹിക സാഹചര്യങ്ങള്‍, കുടുംബ ശീലങ്ങള്‍, സാമ്പത്തികാവസ്ഥ, ലഭ്യത, കാലാവസ്ഥ, തൊഴില്‍, ആരോഗ്യം ഇതിനെല്ലാം പുറമെ സ്വാദ് സംബന്ധിച്ച വ്യക്തിഗത നിലപാടുകള്‍ എല്ലാം ഇതില്‍ പെടും. ഒപ്പം പ്രായവും പോഷകാഹാരങ്ങളുടെ ആവശ്യവും നാം പരിഗണിക്കാറുണ്ട്. ഇത്തരമൊരു അവസ്ഥയെ തീര്‍ത്തും മറ്റു ചിലരുടെ ‘വിശ്വാസ’ത്താല്‍ നിയന്ത്രിക്കപ്പെടുന്ന ഒന്നാക്കി മാറ്റുന്നത് തന്നെ ശരിയാണോ? ആരും സസ്യഭുക്കുകളായി ജീവിക്കാന്‍ പാടില്ലെന്ന് ഏതെങ്കിലും വിശ്വാസങ്ങളെ ആശ്രയിച്ച് ആരെങ്കിലും തീട്ടൂരം ഇറക്കിയാല്‍ എന്താണ് സംഭവിക്കുക?
ഭഗവാന്‍ വിഷ്ണുവിന്റെ ആദ്യാവതാരമാണ് മത്സ്യമെന്നു പറഞ്ഞ് ആരെങ്കിലും മത്സ്യം പിടിക്കലിനും മത്സ്യം ഭക്ഷിക്കുന്നതിനുമെതിരായി ഇറങ്ങിത്തിരിച്ചാലോ? ബീഫിന്റെ കാര്യം തന്നെയെടുക്കാം. അതില്‍ പശു മാത്രമല്ല, കാള, എരുമ, പോത്ത് മുതലായവയും പെടുന്നു. ഇവയൊക്കെ കൊല്ലാന്‍ പാടില്ലാത്തവയില്‍ പെടുമോ? പശുവിനെ മാത്രം ‘മാതാവായി’ കണ്ടുവെങ്കില്‍ ഇവയെയൊക്കെ കൊല്ലുന്നതിലെന്തു തെറ്റ്? ഭരണഘടനയുടെ 39-ാം വകുപ്പില്‍ ‘ഗോവധനിരോധം’ വേണമെന്നൊന്നും പറഞ്ഞിട്ടില്ല. മറിച്ച് കൃഷിയാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കന്നുകാലികളെ സംരക്ഷിക്കണമെന്നേയുള്ളൂ.
ചരിത്രപരമായി നോക്കിയാല്‍ തന്നെ ഗോമാംസമടക്കം എല്ലാവിധ മാംസങ്ങളും ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങള്‍ ഭക്ഷിച്ചിരുന്നതായിരിക്കാണാം. 18-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരുടെ ഇടപെടല്‍ വഴിയാണ് ‘ഗോമാതാവ്’ എന്ന ‘ആര്‍ഷഭാരത സങ്കല്‍പ്പം’ ശക്തിപ്രാപിച്ചത് എന്നത് എത്ര വിരോധാഭാസമാണ്? അന്ന് മുതല്‍ ഗോമാംസം എന്നത് മുസ്‌ലിംവിരോധത്തിന്റെ പര്യായമാക്കി മാറ്റാന്‍ സവര്‍ണവാദികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 2002ല്‍ ഹരിയാനയിലെ ഹിജാറില്‍ 50 ദളിതരെ സവര്‍ണവാദികള്‍ നിഷ്ഠൂരമായി പെരുവഴിയിലിട്ട് തല്ലിക്കൊന്ന കഥ നാം ഓര്‍ക്കണം. ചത്ത പശുവിന്റെ തോല്‍ ഉരിഞ്ഞെടുത്തു എന്നതായിരുന്നു അവര്‍ ചെയ്ത കുറ്റം. അപ്പോഴത് ഹിന്ദുത്വ അജന്‍ഡയല്ല, മറിച്ച് സവര്‍ണ അജന്‍ഡയാണ്. കേരളത്തില്‍ വന്നാല്‍ സവര്‍ണാവര്‍ണ വ്യത്യാസമില്ലാതെ എല്ലാവരും ബീഫ് കഴിക്കുന്നുണ്ട്. അടുത്ത കാലത്ത് സവര്‍ണ ബോധം ബാധിച്ച ചിലരൊഴിച്ച്. താന്‍ ബീഫ് കഴിക്കുന്നയാളാണെന്ന് വെള്ളാപ്പള്ളി നടേശന്‍ തന്നെ പറഞ്ഞതോടെ കേരളത്തിലെ സവര്‍ണവാദികളുടെ കാറ്റ് പോയി. ബീഫല്ലല്ലോ വോട്ടല്ലേ പ്രധാനം.
