മനുഷ്യത്വം മരവിച്ച സംഘപരിവാരം

Posted on: October 11, 2015 9:53 am | Last updated: October 11, 2015 at 9:53 am
SHARE

ആര്‍ എസ് എസ് എന്ന കാവി പുതച്ച വര്‍ഗീയ വല്യേട്ടന്‍ പ്രസ്ഥാനത്തിന് റാന്‍ മൂളി പ്രവര്‍ത്തിച്ചു വരുന്നവയാണ് വി എച്ച് പി യും ബജ്‌റംഗ്ദളും ബി ജെ പിയും ഉള്‍പ്പെടെയുള്ള പരിവാര പ്രസ്ഥാനങ്ങള്‍. ഇവര്‍ മുന്നോട്ടു വെക്കുന്നത് ഭാരതീയതയല്ല; മറിച്ച് കൊടിയ മൃഗീയതയാണ്! ഇക്കാര്യം ലോകരെ ബോധ്യപ്പെടുത്തിയ അപമാനകരമായ സംഭവമാണ് മാട്ടറച്ചി കഴിച്ചെന്ന ആരോപണത്തിന്റെ മറവില്‍ അഖിലാഖ് മുഹമ്മദ് എന്ന വൃദ്ധനായ മനുഷ്യനെ തല്ലിക്കൊന്ന സംഭവം. ഈ പ്രശ്‌നം വലിയ പ്രതിഷേധത്തിന് കാരണമായപ്പോള്‍ ബി ജെ പി നടത്തിയ ദുര്‍ബലമായ ന്യായീകരണം അഖിലേഷ് യാദവ് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൊലപാതകത്തിന് കാരണം അഖിലാഖ് എന്ന വൃദ്ധന്‍ മാട്ടിറച്ചി കഴിച്ചതാണെന്നു എടുത്തു പറയുന്നില്ല എന്നാണ്. ഈ ന്യായീകരണം കേട്ടാല്‍ തോന്നുക ബി ജെ പി എന്ന കാവിഭീകര രാഷ്ട്രീയ കക്ഷി സംസ്ഥാന സര്‍ക്കാറുകളുടെ നേതൃത്വത്തില്‍ തയ്യാറാക്കപ്പെടുന്ന എല്ലാ ഔദ്യോഗിക റിപ്പോര്‍ട്ടുകളും അതേപ്പടി ശരിവെക്കുന്ന സ്വഭാവക്കാരനാണ് എന്നാണ്. എന്നാല്‍ വാസ്തവം അതാണോ? പരിശോധിക്കാം.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അഖിലേഷ് യാദവ് മുസഫര്‍ നഗര്‍ വര്‍ഗീയ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് വിഷ്ണു സഹായി കമ്മീഷന്റെ ഒരു റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടില്‍ മുസഫര്‍ നഗര്‍ കലാപത്തിന് പിന്നില്‍ ബി ജെ പി യാണെന്ന് കൃത്യമായും ചൂണ്ടികാണിച്ചിരുന്നു. തങ്ങള്‍ക്ക് തെല്ലും അനുകൂലമല്ലാത്ത ഈ റിപ്പോര്‍ട്ടിനെ പാടേ അപഹസിച്ച ബി ജെ പി തന്നെയാണ് അഖ്‌ലാഖിന്റെ വധവുമായി ബന്ധപ്പെട്ട അഖിലേഷ് യാദവ് സര്‍ക്കാറിന്റെ റിപ്പോര്‍ട്ടിനെ വാഴ്ത്തുന്നത്. ഈ രീതിയാണ് അപ്പപ്പോള്‍ കാണുന്നവരെ അപ്പനാക്കുന്ന അവസരവാദ രീതി. അഖിലേഷ് യാദവ് സര്‍ക്കാറിന്റെ റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ അഖ്‌ലാഖ് എന്ന വൃദ്ധന്‍ കൊല്ലപ്പെട്ടത് മാട്ടിറച്ചി കഴിച്ചതുകൊണ്ടല്ല എന്നു ബി ജെ പിക്കാര്‍ വെള്ളപൂശിക്കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ബി ജെ പി എം പി. യോഗി ആദിത്യനാഥ്, സാക്ഷി മഹാരാജ് എന്നിവര്‍ ഗോവധ നിരോധവാദവുമായി രംഗത്തു വന്നതും. സാധ്വി പ്രാചി എന്ന വി എച്ച് പി നേതാവ് മാട്ടിറച്ചി തിന്നുന്നവരെ തല്ലിക്കൊല്ലണം എന്നു പറഞ്ഞ് ആക്രോശിച്ചതും. മറ്റെവിടെയൊക്കെ ഗോവധം നിരോധിച്ചാലും ഗോവയില്‍ ഗോവധം നിരോധിക്കില്ല എന്നു പറഞ്ഞ ബി ജെ പിക്കാരനായ ഗോവ മുഖ്യമന്ത്രിയോട് ഇന്നേവരെ അമിത് ഷാ ഉള്‍പ്പടെയുള്ള ഒരു നേതാവും ഗോവയില്‍ ഗോവധം നിരോധിക്കുവാന്‍ ധൈര്യമുണ്ടോ എന്നു ചോദിച്ചിട്ടില്ല. എന്നാല്‍ ഇതേ ബി ജെ പിക്കാര്‍ കേരളത്തോട് ചോദിക്കുന്നു. അല്ലയോ കോണ്‍ഗ്രസുകാരാ കേരളത്തില്‍ ഗോവധം നിരോധിക്കുവാന്‍ ധൈര്യമുണ്ടോ എന്ന്. ഇങ്ങനെ നാല്‍ക്കാലി കേന്ദ്രീകൃതമായി രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നതും നാല്‍ക്കാലികളുടെ ജീവസംരക്ഷണത്തിന് മനുഷ്യരെ തല്ലിക്കൊല്ലുന്നതുമായ സംഘപരിവാര രാഷ്ട്രീയം മിതമായിപ്പറഞ്ഞാല്‍ മൃഗീയമാണ് ഒട്ടും ഭാരതീയമല്ല.
രാഹുല്‍ ഈശ്വറിനെപ്പോലുള്ള വിശേഷജനുസ്സില്‍പ്പെട്ട ഹിന്ദുത്വവാദികള്‍ പറയുന്നത് ഇറാന്‍ എന്ന മുസ്‌ലിം രാഷ്ട്രത്തിലും ക്യൂബ എന്ന കമ്യൂണിസ്റ്റ് രാഷ്ട്രത്തിലും ഗോഹത്യ കൊടിയ ശിക്ഷക്ക് അര്‍ഹമായ കുറ്റങ്ങളാണെന്നാണ്. ഈ വാദപ്രകാരം ചിന്തിച്ചാല്‍ ഇന്ത്യ ഇസ്‌ലാമിക രാഷ്ട്രമോ കമ്യൂണിസ്റ്റ് രാഷ്ട്രമോ ആയാലും ഗോമാതാവ് സുരക്ഷിതയായിരിക്കും എന്നു പറയേണ്ടി വരും. രാഹുലും കൂട്ടരും എത്രയും പെട്ടെന്ന് ഇന്ത്യയെ കമ്യൂണിസ്റ്റ് രാഷ്ട്രമോ ഇസ്‌ലാമിക രാഷ്ട്രമോ ആക്കുവാന്‍ വേണ്ടി പ്രവര്‍ത്തിച്ച് ഗോമാതാവിനെ രക്ഷിക്കുവാന്‍ പദ്ധതികള്‍ തയ്യാറാക്കുമോ? ഇന്ത്യ ഇന്ത്യയാണ്. ഇറാനോ ക്യൂബയോ അല്ല. ഈ ഇന്ത്യാ മഹാരാജ്യത്ത് പശുവിന്റെ പാല്‍ കുടിയ്ക്കാതെയും ആട്ടിന്‍ പാല്‍ കുടിച്ചും ഗീതയ്ക്ക് വ്യാഖ്യാനം എഴുതിയും സദാ രാമനാമം ജപിച്ചും ജീവിച്ചു സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തെ നയിച്ച ഗാന്ധിജി എന്ന മഹാനായ ഹിന്ദുവിനെപ്പോലും ജീവിക്കുവാന്‍ അനുവദിക്കാത്ത ‘ഹിന്ദുരാഷ്ട്രവാദം’ ഉയര്‍ത്തുന്ന ഗോദ്‌സേ മാര്‍ഗികള്‍ ഗോവധ നിരോധവാദം ഉയര്‍ത്തുമ്പോള്‍ അതിനെ നിഷ്‌കളങ്കമായ വെറും നാല്‍ക്കാലി സ്‌നേഹമായി കാണുവാന്‍ തലക്കകത്ത് ആള്‍പ്പാര്‍പ്പുള്ളവര്‍ക്ക് സാധ്യമല്ല. ഇവിടെ ഗാന്ധിജിയെപ്പോലുള്ള ഹിന്ദുക്കള്‍ക്ക് ജീവിക്കുവാനാകണം; അതിനുശേഷം മതി പശുക്കളെപ്പോലുള്ള ജന്തുക്കളുടെ ജീവ സംരക്ഷണം. ഇതാണ് മതനിരപേക്ഷ മനസ്സുള്ള ജനാധിപത്യമാനവര്‍ ഉയര്‍ത്തുന്ന പ്രശ്‌നത്തിന്റെ അടിസ്ഥാന സന്ദേശം. ഇതു മനസ്സിലാക്കാവുന്ന വിധം ബോധനിലവാരം മെച്ചപ്പെടണമെങ്കില്‍ ‘വെള്ളപൂശിയ കുഴിമാടം കണക്കു’ വസ്ത്രധാരണം ചെയ്തു നമ്പൂതിരി മുതല്‍ നായാടി വരെയുള്ളവരുടെ ഐക്യത്തിന് വേണ്ടി വാദിച്ചാല്‍ പോരാ. മുഴുവന്‍ മനുഷ്യരുടെയും അവകാശങ്ങള്‍ക്കും ആവിഷ്‌കാരങ്ങള്‍ക്കും വേണ്ടി നിലകൊള്ളുവാന്‍ കൂടി പഠിക്കേണ്ടതുണ്ടെന്നു രാഹുല്‍ ഈശ്വറിനെ ഓര്‍മിപ്പിക്കുന്നു. ഹിന്ദുത്വത്തിന് പഠിച്ചാല്‍ പോരാ. മനുഷ്യത്വത്തിന് പഠിക്കണം എന്നു ചുരുക്കം. കാരണം, നമ്പൂതിരിയും നായാടിയും മുസ്‌ലിമും ക്രിസ്ത്യാനിയും ജൂതനും പാഴ്‌സിയും ജൈനനും ബുദ്ധനും ചാര്‍വാകനും കമ്യൂണിസ്റ്റും ആഫ്രിക്കനും അമേരിക്കനും അറേബ്യനും ആര്യനും ഒക്കെ ആകുന്നതിന് അടിസ്ഥാനപരമായി മനുഷ്യന്‍ മനുഷ്യനായിരിക്കണം. ‘മനുഷ്യാണാം മനുഷ്യത്വം/ ജാതിര്‍ ഗോത്വം ഗവാം യഥ’ എന്ന ശ്രീനാരായണ ഗുരു വാക്യം ഇക്കാര്യം ഓര്‍മപ്പെടുത്തുന്നു. പശുവിനു പശുത്വം പോലെ മനുഷ്യനു മനുഷ്യത്വം ഉണ്ടാകണമെന്നു താത്പര്യം.
ഇപ്പറഞ്ഞ മനുഷ്യത്വം ഉള്ളവര്‍ക്കൊന്നും പശു തന്റെ അമ്മയാണെന്ന് പറയാനാകില്ല. കാരണം നാലുകാലുള്ള പശുവിനു ഇരുകാലുള്ള മനുഷ്യരെ പ്രസവിക്കാനാകില്ല എന്നതുതന്നെ. നാല്‍ക്കാലി ഇരുകാലിയുടെ അമ്മയാകില്ല എന്നറിയാനുള്ള സാമാന്യ ജൈവശാസ്ത്ര വിവേകം പോലും ഇല്ലാത്തവരെ കാവി ചുറ്റിച്ചും തലമുണ്ഡനം ചെയ്യിച്ചും തലപ്പാവു കെട്ടിച്ചും സന്ന്യാസിമാരാക്കി കൊണ്ടു നടക്കുന്ന സംഘപരിവാരം വിവേകാനന്ദസ്വാമികളെപ്പോലുള്ള ഇന്ത്യന്‍ സന്യാസ വ്യക്തിത്വങ്ങളെയാണ് അപമാനിക്കുന്നത്.
എന്തായാലൂം സംസ്‌കൃത ഭാഷയില്‍ എഴുതപ്പെട്ട ഇന്ത്യയിലെ പ്രാചീന ധര്‍മസംഹിതകളില്‍ ഏറ്റവും മനുഷ്യത്വവിരുദ്ധമായതെന്നു പലരും നിരീക്ഷിച്ചിട്ടുള്ള ‘മനുസ്മൃതി’ യിലുള്ളത്ര മനുഷ്യത്വം പോലും തൊട്ടുതെറിച്ചിട്ടില്ലാത്തവരാണ് സാക്ഷിമാഹാരാജിനെപ്പോലുള്ള പശുപുത്രന്മാരായ കാവിഭീകരര്‍. കാരണം നാല്‍ക്കാലികളേക്കാള്‍ പ്രാധാന്യം ബുദ്ധിജീവിയായ മനുഷ്യന് മനുസ്മൃതി കല്‍പ്പിച്ചിട്ടുണ്ട്. മനുസ്മൃതിയിലെ ഒന്നാം അധ്യായത്തിലെ 96-ാം ശ്ലോകം ഇങ്ങനെ പറയുന്നു.
ഭൂതാനാം പ്രാണിനഃ ശ്രേഷ്ഠഃ
പ്രാണിനാം ബുദ്ധി ജീവിനഃ
ബുദ്ധിമത്സുരനരഃ ശ്രേഷ്ഠ
നരേഷു ബ്രാഹ്മണഃസ്മൃതഃ
‘സൃഷ്ടികളില്‍ ജീവനുള്ളവ ശ്രേഷ്ഠമാണ്. ജീവനുള്ളവയില്‍ ബുദ്ധിയുള്ളവ അഥവാ സംവേദനക്ഷമതയുള്ളവ ശ്രേഷ്ഠമാണ്. ബുദ്ധിയുള്ളവയില്‍ മനുഷ്യര്‍ ശ്രേഷ്ഠരാണ്. മനുഷ്യരില്‍, കൂടുതല്‍ ബുദ്ധിയുള്ള ബ്രാഹ്മണന്‍ ശ്രേഷ്ഠനാണ്.’ ഇതാണ് മനു പറയുന്നതിന്റെ താത്പര്യം. ഇത് പ്രകാരം ചിന്തിച്ചാല്‍ പോലും പശുവിറച്ചി തിന്നുന്ന മനുഷ്യനെന്ന ബുദ്ധിയുള്ള ശ്രേഷ്ഠ ജീവിയെ തല്ലിക്കൊല്ലുന്ന നടപടി അപലപനീയമാണെന്നു പറയേണ്ടി വരും. കാരണം ബുദ്ധികുറവുള്ള നാല്‍ക്കാലിയേക്കാള്‍ ബുദ്ധി കൂടുതലുള്ള ഇരുകാലി ജീവിയായ മനുഷ്യന്റെ ജീവന് വില കല്‍പ്പിക്കാനുള്ള മനുഷ്യത്വം മനുസ്മൃതിക്കുണ്ട്. ഇവ്വിധത്തില്‍ ബുദ്ധിയുള്ള മനുഷ്യജീവിയെ മാനിക്കാനുള്ള മാനവിക ബുദ്ധിപോലും ഇല്ലാത്ത ഗോപുത്രന്മാരെയും ഗോപുത്രിമാരെയും കാവിപുതപ്പിച്ച് വര്‍ഗീയത പടര്‍ത്തുന്ന സംഘപരിവാരം മനുഷ്യര്‍ക്കുവേണ്ടിയുള്ള പ്രസ്ഥാനമല്ല. നാല്‍ക്കാലികള്‍ക്കു വേണ്ടി വാദിക്കുന്ന ഇരുകാലിമാടുകളുടെ പ്രസ്ഥാനമാണ്. അതിനാല്‍ മൃഗീയം സംഘപരിവാരം എന്നല്ലാതെ ഭാരതീയം സംഘപരിവാരം എന്നു മനുസ്മൃതി വെച്ചുപോലും പറയാനാകില്ല.
