ഖോര്‍ഫുകാന്‍ കോര്‍ണിഷ് വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Posted on: October 11, 2015 4:58 pm | Last updated: October 11, 2015 at 4:58 pm
SHARE

ഷാര്‍ജ: ഖോര്‍ഫുകാന്‍ കോര്‍ണിഷില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായതായി ഷാര്‍ജ പൊതുമരാമത്ത് അറിയിച്ചു. അറിയിച്ചു. അഞ്ച് ലക്ഷം ദിര്‍ഹം ചെലവഴിച്ചാണ് കോര്‍ണിഷിലെ സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഷാര്‍ജ സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്.
കടലില്‍ കുളിച്ച് കയറി വരുന്നവര്‍ക്ക് വീണ്ടും കുളിക്കാനായി കോര്‍ണിഷില്‍ അഞ്ച് ഷവറുകള്‍കൂടി സ്ഥാപിക്കും. പൊതുജനങ്ങളുടെ ഉപയോഗത്തിനായി ആറ് ടോയ്‌ലറ്റുകളും പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഇവിടെ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഷാര്‍ജ പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു. നാല് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഖോര്‍ഫുകാന്‍ കോര്‍ണിഷിലെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സൗന്ദര്യവത്കരണം കുറ്റമറ്റതാക്കാനുമാണ് പൊതുമരാമത്ത് പദ്ധതി നടപ്പാക്കുന്നതെന്ന് ഡയറക്ടര്‍ അലി അല്‍ സുവൈദി വെളിപ്പെടുത്തി.
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജോലികള്‍ ആരംഭിച്ചിരിക്കുന്നത്. ദീര്‍ഘകാലമായി കോര്‍ണിഷിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് പൊതുജനങ്ങള്‍ ആവശ്യപ്പെട്ടുവരികയായിരുന്നു. കഴിഞ്ഞ വേനല്‍കാലത്താണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കപ്പെട്ടത്. ഷാര്‍ജ ഭരണകൂടം ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ജനങ്ങളുടെ ഹിതം മാനിച്ച് കോര്‍ണിഷ് വികസനത്തിന് പണം അനുവദിച്ച ശൈഖ് ഡോ. സുല്‍ത്താനോട് നന്ദി പറയുന്നതായും അല്‍ സുവൈദി പറഞ്ഞു.
ഖോര്‍ഫുകാന്‍ കോര്‍ണിഷിലെ സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഷാര്‍ജ ഭരണകൂടം സ്വീകരിച്ച നടപടി സ്വാഗതാര്‍ഹമാണെന്ന് ഈ മേഖലയിലെ താമസക്കാരനായ ഖമീസ് അല്‍ നഖ്ബി പറഞ്ഞു.
കോര്‍ണിഷില്‍ എത്തുന്നവര്‍ അസൗകര്യങ്ങളെകുറിച്ച് പരാതിപ്പെടുന്ന സാഹചര്യത്തിലാണ് ഷാര്‍ജ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്. ഏറെ ഉപകാരപ്രദമായ കാര്യമാണെന്നും അല്‍ നഖ്ബി കൂട്ടിച്ചേര്‍ത്തു.
മറ്റൊരു താമസക്കാരിയായ ഫാത്വിമ അല്‍ ഹമ്മാദിയും നടപടിയെ സ്വാഗതം ചെയ്തു. കോര്‍ണിഷില്‍ എത്തുന്നവര്‍ക്ക് നില്‍ക്കാനും ഇരിക്കാനുമായി കൂടുതല്‍ തണല്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ആവശ്യമാണ്.
പൊതുകക്കൂസുകളുടെ അപര്യാപ്തത വലിയ പ്രശ്‌നമായിരുന്നു. നിലവിലുള്ളവ പുനരുദ്ധരിക്കാനും നിര്‍മിക്കാനും സര്‍ക്കാര്‍ നടപടി തുടങ്ങിയെന്നത് വലിയ കാര്യമാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ വൃത്തിയും വെടിപ്പും സൂക്ഷിക്കാന്‍ മതിയായ ജീവനക്കാരെയും അധികൃതര്‍ നിയമിക്കണമെന്നും അവര്‍ പറഞ്ഞു.