ലിബിയയില്‍ യു എന്‍ ഐക്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചു

Posted on: October 10, 2015 9:03 am | Last updated: October 10, 2015 at 9:03 am
SHARE

റബാറ്റ്: ലിബിയയിലെ പ്രതിസന്ധി തീര്‍ക്കാന്‍ യു എന്‍ നിയോഗിച്ച പ്രത്യേക പ്രതിനിധി ലിബിയക്കായി ദേശീയ ഐക്യ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലിബിയയിലെ പരസ്പരം പോരടിക്കുന്ന രണ്ട് സര്‍ക്കാറുകളുമായി മാസങ്ങളോളം നടത്തിയ ചര്‍ച്ചയുടെ ഫലമായാണിത്. ദേശീയ ഐക്യ സര്‍ക്കാറിനുള്ള സ്ഥാനാര്‍ഥികളെ തീരുമാനിച്ചതായി യു എന്‍ പ്രതിനിധി ബെര്‍നാഡിനൊ ലിയോണ്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ട്രിപ്പോളി കേന്ദ്രമാക്കി ഭരണ നടത്തുന്ന സര്‍ക്കാറിലെ ഒരു അംഗമായ ഫയസ് സാരാജ് ആയിരിക്കും പുതിയ സര്‍ക്കാറിലെ പ്രധാനമന്ത്രിയെന്ന് ലിയോണ്‍ പറഞ്ഞു. രാജ്യത്തിന്റെ കിഴക്ക്, പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന മൂന്ന് ഉപപ്രധാനമന്ത്രിമാരുടേയും വടക്ക് ഭാഗത്തെ പ്രതിനിധീകരിച്ച് പ്രസിഡന്‍ഷ്യല്‍ കൗണ്‍സിലേക്കുള്ള രണ്ട് മന്ത്രിമാരുടെ പേരും ലിയോണ്‍ പ്രഖ്യാപിച്ചു. എല്ലാവരും ഒത്തൊരുമിച്ച് ഒരു സംഘം പോലെ പ്രവര്‍ത്തിക്കുമെന്നും എന്നാല്‍ ഇത് എളുപ്പമുള്ള കാര്യമല്ലെന്നും ലിയോണ്‍ പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിയോഗികളായ രണ്ട് സര്‍ക്കാറുകളുടേയും പ്രതിനിധിമാര്‍ പേരുകള്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇരു വിഭാഗത്തേയും പാര്‍ലിമെന്റുകള്‍കൂടി ഇതിന് അംഗീകാരം നല്‍കണം. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതലാണ് രാജ്യത്ത് തലസ്ഥാനമായ ട്രിപ്പോളി കേന്ദ്രമാക്കി ഒരു സര്‍ക്കാറും കിഴക്കന്‍ നഗരമായ ടൊബര്‍ക്ക് കേന്ദ്രമാക്കി മറ്റൊരു സര്‍ക്കാറും ഭരണം തുടങ്ങിയത്. ടൊബര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിനെയാണ് അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിരുന്നത്. ഐക്യ സര്‍ക്കാറെന്ന നിര്‍ദേശത്തെ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സ്വാഗതം ചെയ്തു.