സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വൈഫൈ വാഗ്ദാനം; ക്ഷേമം ഉറപ്പാക്കി ഇടത് പ്രകടന പത്രിക

Posted on: October 12, 2015 8:52 am | Last updated: October 18, 2015 at 3:50 pm
SHARE

cpm--621x414തിരുവനന്തപുരം: മികച്ച സേവനവും ക്ഷേമവും എല്ലാവര്‍ക്കും ഉറപ്പുവരുത്തുക എന്ന പൊതുസമീപനം സ്വീകരിച്ചാകും തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് എല്‍ ഡി എഫ്. അധികാര വികേന്ദ്രീകരണ പ്രക്രിയയെ ഫലപ്രദമാക്കുന്നതിനും ജനങ്ങള്‍ക്ക് കൂടുതല്‍ ക്ഷേമം ഉറപ്പുവരുത്തുന്നതിനും ഉതകുന്ന കര്‍മപദ്ധതി തയ്യാറാക്കും. ജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിച്ച് രൂപപ്പെടുത്തുന്ന ഒന്നായിരിക്കും ഇത്. എല്ലാ വീടുകള്‍ക്കും വൈദ്യുതിയും കുടിവെള്ളവും എത്തിക്കുക എന്നത് അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കുമെന്നും ലക്ഷം വീടുകള്‍ ഒറ്റവീടാക്കുന്നതിന് ഇടപെടുമെന്നും പ്രകടന പത്രിക പറയുന്നു.
അങ്കണ്‍വാടികളെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കും. വിദ്യാഭ്യാസരംഗത്തെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും വൈഫൈ സംവിധാനം ഏര്‍പ്പെടുത്തും. എല്ലാ ലൈബ്രറികള്‍ക്കും കമ്പ്യൂട്ടര്‍ സംവിധാനം ഉറപ്പുവരുത്തും. പഠന പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള പരിപാടികള്‍ ആരംഭിക്കും. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ നിലവാരം ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കും. എല്ലാവര്‍ക്കും ചികിത്സ ഉറപ്പുവരുത്തും.
പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സംവിധാനം സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വ്യാപകമാക്കും. എസ് സി എസ് ടി വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ പഠനിലവാരം മെച്ചപ്പെടുത്തുന്നതിന് ഇടപെടും. ആദിവാസികള്‍ക്കിടയിലുള്ള ശിശുമരണം തടയുന്നതിനുള്ള കാര്യക്ഷമമായ പദ്ധതികള്‍ നടപ്പിലാക്കും.
നാടന്‍ കലകള്‍ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഇടപെടും. സാമൂഹിക, രാഷ്ട്രീയ, യുവജന സംഘടനകളെ മുഴുവന്‍ അധികാരവികേന്ദ്രീകരണ പ്രക്രിയയില്‍ പങ്കാളികളാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. നഗരങ്ങളുടെ ചരിത്രവും സംസ്‌കാരവും പൈതൃകവും സംരക്ഷിക്കുന്നതിന് പദ്ധതി ആവിഷ്‌കരിക്കുമെന്നും പ്രകടനപത്രികയില്‍ ചൂണ്ടിക്കാട്ടുന്നു.