കുന്ദുസ് ആശുപത്രി ആക്രമണം: പിഴവ് സംഭവിച്ചതായി യു എസ് കുറ്റസമ്മതം

Posted on: October 8, 2015 5:32 am | Last updated: October 8, 2015 at 12:41 am
SHARE

കാബൂള്‍: കുന്ദുസില്‍ അന്താരാഷ്ട്ര സന്നദ്ധപ്രവര്‍ത്തകര്‍ നടത്തുന്ന ആശുപത്രിക്ക് നേരെ നടന്ന വ്യോമാക്രമണം അബദ്ധമെന്ന് യു എസ് കുറ്റസമ്മതം. എം എസ് എഫ് (ഡോക്‌ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ്- മെഡിസിനെ സാന്‍സ് ഫ്രോണ്ടിയേഴ്‌സ്) വിഭാഗത്തിലെ 12 ആരോഗ്യപ്രവര്‍ത്തകരടക്കം 22 പേര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാന്‍ സൈന്യം ആവശ്യപ്പെട്ടതനുസരിച്ചാണ് തങ്ങള്‍ ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ അമേരിക്ക ശ്രമം നടത്തിയിരുന്നു.
ആശുപത്രി തങ്ങളുടെ ആക്രമണത്തിന് അബദ്ധത്തില്‍ ഇരയായി. ആരോഗ്യപ്രവര്‍ത്തകരെ ലക്ഷ്യമാക്കിയായിരുന്നില്ല ഈ ആക്രമണമെന്നും അഫ്ഗാനിലെ യു എസ് കമാന്‍ഡര്‍ ജനറല്‍ ജോണ്‍ കേംബല്‍ സെനറ്റ് ആംഡ് സര്‍വീസ് കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം നടത്തിയത് യു എസ് കമാന്‍ഡര്‍മാരുടെ നിര്‍ദേശത്തോടെയായിരുന്നുവെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്.
ആക്രമണത്തില്‍ 12 ജീവനക്കാരടക്കം 22 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതോടെ ആശുപത്രി അടച്ചതായി എം എസ് എഫ് അറിയിച്ചിരുന്നു. സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണവും സംഘടന ആവശ്യപ്പെട്ടു. യുദ്ധ മേഖലയില്‍ ഗുരുതര പരുക്കേറ്റവര്‍ക്ക് ആശ്വാസമായിരുന്നു എം എസ് എഫിന്റെ ആശുപത്രി. അമേരിക്കന്‍ പ്രസിഡഡന്റ് ബരാക് ഒബാമ ആക്രമണത്തെ കുറിച്ചുള്ള പൂര്‍ണ അന്വേഷണം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അന്തരാഷ്ട്ര തലത്തില്‍ യു എസിന് മേല്‍ ശക്തമായ സമ്മര്‍ദമുണ്ട്.
180ലധികം ജീവനക്കാരുള്ള മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ആശുപത്രി തകര്‍ത്തതിന് അഫ്ഗാന്‍-അമേരിക്കന്‍ സേന കാരണമായി കണ്ടെത്തിയത് ഇവിടെ താലിബാന്‍ അംഗങ്ങളുണ്ടായിരുന്നുവെന്നാണ്. എന്നാല്‍ ആക്രമണം നടക്കുന്ന സമയത്ത് ഏതെങ്കിലും താലിബാന്‍ തീവ്രവാദികള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്ന് എം എസ് എഫ് ഉറപ്പിച്ചു പറഞ്ഞിരുന്നു.
ഇതിനിടെ കുന്ദുസ് നഗരത്തില്‍ വീണ്ടും ആക്രമണം രൂക്ഷമായി. കഴിഞ്ഞ ദിവസം അര്‍ധരാത്രി കുന്ദുസിലെ പോലീസ് ആസ്ഥാനം താലിബാനികള്‍ ആക്രമിച്ചിരുന്നു. നഗരത്തില്‍ ഭക്ഷ്യവസ്തുക്കള്‍ മതിയായ രൂപത്തില്‍ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കുന്ദുസ് നഗരം താലിബാന്‍ തീവ്രവാദികള്‍ പിടിച്ചെടുത്ത സംഭവം അഫ്ഗാനിലെ അശ്‌റഫ് ഗനി സര്‍ക്കാറിന്റെയും അമേരിക്കന്‍ വിദേശ നയത്തിന്റെയും പരാജയമായാണ് വിലയിരുത്തപ്പെടുന്നത്.
നഗരത്തില്‍ ഇപ്പോഴും സദാ സമയവും വെടിയൊച്ച ഉയരുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ പോരാട്ടം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്നുണ്ട്. ശക്തമായ പ്രതിരോധം അഫ്ഗാന്‍ സൈന്യം നേരിടുന്നുണ്ടെങ്കിലും താലിബാനെ പരാജയപ്പെടുത്തി നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ തന്നെയാണ് സര്‍ക്കാറിന്റെ തീരുമാനം.