ലിവര്‍പൂളില്‍ തലമാറ്റം !

Posted on: October 6, 2015 5:47 am | Last updated: October 6, 2015 at 1:47 am
SHARE

ലണ്ടന്‍: പരിശീലക സ്ഥാനത്ത് നിന്ന് ബ്രെണ്ടന്‍ റോജേഴ്‌സിനെ പുറത്താക്കിയ ലിവര്‍പൂള്‍ അഴിച്ചുപണിക്കൊരുങ്ങുന്നു. 2014 ല്‍ ലിവര്‍പൂളിനെ പ്രീമിയര്‍ ലീഗിന്റെ കിരീടത്തിനരികിലെത്തിച്ച കോച്ചാണ് റോജേഴ്‌സ്. എന്നാല്‍, കഴിഞ്ഞ സീസണില്‍ ക്ലബ്ബ് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പുതിയ സീസണില്‍ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പന്ത്രണ്ട് പോയിന്റുമായി പത്താം സ്ഥാനത്തും. ലിവര്‍പൂളിന്റെ അമേരിക്കന്‍ ഉടമകളായ ഫെന്‍വേ സ്‌പോര്‍ട്‌സ് ഗ്രൂപ്പ് (എഫ് എസ് ജി) ക്ലബ്ബിന്റെ അധോഗതി മാറ്റിയെടുക്കാന്‍ തുനിഞ്ഞിറങ്ങുകയാണ്. പ്രധാനമായും മൂന്ന് പരിശീലകരെയാണ് പരിഗണിക്കുന്നത്. ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോട്മുണ്ടിന്റെ മുന്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപാണ് മുന്‍നിരയില്‍. എ സി മിലാന്‍, റയല്‍മാഡ്രിഡ് ക്ലബ്ബുകളുടെ മുന്‍ പരിശീലകനും ഇംഗ്ലണ്ടില്‍ ചെല്‍സിയെ കുറച്ച് കാലം പരിശീലിപ്പിക്കുകയും ചെയ്ത ഇറ്റലിക്കാരന്‍ കാര്‍ലോ ആഞ്ചലോട്ടിക്കും സാധ്യതയുണ്ട്. മുന്‍ ഡച്ച് താരവും അയാക്‌സിന്റെ കോച്ചുമായ ഫ്രാങ്ക് ഡി ബൂയറിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നു. യുര്‍ഗന്‍ ക്ലോപും ആഞ്ചലോട്ടിയും തമ്മിലാകും പ്രധാന മത്സരം.
റോജേഴ്‌സിനെ പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച ക്ലബ്ബ് ആരാധകര്‍ മുന്നോട്ടുവെക്കുന്ന പേര് യുര്‍ഗന്‍ ക്ലോപിന്റെതാണ്. ബൊറൂസിയ ഡോട്മുണ്ടിനെ ജര്‍മനിയിലെ കരുത്തുറ്റ നിരയാക്കിയതാണ് ക്ലോപിന്റെ താരപ്പൊലിമ. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബൊറൂസിയ ഡോട്മുണ്ട് റണ്ണേഴ്‌സപ്പായതും ക്ലോപിന്റെ പരിശീലക മികവായിരുന്നു. നക്ഷത്ര താരങ്ങളുമായി കളിക്കുന്ന ബയേണ്‍ മ്യൂണിക്കിനെ ജര്‍മനിയില്‍ വിറപ്പിച്ചവരാണ് ക്ലോപിന്റെ അത്രക്കൊന്നും താരമൂല്യമില്ലാത്ത കളി സംഘം. വേഗതയാര്‍ന്ന ഫുട്‌ബോളാണ് ക്ലോപിന്റെ ശൈലി. ലിവര്‍പൂളിന് യോജിക്കുക ക്ലോപായിരിക്കുമെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ ഡിഫന്‍ഡര്‍ റിയോ ഫെര്‍ഡിനാന്‍ഡ് അഭിപ്രായപ്പെട്ടു.