കോര്‍പറേഷനില്‍ യു ഡി എഫിന്റെ സീറ്റ് വിഭജനം തീരുമാനമായില്ല

Posted on: October 8, 2015 9:52 am | Last updated: October 8, 2015 at 10:52 am
SHARE

കോഴിക്കോട്: കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിനുള്ള യു ഡി എഫിന്റെ സീറ്റ് വിഭജനം ഇന്നലെ നടന്ന ചര്‍ച്ചയിലും തീരുമാനമായില്ല. ഇന്നലെ ഡി സി സി ഓഫീസില്‍ നടന്ന യു ഡി എഫ് ജില്ലാ നേതാക്കന്‍മാരുടെ ചര്‍ച്ചയില്‍ ഘടകക്ഷികളായ ജനതാദള്‍ യുണൈറ്റഡും മുസ്‌ലിം ലീഗും കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടതാണ് ചര്‍ച്ച വഴിമുട്ടിയത്. ഇന്നത്തോടെ ഒരു ധാരണയില്‍ എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പ്രമുഖ ഘടകക്ഷി നേതാവ് പ്രതികരിച്ചു.
അതിനിടെ എല്‍ ഡി എഫില്‍ സി പി എം തങ്ങള്‍ മത്സരിക്കാന്‍ സാധ്യതയുള്ള വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളുടെ പ്രാഥമിക ലിസ്റ്റ് തയ്യാറാക്കി. വരും ദിവസങ്ങളില്‍ വാര്‍ഡ് കമ്മിറ്റികള്‍ ചേര്‍ന്ന് അന്തിമ തീരുമാനം എടുക്കും. തുടര്‍ന്ന് മുന്നണിയില്‍ ചര്‍ച്ച ചെയ്യും. തര്‍ക്കമുള്ള വാര്‍ഡുകളില്‍ ജില്ലാ നേതൃത്വം ഇടപെട്ട് തീരുമാനം കൈക്കൊള്ളും.
സംവരണ വാര്‍ഡുകള്‍ മാറിയതോടെ തങ്ങളുടെ പല നേതാക്കള്‍ക്കും മത്സരിക്കാന്‍ സീറ്റില്ലെന്നും ഇതിനാല്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്നും ലീഗും ജനതാദളും ഇന്നലെ നടന്ന യു ഡി എഫ് യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൂടുതലായി സീറ്റ് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.
ഇപ്പോഴത്തെ നാല് സിറ്റിംഗ് സീറ്റുകളടക്കം ഏഴ് സീറ്റുകള്‍ നല്‍കണമെന്നാണ് ജനതാദള്‍ യുണൈറ്റഡിന്റെ ആവശ്യം. കഴിഞ്ഞ തവണ ചെറുവണ്ണൂര്‍, എലത്തൂര്‍ ഭാഗങ്ങളിലായി യു ഡി എഫ് നേതൃത്വം വാഗ്ദാനം ചെയ്ത രണ്ട് സീറ്റുകളും നഗരത്തില്‍ ഒരു സീറ്റുമാണ് അധികമായി ആവശ്യപ്പെട്ടിട്ടുള്ളത്. ആഴ്ചവട്ടം (ഡിവിഷന്‍ 35) വനിതാ സംവരണമായതോടെ സിറ്റിംഗ് കൗണ്‍സിലറും മുതിര്‍ന്ന നേതാവുമായ എന്‍ സി മോയിന്‍കുട്ടിക്ക് മത്സരിക്കാന്‍ സീറ്റില്ലാതായി. ഇദ്ദേഹത്തിന് മത്സരിക്കാന്‍ നഗരത്തിനുള്ളില്‍ ഒരു സീറ്റ് വേണമെന്നും ജനതാദള്‍ യു ആവശ്യപ്പെടുന്നു.
കഴിഞ്ഞ തവണ പ്രമുഖര്‍ പലരും ജയിച്ച സീറ്റുകളിലേറെയും വനിതാ സംവരണമായതാണ് ലീഗിന് പ്രശ്‌നം. കഴിഞ്ഞ തവണ ലഭിച്ച വനിതാസംവരണ സീറ്റുകളില്‍ പലതിലും സ്ഥാനാര്‍ഥികളെ നിര്‍ത്താനില്ലാതിരുന്നതിനാല്‍ സ്വതന്ത്രരെ നിര്‍ത്തുകയായിരുന്നു ലീഗ് ചെയ്തിരുന്നത്. ഇതിനാല്‍ ഇത്തവണ കൂടുതല്‍ ജനറല്‍ സീറ്റുകള്‍ വേണമെന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ ആര്‍ എസ് പി, സി എം പി തുടങ്ങിയ കക്ഷികളും സീറ്റ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസങ്ങളിലായി തയ്യാറാക്കിയ സി പി എമ്മിന്റെ ലിസ്റ്റില്‍ മുന്‍ എം എല്‍ എ വി കെ സി മമ്മദ്‌കോയ അടക്കം നിരവധി പ്രമുഖര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുന്‍മേയര്‍മാരായ തോട്ടത്തില്‍ രവീന്ദ്രന്‍, എം എം പത്മാവതി, സി പി എം സൗത്ത് ഏരിയ സെക്രട്ടറി കാനങ്ങാട്ട് ഹരിദാസന്‍, ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി എം ആതിര, എം രാധാകൃഷ്ണന്‍ മാസ്റ്റര്‍, സല്‍മാ റഹ്മാന്‍, ടി സുജന്‍, അഡ്വ. ജയദീപ് എന്നിവരുടെ പേരുകള്‍ ലിസ്റ്റിലുള്ളതായാണ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. കഴിഞ്ഞ കൗണ്‍സിലിലുണ്ടായ മേയര്‍ എ കെ പ്രേമജം, ഡെപ്യൂട്ടി മേയര്‍ പി ടി അബ്ദുല്ലത്വീഫ്, ജാനമ്മ കുഞ്ഞുണ്ണി, എം മോഹനന്‍, മുസാഫര്‍ അഹമ്മദ് തുടങ്ങിയവരൊന്നും ഇത്തവണ മത്സരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.