ഗാന്ധി വധത്തിന്റെ പാരമ്പര്യം ഇന്ത്യയില്‍ നിലനില്‍ക്കുന്നു: എം ജി എസ്

Posted on: October 6, 2015 10:06 am | Last updated: October 6, 2015 at 10:06 am
SHARE

കോഴിക്കോട്: ഗാന്ധി വധത്തിന്റെ പാരമ്പര്യം ഇന്ത്യയില്‍ നിലനില്‍ക്കുന്നുവെന്നതാണ് ബുദ്ധി ജീവികളെ വക വരുത്തുന്ന പുതിയ പ്രവണതകള്‍ കാണിക്കുന്നതെന്ന് ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ പറഞ്ഞു,
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഗുരുവായൂരപ്പന്‍ കോളജുമായി സഹകരിച്ച് നടത്തിയ ‘ഗാന്ധിജി എന്ന പത്രപ്രവര്‍ത്തകന്‍’ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയുടെ അഹിംസ, അക്രമ രാഹിത്യം, സഹന സമരം, സത്യസന്ധത, ലാളിത്യം തുടങ്ങിയവ ഉയര്‍ത്തിക്കാട്ടപ്പെട്ടെങ്കിലും അദ്ദേഹത്തിലെ പത്രപ്രവര്‍ത്തകന്‍ വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്നും എം ജി എസ് പറഞ്ഞു.
ഗാന്ധിജി കഴിവുറ്റ പത്രപ്രവര്‍ത്തകനായിരുന്നു. ജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ഒപ്പീനീയന്‍ എന്ന പത്രവും ഇന്ത്യയിലെത്തിയ ശേഷം നവജീവന്‍, ഹരിജന്‍, യങ് ഇന്ത്യ എന്നിവയും നടത്തിയത്. തന്റെ നിലപാട് നിശ്ചയദാര്‍ഢ്യത്തോടെയും നിര്‍ഭയമായും അവതരിപ്പിക്കാന്‍ പരസ്യം സ്വീകരിക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല.
അക്കാലത്ത് നിലവിലുണ്ടായിരുന്ന പത്രങ്ങളെക്കാള്‍ കോപ്പികള്‍ കുറവായിരുന്നെങ്കിലും ഗാന്ധിജി നടത്തിയ പത്രത്തിന്റെ അഭിപ്രായപ്രകടനങ്ങളാണ് ഇന്ത്യയില്‍ മാത്രമല്ല ബ്രിട്ടണിലും പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചതെന്നും എം ജി എസ് പറഞ്ഞു.
ഗുരുവായൂരപ്പന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം മാധവിക്കുട്ടി അധ്യക്ഷത വഹിച്ചു. മലയാള മനോരമ അസി.എഡിറ്റര്‍ കെ എഫ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, ഗുരുവായൂരപ്പന്‍ കോളജ് ലീഗല്‍ അഡൈ്വസര്‍ അഡ്വ. ഗോവിന്ദ് ചന്ദ്രശേഖര്‍, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. എം ഇ ശോഭ, ഡോ. പി കെ പ്രഭ, തനൂജ രാഘവന്‍, കെ ശ്രീലത എന്നിവര്‍ പ്രസംഗിച്ചു.