Connect with us

National

അഹ്‌ലാഖിന്റെ കൊലപാതകം: യു പി സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി: മാട്ടിറിച്ചി കഴിച്ചു എന്ന് ആരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖെന്ന കര്‍ഷകനെ ജനക്കൂട്ടം അടിച്ചുകൊന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിരോധിത മാംസം കഴിച്ചതിന്റെ പേരിലുള്ള അഭ്യൂഹങ്ങളാണ് അഖ്‌ലാഖിനെ അടിച്ചുകൊല്ലാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കൊലപാതകത്തിന്റെ കാരണമോ ഗോവധത്തെ കുറിച്ചോ ഇതില്‍ പരാമര്‍ശമില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് റിപ്പോര്‍ട്ട് കൈമാറിയത്.
പ്രദേശത്ത് പിന്നീടുണ്ടായ സംഘര്‍ഷത്തിലേക്ക് നയിച്ചത് രാഷ്ട്രീയമാണെന്നും സമാജ്‌വാദി സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പറയുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, അസദുദ്ദീന്‍ ഉവൈസി കേന്ദ്ര മന്ത്രി മഹേഷ് ശര്‍മ എന്നിവരുടെ സന്ദര്‍ശനം പ്രദേശത്ത് അസ്വാരസ്യങ്ങളുണ്ടാക്കി. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ അഖ്‌ലാഖിന്റെ ഇളയ മകന്‍ ഡാനിഷ് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ബി ജെ പി പ്രാദേശിക നേതാവ് സഞ്ജയ് റാണയുമായി ബന്ധമുള്ളവരാണ് കേസിലെ പ്രതികളിലേറെയും. ഇയാളുടെ മകന്‍ വിശാല്‍ റാണയാണ് മുഖ്യ പ്രതി. അഖ്‌ലാഖിന്റെ കുടുംബത്തെ ആക്രമിക്കാന്‍ ജനക്കൂട്ടത്തെ വിളിച്ചുകൂട്ടിയത് ഇയാളാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
വധത്തില്‍ നിന്ന് വിലക്കിയിട്ടുള്ള ഒരു മൃഗത്തെ കൊന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സൂചനകളുടെ അടിസ്ഥാനത്തില്‍ ഏതാനും പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും നിഗമനത്തിലെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പരുക്കേറ്റ ഡാനിഷിന്റെ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിദ്വേഷ പോസ്റ്റുകള്‍ നിയന്ത്രിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
യു പി സര്‍ക്കാറിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഒഴിവാക്കണമെന്ന് ട്വിറ്ററിനോട് പോലീസ് ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങള്‍ വഴി ദാദ്രി സംഭവത്തില്‍ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. അതിനാലാണ് ട്വിറ്ററിലുള്ള ചിത്രങ്ങളും പോസ്റ്റുകളും ഒഴിവാക്കണമെന്ന് ആവശ്യപ്പട്ടത്. ദാദ്രി സംഭവവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും മാറ്റണമെന്നാവശ്യപ്പെട്ട് യു പി പോലീസിന്റെ സോഷ്യന്‍ മീഡിയ ലാബിലേക്ക് കത്തയച്ചിട്ടുണ്ടെന്ന് ഐ ജി. ഡി പ്രകാശ് പറഞ്ഞു. കാര്യങ്ങളെ വര്‍ഗീയതയിലേക്ക് കൂപ്പുകുത്തിക്കുന്ന വാക്കുകളും ഗ്രാഫിക്‌സുകളും പോസ്റ്റ് ചെയ്തിരിക്കുന്നത് ആരാണെന്ന് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായ മഹേഷ് ശര്‍മ, ബി ജെ പി എം എല്‍ എ സംഗീത് സോം, ബി എസ് പി നേതാവും മുന്‍ മന്ത്രിയുമായ നസീമുദ്ദീന്‍ സിദ്ദീഖി എന്നിവര്‍ക്കെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായി എസ് പി സഞ്ജയ് സിംഗ് അറിയിച്ചു. നിരോധനാജ്ഞ ലംഘിച്ച് ഇവര്‍ നിരവധി തവണ അഖ്‌ലാഖിന്റെ വസതി സന്ദര്‍ശിച്ചിരുന്നെന്നും ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും എസ് പി വ്യക്തമാക്കി.
കഴിഞ്ഞ 28നാണ് ഡല്‍ഹിക്ക് സമീപം ദാദ്രിയില്‍ ഇരുന്നൂറോളം പേര്‍ ചേര്‍ന്ന് മുഹമ്മദ് അഖ്‌ലാഖിനെ മാട്ടിറച്ചി കഴിച്ചെന്നാരോപിച്ച് ഇഷ്ടികകൊണ്ടും മറ്റും അടിച്ചുകൊന്നത്. സമീപത്തെ ക്ഷേത്രത്തില്‍ നിന്നുള്ള അനൗ ണ്‍സ്‌മെന്റിനെ തുടര്‍ന്നായിരുന്നു സംഭവം.

---- facebook comment plugin here -----