Connect with us

Gulf

രാജ്യത്ത് ഈ വര്‍ഷം സംഭവിച്ചത് 4.37 ശതമാനം പണപ്പെരുപ്പം

Published

|

Last Updated

ദുബൈ: രാജ്യത്ത് പണപ്പെരുപ്പം ഈ വര്‍ഷം 4.37 ശതമാനമായി ഉയര്‍ന്നതായി അധികതര്‍ വ്യക്തമാക്കി. സേവനങ്ങള്‍ക്കും ഉല്‍പന്നങ്ങള്‍ക്കുമാണ് ശരാശരി 4.37 ശതമാനത്തിന്റെ വര്‍ധനവ് പൊതുവില്‍ സംഭവിച്ചിരിക്കുന്നതെന്ന് നാഷനല്‍ ബേങ്ക് ഓഫ് അബുദാബിയുടെ സാമ്പത്തിക വിദഗ്ധന്‍ അല്‍പ് എക്കെ വ്യക്തമാക്കി.
2014ല്‍ പണപ്പെരുപ്പം 2.34 മാത്രമായിരുന്നു. ഈ വര്‍ഷം പണപ്പെരുപ്പം ഇരട്ടിയോളമാണ് വര്‍ധിച്ചിരിക്കുന്നത്. ഈ വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ ദുബൈയില്‍ പൊതുവില്‍ കെട്ടിട വാടക ഉയര്‍ന്നു നിന്നതിനാല്‍ പലര്‍ക്കും കൂടുതല്‍ തുക വാടക ഇനത്തില്‍ ചെലവഴിക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ ഇരട്ടിയോളം തുക ചെലവഴിക്കുന്നതും പണപ്പെരുപ്പത്തിന് കാരണമായിട്ടുണ്ട്. യാത്ര, സേവനങ്ങള്‍, ഭക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ അവശ്യവസ്തുക്കളുടെ വിലയും കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വര്‍ധിച്ചിട്ടുണ്ട്. യു എ ഇ ഉപഭോക്തൃ സൂചിക ജനുവരിയില്‍ 3.67 ശതമാനം ഉയര്‍ന്നപ്പോള്‍ ഓഗസ്റ്റില്‍ ഇത് 4.94 ആയി വീണ്ടും മുകളിലോട്ട് പോയി. സെപ്തംബര്‍ മാസത്തില്‍ 3.67 ശതമാനം വര്‍ധനവാണ് വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും രാജ്യത്തുണ്ടായത്.
അടുത്ത മാസം പണപ്പെരുപ്പ തോത് 4.6ലേക്കും ഡിസംബറില്‍ 4.5ലേക്കും താഴ്‌ന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു പ്രകാരം സംഭവിച്ചാല്‍ ഈ വര്‍ഷത്തെ ശരാശരി പണപ്പെരുപ്പം 4.4ല്‍ നില്‍ക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പണപ്പെരുപ്പ ശരാശരി വളരെ കൂടുതലാണ്. മാസ ബജറ്റിന്റെ സിംഹഭാഗവും താമസത്തിന് വാടക ഇനത്തില്‍ നല്‍കേണ്ട അവസ്ഥയിലാണ് ദുബൈ ഉള്‍പെടെയുള്ള പ്രധാന നഗരങ്ങളിലെ താമസക്കാര്‍. ചില ഭാഗങ്ങളില്‍ വാടകയില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും മുഖ്യ കേന്ദ്രങ്ങളിലെല്ലാം വാടക വര്‍ധിക്കുകയാണ് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ എണ്ണക്കുള്ള സബ്‌സിഡി എടുത്തു കളഞ്ഞത് പണപ്പെരുപ്പം വര്‍ധിക്കാന്‍ ഇടയാക്കിയതായും അല്‍പ് വിശദീകരിച്ചു.

Latest