Connect with us

Kannur

രാഷ്ട്രീയം തലയ്ക്കു പിടിച്ച നാട്ടിലും പോരാട്ടം കനക്കും

Published

|

Last Updated

കണ്ണൂര്‍: അന്ത്യം വരേയും പോരാട്ടവീര്യം ചോരാതെ നില്‍ക്കുന്ന, രാഷ്ട്രീയം തലയ്ക്കു പിടിച്ച നാടാണ് ഇതെന്ന് കണ്ണൂരിനെ ആര്‍ക്കും ഒറ്റ നോട്ടത്തില്‍ വായിച്ചെടുക്കാനാവും. ഏത് തിരഞ്ഞെടുപ്പായാലും രാഷ്ട്രീയവും ഒപ്പം കുറേ വിവാദങ്ങളും നുരഞ്ഞുപതഞ്ഞു തിളച്ചു മറിയുന്നതാണ് കണ്ണൂരിന്റെ ചരിത്രം. ഓരോ തിരഞ്ഞെടുപ്പിലും മാറി മറയുന്ന വോട്ടുനിലയാണ് ജില്ലയുടെ പ്രത്യേകത.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ കണക്ക് പ്രകാരം ജില്ലാ പഞ്ചായത്ത് അടക്കം 93 തദ്ദേശഭരണസ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നതാണ് കണ്ണൂര്‍ ജില്ല. പുതിയനഗരസഭകള്‍ രൂപവത്കരിച്ചപ്പോള്‍ 10 പഞ്ചായത്തുകള്‍ ഇല്ലാതായി. 11 ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് മാറ്റമില്ല. എന്നാല്‍ പുതിയ നഗരസഭകളും കോര്‍പറേഷനും വരുന്നതോടെ നാല് ബ്ലോക്ക് പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ മാറ്റമുണ്ട്. കണ്ണൂര്‍ നഗരസഭയും പള്ളിക്കുന്ന്, പുഴാതി, എളയാവൂര്‍, എടക്കാട്, ചേലോറ പഞ്ചായത്തുകളും ചേര്‍ന്നാണ് പുതിയ കണ്ണൂര്‍ കോര്‍പറേഷന്‍. കണ്ണൂര്‍ നഗരത്തോടു ചേര്‍ന്നുള്ള അഴീക്കോട്, ചിറക്കല്‍, വളപട്ടണം പഞ്ചായത്തുകളെ ഒഴിവാക്കിയാണ് കോര്‍പറേഷന്‍ രൂപവത്കരണം. നേരത്തേയുണ്ടായിരുന്ന ആറു നഗരസഭകളില്‍ ഉള്‍പ്പെട്ടിരുന്ന കണ്ണൂര്‍ നഗരസഭ ഇത്തവണ കോര്‍പറേഷനായി മാറിയത് രാഷ്ട്രീയ പോരാട്ടത്തിന്റെ ശക്തി കൂട്ടാന്‍ കാരണമാകും.
പുതുതായി നാല് നഗരസഭകള്‍ കൂടി വന്നതോടെ ജില്ലയിലെ നഗരസഭകളുടെ എണ്ണം ഒമ്പതായി. പാനൂര്‍, ഇരിട്ടി, ശ്രീകണ്ഠപുരം, ആന്തൂര്‍ എന്നിവയാണ് പുതിയ നഗരസഭകള്‍. പാനൂര്‍, പെരിങ്ങളം, കരിയാട് പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് പുതിയ പാനര്‍ മുനിസിപ്പാലിറ്റി. കീഴൂര്‍ ചാവശ്ശേരി, ശ്രീകണ്ഠപുരം പഞ്ചായത്തുകളും നഗരസഭകളായി മാറുകയാണ്. നിലവില്‍ തളിപ്പറമ്പ് നഗരസഭയുടെ ഭാഗമായ ആന്തൂര്‍ പ്രത്യേക നഗരസഭയായി മാറുമെന്നതാണ് മറ്റൊരു ശ്രദ്ധേയ മാറ്റം. കൂത്തുപറമ്പ്, തലശേരി, മട്ടന്നൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ നഗരസഭകള്‍ എല്‍ഡി എഫ് ഭരിക്കുമ്പോള്‍ കണ്ണൂര്‍ നഗരസഭ മാത്രമാണ് ജില്ലയില്‍ യു ഡി എഫിനുള്ളത്.