ഈ അതിക്രമങ്ങളെ പരസ്യമായി ന്യായീകരിക്കുന്നവരാണ് ഉത്തരേന്ത്യയിലെ തങ്ങളുടെ നേതാക്കളെന്ന് കണ്ട് ഞെട്ടുന്നവര്‍ കേരളത്തിലെ ബി ജെ പിക്കാരാണ്. ബി ജെ പി നേതാവ് ഗിരിരാജ് കിഷോര്‍ പരസ്യമായി തന്നെ പ്രഖ്യാപിച്ചല്ലോ ‘പശുവിന്റെ ജീവന്‍ മനുഷ്യജീവനേക്കാള്‍ വിലപ്പെട്ടതാണ്’ എന്ന്. ഗോവധനിരോധ നിയമം ഇന്ത്യയിലാകെ നടപ്പിലാക്കണമെന്ന് പല നേതാക്കളും തുറന്നാവശ്യപ്പെട്ടിരിക്കുന്നു. ജമ്മു കാശ്മീര്‍ നിയമസഭയിലെ സ്വതന്ത്ര എം എല്‍ എയായ എന്‍ജിനീയര്‍ റഷീദിനുണ്ടായ അനുഭവം നാം കണ്ടതാണ്. അദ്ദേഹം നടത്തിയ ഒരു പാര്‍ട്ടിയില്‍ ബീഫ് വിഭവമുണ്ടായിരുന്നുവെന്നതിനാണ് ആ നിയമസഭാംഗത്തെ നിയമസഭക്കകത്ത് വെച്ച് രണ്ട് ബി ജെ പി അംഗങ്ങള്‍ മര്‍ദിച്ചത്. ഇതു ജനാധിപത്യമായിട്ടാണോ കാണേണ്ടത്?
ഇന്ത്യ പോലെ വൈവിധ്യമാര്‍ന്നതും പരസ്പര വിരുദ്ധവുമായ ഭക്ഷ്യശീലങ്ങളുള്ള ഒരു നാട്ടില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നും അവ സമാധാനപരമായി പരിഹരിക്കാന്‍ മാര്‍ഗങ്ങളുണ്ടെന്നും പറഞ്ഞത് മഹാത്മാ ഗാന്ധിയാണ്. ഗാന്ധിജിയെ വധിച്ചതിന്റെ പേരില്‍ ഇന്നും ആഹ്ലാദിക്കുന്നു സംഘ്പരിവാര്‍ എങ്കിലും ഗോവധനിരോധം ഗാന്ധിജിയുടെ സ്വപ്‌നമായിരുന്നുവെന്ന രീതിയില്‍ ചില പ്രചാരണങ്ങള്‍ നടക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാട് പറയേണ്ടതുണ്ട്. ”മതാടിസ്ഥാനത്തില്‍ സസ്യഭുക്കുകളായ മുസ്‌ലിംകള്‍ വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ കിട്ടുമെങ്കില്‍ ബീഫ് അടക്കമുള്ള മാംസം അവര്‍ കഴിക്കും. എന്നാല്‍, കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന വലിയൊരു വിഭാഗം മുസ്‌ലിംകള്‍ക്കും വര്‍ഷത്തിലൊരിക്കല്‍ വലിയൊരു ഭാഗവും മാംസം ലഭിക്കാറില്ലെന്നതാണ് സത്യം. ഈ വസ്തുതകള്‍ വെച്ചുകൊണ്ട് താത്വികമായ ഒരു മറുപടി ഈ വിഷയത്തില്‍ തീര്‍ച്ചയായും നല്‍കേണ്ടതുണ്ട്. ഒരു ഹിന്ദുവെന്ന നിലയില്‍, സസ്യഭുക്കെന്ന നിലയില്‍, പശുവിനെ എന്റെ മാതാവിനെപ്പോലെ സ്‌നേഹിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നു, പശുവിനെ കൊല്ലാന്‍ ഒരു മുസ്‌ലിമിന് സമ്പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം, അവര്‍ അങ്ങനെ ആഗ്രഹിക്കുന്നുവെങ്കില്‍. അത് ആരോഗ്യകരവും വൃത്തിയുള്ളതുമായ രീതിയില്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ട് തന്നെ ചെയ്യണം. ഹിന്ദു അയല്‍ക്കാരനെ പ്രകോപിപ്പിക്കുകയുമരുത്. ചുരുക്കത്തില്‍ ഗോവധത്തിന് മുസ്‌ലിംകള്‍ക്ക് സമ്പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. അത് മതസൗഹാര്‍ദത്തിനു സഹായകരമാണെന്നു മാത്രമല്ല, പശുവിനെ രക്ഷിക്കാനുള്ള ഏക മാര്‍ഗവുമാണ്.”
ഈ വിഷയത്തില്‍ ഡോ. അംബേദ്കറിന്റെ നിലപാട് ഏറെ പ്രസിദ്ധമാണ്. ‘ഹിന്ദുക്കള്‍ ഒരിക്കലും ബീഫ് കഴിച്ചിട്ടില്ലേ?’ എന്നാണദ്ദേഹത്തിന്റെ ഒരു ലേഖനത്തിന്റെ തലക്കെട്ടുതന്നെ. ആര്‍ഷഭാരത ചിന്തയുടെ ഏറ്റവും വലിയ പ്രചാരകനായിരുന്ന സ്വാമി വിവേകാനന്ദന്‍ പറയുന്നു: ”പഴയ ആചാരമനുസരിച്ച് ഗോമാംസം കഴിക്കാത്തവര്‍ ഹിന്ദുക്കളായി പരിഗണിക്കപ്പെട്ടിരുന്നില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?” പിന്നാരാണ് സുഹൃത്തേ ഗോവധ നിരോധം ആവശ്യപ്പെടുന്നത്?

LEAVE A REPLY

Please enter your comment!
Please enter your name here