ജില്ലാ പഞ്ചായത്ത്: അലനല്ലൂരില്‍ മത്സരിക്കാന്‍ ലീഗില്‍ സ്ഥാനാര്‍ഥിപ്പട

Posted on: October 10, 2015 11:21 am | Last updated: October 10, 2015 at 11:21 am
SHARE

local body electionമണ്ണാര്‍ക്കാട്: പതിവായി യു ഡി എഫിനെ പിന്തുണക്കുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനായ അലനല്ലൂരില്‍ നിന്നും മത്സരിക്കാന്‍ മുസ്ലിംലീഗില്‍ ഇതിനകം ആറ് സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തിയതോടെ തീരുമാനമെടുക്കുന്നത് പാര്‍ട്ടി നേതൃത്വത്തിന് തലവേദനയാകുന്നു.
ജില്ലാ പഞ്ചായത്തില്‍ മറ്റെല്ലാ സീറ്റുകളും മുമ്പ് എല്‍ ഡി എഫിനോടൊപ്പം നിന്നപ്പോഴും അലനല്ലൂര്‍ യു ഡി എഫിനൊപ്പമായിരുന്നു.മണ്ണാര്‍ക്കാട് അസംബ്ലി മണ്ഡലത്തില്‍ ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണ് അലനല്ലൂരില്‍ ലീഗിന് ലഭിക്കാറുള്ളത്.എടത്തനാട്ടുകര,അലനല്ലൂര്‍, തിരുവിഴാംകുന്ന്,കോട്ടോപ്പാടം,ഭീമനാട്,തച്ചനാട്ടുകര ബ്ലോക്ക് ഡിവിഷനുകള്‍ ചേര്‍ന്നതാണ് അലനല്ലൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍.
ഈ മേഖലകളില്‍ മുസ്ലിം ലീഗിന് ശക്തമായ വേരോട്ടം ഉണ്ടെന്ന വിശ്വാസമാണ് മണ്ണാര്‍ക്കാട്ടെ ലീഗ് നേതാക്കളില്‍ പലരും അലനല്ലൂര്‍ തിരഞ്ഞെടുക്കാന്‍ തുനിയുന്നത്.മുന്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും മുന്‍ യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറിയും അലനല്ലൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ ഹംസ,ജില്ലാ ലീഗ് ജോയിന്റ് സെക്രട്ടറിയും കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ സംസ്ഥാന നേതാവുമായ നെച്ചുള്ളിയിലെ പൊന്‍പാറ കോയക്കുട്ടി,അറബിക്ക് അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവായിരുന്ന ലീഗ് മണ്ഡലം പ്രസിഡണ്ട് ടി എ സലാം,മണ്ഡലം ജനറല്‍ സെക്രട്ടറിയും അരിയൂര്‍ ബാങ്ക് പ്രസിഡണ്ടും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ. ടി എ സിദ്ദീഖ്,മുന്‍ ബ്ലോക്ക് പ്രസിഡണ്ട് പാറോക്കോട്ട് റഫീഖ തുടങ്ങിയവരാണ് ഇവരില്‍ പ്രമുഖര്‍.കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്നു ഈ ഡിവിഷനില്‍.സ്ഥാനാര്‍ത്ഥി മോഹമുള്ള നേതാക്കളെല്ലാം ലീഗിന്റെ സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെടുന്ന തിരക്കിലാണ്.
അതേസമയം അലനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മുസ്‌ലിം ലീഗിലെ വിഭാഗീയത രൂക്ഷമാവുകയാണ് യു.ഡി.എഫ് സംവിധാന പ്രകാരം സീറ്റ് വിഭജനത്തില്‍ മുസ്‌ലിം ലീഗിന് രണ്ട് ജനറല്‍ സീറ്റ് മാത്രമാണുളളത്.
ഇതില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥി പട തന്നെ രംഗത്ത് എത്തിയത് പാര്‍ട്ടിക്ക് തലവേദനയായി മാറിയിട്ടുണ്ട്. വാര്‍ഡ് 4 മുണ്ടക്കുന്ന്, വാര്‍ഡ് 9 കാട്ടുകുളം എന്നിവയാണ് ലീഗ് മത്സരിക്കുന്ന ജനറല്‍ സീറ്റുളളത്. ഒരു സ്വതന്ത്ര സ്ഥാനാര്‍ഥി അടക്കം പത്ത് സീറ്റില്‍ മുസ്‌ലിം ലീഗും 13 വാര്‍ഡുകളില്‍ കോണ്‍ഗ്രസുമാണ് യു ഡി എഫ് സ്ഥാനാര്‍ഥികളായി കഴിഞ്ഞ തവണ മത്സരിച്ചത്. ഇതില്‍ ലീഗിന് ഏഴ് സീറ്റും കോണ്‍ഗ്രസിന് എട്ട് അംഗങ്ങളെയുമാണ് വിജയിപ്പിക്കാനായത്.