നിലവിലുള്ള 81 പഞ്ചായത്തുകളില്‍ 56 പഞ്ചായത്തുകളിലെ ഭരണം എല്‍ ഡി എഫ് നടത്തുമ്പോള്‍ 25 പഞ്ചായത്തുകളില്‍ മാത്രമാണ് യു ഡി എഫിനു ഭരണം ഏറ്റെടുക്കാനായിട്ടുള്ളൂ. പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂര്‍, കണ്ണൂര്‍, എടക്കാട്, തലശ്ശേരി, കൂത്തുപറമ്പ്, പാനൂര്‍, ഇരിട്ടി, പേരാവൂര്‍ എന്നിവയാണ് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍. ഇതില്‍ കണ്ണൂര്‍ യു ഡി എഫ് ഭരിക്കുമ്പോള്‍ ബാക്കിയുള്ള 10 ബ്ലോക്കുകളിലും എല്‍ ഡി എഫാണ് ഭരണം നടത്തുന്നത്.
കണ്ണൂരില്‍ എക്കാലവും ജില്ലാ പഞ്ചായത്ത് ഭരിച്ചിട്ടുള്ളത് എല്‍ ഡി എഫ് ആണ്. 26 ഡിവിഷനുകള്‍ ഉള്ള ജില്ലാ പഞ്ചായത്തില്‍ 19 സീറ്റ് നേടിയാണ് നിലവില്‍ എല്‍ ഡി എഫ് ഭരണം നടത്തിവരുന്നത്. ഇതില്‍ രണ്ട് സീറ്റ് സി പി ഐക്കും 17 സീറ്റ് സി പി എമ്മിനുമാണ്. ആറ് സീറ്റ് മാത്രമാണ് യു ഡി എഫിനുള്ളത്. ബാക്കിയുള്ള ഒരു സീറ്റായ പെരിങ്ങളം മണ്ഡലം എല്‍ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയുടേതുമാണ്.
കണ്ണൂര്‍ കോര്‍പ്പറേഷന്റെ ആദ്യഭരണം സ്വന്തമാക്കുകയെന്നതാണ് ഇത്തവണത്തെ കണ്ണൂരിലെ പ്രധാന മത്സരം. മുസ്‌ലിം ലീഗും കോണ്‍ഗ്രസും ചേര്‍ന്നാണ് എക്കാലവും കണ്ണൂരിലെ നഗരസഭാ ഭരണം നടത്തിപ്പോരുന്നത്. 42 അംഗ കൗണ്‍സിലില്‍ ലീഗിന് 17 ഉം കോണ്‍ഗ്രസിന് 16ഉം അംഗങ്ങളാണുള്ളത്. കാര്യമായ എതിരാളികളില്ലാത്ത സുഖഭരണം പങ്കിട്ടു നഗരസഭാ അധ്യക്ഷപദം രണ്ടര വര്‍ഷം കോണ്‍ഗ്രസും രണ്ടര വര്‍ഷം ലീഗുമാണ് ഭരിക്കുന്നത്. കോര്‍പറേഷന്‍ വരുന്നതിനെ പ്രതീക്ഷയോടെയാണ് ഇടതു കക്ഷികള്‍ കാണുന്നത്. മറ്റു പഞ്ചായത്തുകള്‍ കൂടിച്ചേരുമ്പോള്‍ വോട്ട് നിലയില്‍ മാറ്റം വരുമെന്നും വിജയം പിടിച്ചെടുക്കാന്‍ പ്രയാസമുണ്ടാകില്ലെന്നുമാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. കോര്‍പ്പറേഷനില്‍ പുതിയതായി വരുന്ന അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ രണ്ട്് ഗ്രാമപഞ്ചായത്തുകള്‍ കോണ്‍ഗ്രസ് ഭൂരിപക്ഷമുള്ളതാണ്. എടക്കാട് ഗ്രാമപഞ്ചായത്ത് രൂപവത്കരിച്ചത് മുതല്‍ പതിനാറുവര്‍ഷം എല്‍ ഡി എഫ് ഭരണമാണ്. മുന്നണികള്‍ക്ക് ആശക്കൊപ്പം ആശങ്കയും നല്‍കുന്നതാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആകുമ്പോഴുള്ള രാഷ്ട്രീയ ചിത്രം. കണ്ണൂര്‍ കോര്‍പ്പറേഷനാകുമ്പോള്‍ നിലവിലെ നഗരസഭ മേല്‍ക്കൈ നഷ്ടപ്പെടാതിരിക്കാന്‍ യു ഡി എഫിനും കൈയെത്താദൂരത്തുള്ള ജില്ലാ ആസ്ഥാനം പിടിച്ചെടുക്കാന്‍ എല്‍ ഡി എഫിനും കനത്ത മത്സരം നടത്തിയേ മതിയാകൂ. ഇളകാത്ത ലീഗ് അണികളും കോണ്‍ഗ്രസിന്റെ കരുത്തും ഒത്തുചേര്‍ന്നപ്പോള്‍ ജില്ലാ ആസ്ഥാനം യു ഡി എഫിന്റെ കൈയില്‍ ഭദ്രമായിരുന്നു. പുതിയ സംവിധാനത്തിലും അതിനൊരു മാറ്റമുണ്ടാകാന്‍ യു ഡി എഫ് ഇഷ്ടപ്പെടുന്നില്ല.
കണ്ണൂരില്‍ യു ഡി എഫും എല്‍ ഡി എഫും വിജയത്തിനൊപ്പം ഇത്തവണ ഒന്നുമാറി ചിന്തിക്കുന്നുണ്ട്. പ്രതിപക്ഷമില്ലാത്ത പഞ്ചായത്തുകളില്‍ എങ്ങനെയെങ്കിലും തങ്ങള്‍ക്ക് പ്രതിപക്ഷത്തിരിക്കാന്‍ ആളെ സംഘടിപ്പിക്കാനാണ്് ഇരുവിഭാഗത്തിന്റേയും രണ്ടും കല്‍പ്പിച്ചുള്ള നീക്കം. പ്രതിപക്ഷമില്ലാത്ത പഞ്ചായത്തുകളുടെ എണ്ണക്കൂടുതലാണ് ജില്ലയില്‍ യു ഡി എഫിനെ അലോസരപ്പെടുത്തുന്നത്. യു ഡി എഫ് അംഗങ്ങളില്ലാത്ത 15 ഗ്രാമപഞ്ചായത്തുകളില്‍ പ്രതിപക്ഷ ബെഞ്ചിലിരിക്കാന്‍ ഒരാളെ കണ്ടെത്താനുളള തന്ത്രം യു ഡി എഫ് തുടങ്ങിയപ്പോള്‍ തങ്ങള്‍ക്ക് ഒരംഗത്തെ പോലും ജയിപ്പിക്കാനാകാത്ത രണ്ട് പഞ്ചായത്തുകളെന്ന പോരുദോഷം മാറ്റാന്‍ സി പി എമ്മും തയ്യാറെടുപ്പ് ആരംഭിച്ചു. കണ്ണൂരില്‍ പ്രതിപക്ഷമില്ലാത്ത 17 ഗ്രാമപഞ്ചായത്തുകളാണുള്ളത്. ലീഗ് ഭരണത്തിലുള്ള വളപട്ടണം, മാട്ടൂല്‍ പഞ്ചായത്തുകളിലാണ് സി പി എമ്മിനും എല്‍ ഡി എഫിനും ഒട്ടും സാന്നിധ്യമില്ലാത്തത്. ഈ രണ്ട് പഞ്ചായത്തുകളും കാലാകാലങ്ങളായി യു ഡി എഫ്് കുത്തക പഞ്ചായത്തുകളാണ്. ചെങ്കോട്ടയാണ് കണ്ണൂരെന്ന് പറയപ്പെടുമ്പോഴാണ് ഈ രണ്ട് പഞ്ചായത്തിലും ഒരു അംഗത്തെ പോലും വിജയിപ്പിക്കാന്‍ സി പി എമ്മിനു കഴിയാത്തതെന്നാണ് രാഷ്ട്രീയ കൗതുകം. തിരഞ്ഞെടുപ്പില്‍ ഇടതു ഐക്യജനാധിപത്യ മുന്നണികളും ബി ജെ പിയുമായിരിക്കും പ്രധാനമായും മത്സര രംഗത്തുണ്ടാകുകയെങ്കിലും മറ്റു ചില സംഘടനകളും സജീവമാകുമെന്ന് ഉറപ്പാണ്. നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് താരതമ്യേന ചെറിയ വോട്ടുകളുപയോഗിച്ച് നേട്ടം കൊയ്യാനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എസ് ഡി പി ഐയും ഐ എന്‍ എലുമൊക്കെ ചില വാര്‍ഡുകളില്‍ മുന്നേറ്റം നടത്തിയത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളോട് ഏറ്റുമുട്ടി തന്നയാണ്. ഇത്തരം പാര്‍ട്ടികളുടെ പ്രാധാന്യം ഇക്കുറി വര്‍ധിക്കും. തദ്ദേശ വാര്‍ഡ് വിഭജനപകാരം കണ്ണൂരില്‍ ലീഗിനാണ് പ്രധാനൂമായും രാഷ്ട്രീയ നേട്ടമുണ്ടാകുക. ലീഗ് സി പി എം സംഘര്‍ഷമേഖലയായ തളിപ്പറമ്പ് നഗരസഭാ ഭരണം പിടിച്ചെടുക്കാനുള്ള പദ്ധതിയാണ് ഏറ്റവും പ്രധാനം. സി പി എം കോട്ടയായ തളിപ്പറമ്പ് നഗരസഭ വിഭജിച്ച് ആന്തൂരും കല്യാശേരിയും ചേര്‍ത്തു പുതിയ മുനിസിപ്പാലിറ്റി രൂപവത്കരിച്ചതോടെ തളിപ്പറമ്പ് നഗരഭരണം ലീഗ് കണക്കുകൂട്ടുന്നു. ഇതിനു പുറമെ ശ്രീകണ്ഠപുരം, കീഴൂര്‍ ചാവശ്ശേരി, ആന്തൂര്‍, പാനൂര്‍ നഗരസഭകളും അഴീക്കല്‍, കരുവഞ്ചാല്‍, കാട്ടാമ്പള്ളി, പട്ടാന്നൂര്‍ പഞ്ചായത്തുകളും രൂപവത്കരിച്ചത് യു ഡി എഫ് താത്പര്യം മുന്‍ നിര്‍ത്തിയാണെന്നാണ് പരാതി. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പോലും അവഗണിച്ചാണ് പല വാര്‍ഡുകളും വിഭജിച്ചിട്ടുള്ളത്. എല്‍ ഡി എഫ് തുടര്‍ച്ചയായി ഭരണത്തിലിരിക്കുന്ന പഞ്ചായത്തായ ശ്രീകണ്ഠപുരത്തെ നഗരസഭയാക്കിയതിനു പിന്നില്‍ ലീഗ് താത്പര്യമാണെന്നാണ് ആരോപണം. വാര്‍ഡ് വിഭജിച്ച് മുനിസിപ്പാലിറ്റി സ്വന്തമാക്കുകയെന്ന ലക്ഷ്യമാണ് ലീഗ് പയറ്റിയത്. യു ഡി എഫ് ഭരിക്കുന്ന പാനൂര്‍, പെരിങ്ങളം, കരിയാട് പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്താണ് പാനൂര്‍ നഗരസഭ രൂപവത്കരിച്ചിരിക്കുന്നത്. പാനൂരുമായി അതിര്‍ത്തി പങ്കിടുന്ന പന്ന്യന്നൂര്‍, മൊകേരി പഞ്ചായത്തുകളെയും കുന്നോത്തുപറമ്പിന്റെ ഒരു ഭാഗവും ഉള്‍പ്പെടുത്താതെയാണ് മുനിസിപ്പാലിറ്റി രൂപവത്കരിച്ചത്.
ജില്ലയില്‍ ഇതുവരെ കാര്യമായ നേട്ടമുണ്ടാക്കാന്‍ പറ്റാത്ത ബി ജെ പി ഇത്തവണ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിലാണ് പടപ്പുറപ്പാട് നടത്തുന്നത്. കണ്ണൂര്‍ നഗരത്തിനൂടുത്ത അമ്പാടിമുക്ക് ഉള്‍പ്പെടെ ജില്ലയിലെ ഒട്ടുമുക്കാല്‍ പോക്കറ്റുകളിലും സാന്നിധ്യം ഉണ്ടാക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ബി ജെ പി നേതൃത്വം. ജില്ലയില്‍ ശക്തമായ മുന്നണി സ്വാധീനം നിലനില്‍ക്കുമ്പോഴും ഇപ്പോള്‍ പലയിടങ്ങളിലും ബി ജെ പി തങ്ങളുടെ സ്വാധീനം തെളിയിക്കുകയാണ്. ഏറ്റവുമൊടുവില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭിച്ച വോട്ടിന്റെ കണക്കനുസരിച്ചാണ് ബി ജെ പിയുടെ സാന്നിധ്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയരുന്നത്.

Latest