കോണ്‍ഗ്രസ് നേതൃയോഗത്തിലേക്ക് യൂത്തിന്റെ പ്രതിഷേധം

Posted on: October 13, 2015 9:36 am | Last updated: October 13, 2015 at 9:36 am
SHARE

കോഴിക്കോട്: സ്ഥാനാര്‍ഥി പട്ടികയില്‍ യുവാക്കളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃയോഗം നടക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. എം പിമാരും ജില്ലയിലെ മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെയുള്ളവരെ മൂന്ന് മണിക്കൂറുകളോളം തടഞ്ഞുവെച്ച് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് സീറ്റ് നല്‍കാതെ യോഗ സ്ഥലത്ത് നിന്നും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് ഇവര്‍ ഭീഷണി മുഴക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് എം കെ രാഘവന്‍ എം പി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. കോര്‍പറേഷന്‍ കൗണ്‍സില്‍ സീറ്റുകളിലേക്കും ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിലേക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനുമായി അളകാപുരി ഹോട്ടലില്‍ നടന്ന അന്തിമ യോഗത്തിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായെത്തിയത്. ഡി സി സി ഓഫീസില്‍ ബഹളം ഉണ്ടാകുമെന്ന ഭീതിയെ തുടര്‍ന്ന് യോഗം ഹോട്ടലിലേക്ക് മാറ്റിയതായിരുന്നു. യോഗം മാറ്റിയതറിഞ്ഞ യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്ററി മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ പുതിയ യോഗ സ്ഥലത്തെത്തി നേതാക്കളോട് തട്ടിക്കയറുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസുകാരെ തടയാന്‍ കെ പി സി സി മുന്‍ ജന. സെക്രട്ടറി ടി സിദ്ദിഖ് മുന്നോട്ടുവന്നെങ്കിലും പ്രവര്‍ത്തകര്‍ വക വെച്ചില്ല. യൂത്ത് കോണ്‍ഗ്രസ് നേതാവ് പി പി നൗഷീറിന്റെ വായ അടക്കിപ്പിടിച്ച് നിശബ്ദനാക്കാന്‍ സിദ്ദിഖ് കിണഞ്ഞ് ശ്രമിച്ചു. കെപിസിസി ജന. സെക്രട്ടറി കെ പി അനില്‍കുമാര്‍, എം പിമാരായ രാഘവന്‍, എം ഐ ഷാനവാസ്, ഡി സി സി പ്രസിഡന്റ് കെസി അബു, അഡ്വ. പി എം സുരേഷ്ബാബു, അഡ്വ. ശങ്കരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൈകിട്ട് അഞ്ച് മുതല്‍ രാത്രി എട്ടുവരെ തടഞ്ഞുവെച്ചത്. കഴിഞ്ഞ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ നല്‍കിയ അഞ്ച് സീറ്റുകളില്‍ മൂന്ന് സീറ്റുകളില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ വിജയിച്ചിരുന്നുവെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഇത്തവണ ഒരു സീറ്റുപോലും നല്‍കിയില്ല. ഡി സി സി പ്രസിഡന്റ് കെ സി അബുവിന്റെ മകള്‍ക്ക് സീറ്റ് നല്‍കിയതിനെയും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചോദ്യം ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിലടക്കം തോറ്റ ചരിത്രം മാത്രമുള്ള പി വി ഗംഗാധരന് സീറ്റ് നല്‍കിയതിനെയുംഎതിര്‍ത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ എതിര്‍ത്ത് മുദ്രാവാക്യം മുഴക്കി.