കോണ്‍ഗ്രസിനെതിരെ യതീംഖാന വാര്‍ഡില്‍ മത്സരിച്ച സ്വതന്ത്ര അംഗം പിന്നീട് യു ഡി എഫിലേക്ക് തന്നെ മാറി. ഒരു സ്വതന്തനടക്കം സി പി എമ്മിന് 7 ഉം അംഗങ്ങളുമാണ് നിലവിലുളളത്. സി പി ഐക്ക് അംഗങ്ങളില്ല. പല വാര്‍ഡുകളിലും യു ഡി എഫ് സ്ഥാനാര്‍ഥികള്‍ നേരിയ വോട്ടിനാണ് വിജയിച്ചതെന്നുളളതും യു ഡി എഫ് ക്യാമ്പിനെ അങ്കലാപ്പിലാക്കുന്നുണ്ട്.
കാട്ടുകുളം സീറ്റില്‍ മത്സരിക്കാന്‍ നാലുപേരാണ് ലീഗില്‍ നിന്ന് തന്നെ സജീവമായിരംഗത്ത് എത്തിയിരിക്കുന്നത്. മുണ്ടക്കുന്ന് വാര്‍ഡിലാകട്ടെ ലീഗിനെതിരെ ഒരു യുവാവ് രഹസ്യമായി പ്രചരണം തുടങ്ങിയതായും ആരോപണമുണ്ട്.
കാട്ടുകുളത്ത് പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് ബഷീര്‍ തെക്കന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സൈനുദ്ദീന്‍ ആലായന്‍, യുവാക്കളുടെ പ്രതിനിധി എന്ന നിലക്ക് സുബൈര്‍ തുര്‍ക്കിയുമാണ് രംഗത്തുളളത്. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പത്തുവര്‍ഷം ഗ്രാമപഞ്ചായത്തില്‍ ജനപ്രതിനിധിയുമായിരുന്ന അബ്ദുള്‍ റഷീദ് ആലായനും മത്സരരംഗത്തുണ്ടെന്നാണ് പറയപ്പെടുന്നത്.
പാര്‍ട്ടി അച്ചടക്ക നടപടിയുടെ ഭാഗമായി റഷീദിനെ പാര്‍ട്ടിയില്‍ നിന്നും സംസ്ഥാന കമ്മിറ്റി സസ്‌പെന്റ് ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ വാര്‍ഡില്‍ പുതിയ ഒരാള്‍ മത്സരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഭരണ കാലയളവ് അലനല്ലൂരില്‍ തുല്യമായാണ് യു ഡി എഫ് പങ്ക് വെക്കാറുളളത്. എസ് സി ജനറല്‍ സംവരണ പ്രസിഡന്റാവുന്ന അലനല്ലൂരില്‍ ലീഗിനുളള ഇരുവാര്‍ഡുകളിലൊന്ന് പട്ടികജാതി പുരുഷന് നല്‍കി മത്സരിപ്പിക്കണെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
മത്സരത്തിന് നാലോളം പേര്‍ രംഗത്തെത്തിയ കാട്ടുകുളം വാര്‍ഡില്‍ സമവായമെന്ന നിലക്ക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പട്ടികജാതി പുരുഷനെ രംഗത്തിറക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കാലങ്ങളായി യു.ഡി.എഫ് ഭരിച്ചുകൊണ്ടിരിക്കുന്ന അലനല്ലൂരില്‍ മുസ്‌ലിം ലീഗിലെ വിഭാഗീയത മൂലം ലീഗിന്റെ അംഗം പ്രസിഡന്റായിരിക്കെ ഭരണം അട്ടിമറിക്കപെട്ടിരുന്നു. അതൊഴിച്ച് നിര്‍ത്തിയാല്‍ അലനല്ലൂര്‍ എന്നും യു ഡി എഫിനൊപ്പമാണ് നില്‍ക്കാറുളളത്.
ഭരണം യു ഡി എഫിലെ മുസ്‌ലിം ലീഗില്‍ നിന്നും സി പി എം അട്ടിമറിക്കുമ്പോള്‍ റഷീദ് ആലായനായിരുന്നു പ്രസിഡന്റ്. ലീഗിന്റെ ചരിത്രത്തില്‍ പ്രസിഡന്റായിരിക്കെ ഭരണം നഷ്ടമാവുന്നത് സംസ്ഥാനത്ത് തന്നെ ഇതാദ്യമാവും.