ഈ മൃഗീയ പ്രസ്ഥാനത്തിനെ ഭയന്നു കേരളവര്‍മ കോളജില്‍ മാട്ടിറച്ചി സദ്യനടത്തി പ്രതിഷേധിച്ച വിദ്യാര്‍ഥികളെയും അവരെ അനുകൂലിച്ച ദീപാ നിഷാന്ത് എന്ന അധ്യാപികയേയും ശിക്ഷിക്കാന്‍ തയ്യാറായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നടപടി മനുഷ്യരെ കടിച്ചുകൊല്ലുന്ന തെരുവ് നായ്ക്കളെ കൊല്ലരുതെന്നു വാദിക്കുന്ന മേനകാഗാന്ധിയുടെ നിലപാടു പോലെ അസംബന്ധമാണ്. ദേവസ്വം ബോര്‍ഡ് നടത്തുന്ന കോളജില്‍ ക്ഷേത്രങ്ങളിലെ ശുദ്ധാശുദ്ധാങ്ങള്‍ അതേപ്പടി പാലിക്കണമെന്ന് വാദിക്കുന്നത് അസംബന്ധമല്ലെങ്കില്‍ പിന്നെന്താണ് അസംബന്ധം? ക്ഷേത്രങ്ങളില്‍ പട്ടികള്‍ കടന്നു മൂത്രമൊഴിച്ചാല്‍ പുണ്യാഹം പതിവുണ്ട്. ഈ നിലയ്ക്ക് നോക്കിയാല്‍ പുണ്യാഹ തളിക്കാരനെ കൂടി നിയമിക്കാതെ കോളജ് നടത്താനാകില്ലെന്നു വരും. കേരള വര്‍മകോളജിലെ അശുദ്ധികള്‍ പരിഹരിക്കാന്‍ പുണ്യാഹ തളിക്കാരനെ ദേവസ്വം ബോര്‍ഡ് നിയമിച്ചിട്ടുണ്ടോ?
ഒരു ക്ഷേത്രത്തിലും അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല. ക്ഷേത്രാചാരപ്രകാരമേ കോളജ് നടത്തൂ എന്നു വാദിച്ചാല്‍ കേരളവര്‍മ കോളജില്‍ അഹിന്ദുക്കളായ ടീച്ചര്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ദേവസ്വം ബോര്‍ഡ് വിലക്കേര്‍പ്പെടുത്തുമോ? ഭാസ്‌കരന്‍ നായര്‍ എന്ന കോണ്‍ഗ്രസുകാരനായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഗാന്ധിഘാതകരായ സംഘപരിവാരക്കാരുടെ ഇംഗിതത്തിനൊത്തു തുള്ളുന്ന തലയാട്ടി പാവയാകരുതെന്നു മാത്രം സൂചിപ്പിക്കട്ടെ.