കേരളത്തില്‍ സീപ്ലെയിന്‍ സര്‍വീസിനായി വിമാനമെത്തി

Posted on: October 12, 2015 4:25 am | Last updated: October 11, 2015 at 11:27 pm
SHARE

chn-sea planeകൊച്ചി: കേരളത്തിലെ വിവിധ കേന്ദ്രങ്ങളെയും ലക്ഷദ്വീപിനെയും തമ്മില്‍ ബന്ധിപ്പിച്ച് സര്‍വീസ് നടത്താന്‍ പദ്ധതിയിട്ടുകൊണ്ടുള്ള സീപ്ലെയിന്‍ കൊച്ചിയിലെത്തി. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഇന്‍കെലിന്റെ സഹസ്ഥാപനമായ കമ്പനിയുടെ സാമ്പത്തികസഹായത്തോടെ രണ്ട് സാങ്കേതിക വിദഗ്ധര്‍ ആരംഭിച്ച സീബേര്‍ഡ് സീപ്ലെയിന്‍ ്രൈപവറ്റ് ലിമിറ്റഡാണ് കേരളത്തിലാദ്യമായി സീപ്ലെയിന്‍ സര്‍വീസ് നടത്തുന്നത്.
സീബേര്‍ഡ് ആദ്യമായി വാങ്ങിയ ക്വസ്റ്റ് കൊഡിയാക്ക് 100 ആംഫിബിയന്‍ എന്ന പത്ത് സീറ്റുള്ള വിമാനം വെള്ളിയാഴ്ചയാണ് കൊച്ചിയിലെത്തിയത്. നെടുമ്പാശേരി വിമാനത്താവളം ആസ്ഥാനമായിട്ടായിരിക്കും സര്‍വീസ് നടത്തുക.
സെപ്തംബര്‍ 27ന് അമേരിക്കയിലെ സൗത്ത് സെന്റ് പോള്‍ വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട വിമാനത്തിലെ രണ്ട് പൈലറ്റുമാരും കൊച്ചി സ്വദേശികളാണ്. 80 മണിക്കൂര്‍ നാല് ഭൂഖണ്ഡങ്ങളിലെ വിവിധ വിമാനത്താവളങ്ങള്‍ ബന്ധിപ്പിച്ച് പരീക്ഷണപ്പറക്കല്‍ നടത്തിയ ശേഷമാണ് കൊച്ചിയിലെത്തിയത്. ഈ യാത്രയില്‍ 50 ഡിഗ്രി മുതല്‍ 20 ഡിഗ്രി വരെയുള്ള താപനിലകളില്‍ വിമാനം പരീക്ഷിച്ചു.
അമേരിക്കയില്‍നിന്ന് പുറപ്പെട്ടശേഷം കാനഡയിലെ മൂന്നും ഗ്രീന്‍ലാന്‍ഡിലെ രണ്ടും ഐസ്‌ലാന്‍ഡിലെ ഒന്നും വിമാനത്താവളങ്ങളിലിറങ്ങി ഇന്ധനം നിറച്ചു. തുടര്‍ന്ന് ഫറോവ ദ്വീപുകള്‍, സ്‌കോട്ട്‌ലാന്‍ഡ്, ഫ്രാന്‍സിലെ രണ്ട് വിമാനത്താവളങ്ങള്‍ ഗ്രീസ്, ഈജിപ്ത് എന്നിവിടങ്ങളിലെ ഓരോ നഗരം, സഊദി അറേബ്യയിലെ രണ്ടിടങ്ങള്‍, ബഹ്‌റൈന്‍, ഒമാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഇറങ്ങിയ ശേഷമാണ് കൊച്ചിയിലെത്തിയത്. കമ്പനിയുടെ രണ്ടാമത്തെ വിമാനം ജലപ്പരപ്പില്‍ ഇറങ്ങുന്നതിനു വേണ്ടിയുള്ള മാറ്റങ്ങള്‍ വരുത്തുന്നതിനായി അമേരിക്കയിലുണ്ട്. അത് ഈ മാസം തന്നെ കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷ.