ഫലസ്തീനികള്‍ക്കെതിരെ കടുത്ത നടപടിയെന്ന് ഇസ്‌റാഈല്‍

Posted on: October 6, 2015 5:15 am | Last updated: October 6, 2015 at 1:16 am
SHARE

ജറൂസലം: വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷം തുടരുന്നതിനിടെ, ഫലസ്തീനികള്‍ക്ക് നേരെ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണി. ആക്രമണങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്ന ഫലസ്തീനികളുടെ വീടുകള്‍ ഇടിച്ചുനിരത്താന്‍ ഇസ്‌റാഈല്‍ നീക്കം നടത്തുന്നുണ്ട്. ഭരണപരമായ തടഞ്ഞുവെക്കല്‍ ശക്തമാക്കുക, ഇസ്‌റാഈലുകാര്‍ക്കെതിരെ പ്രതിരോധത്തിന്റെ ഭാഗമായി പോരാടുന്ന ഫലസ്തീനികള്‍ക്ക് മസ്ജിദുല്‍അഖ്‌സ കോമ്പൗണ്ടിലേക്ക് പ്രവേശം തടയുക എന്നീ പദ്ധതികളും നടപ്പാക്കുമെന്ന് നെതന്യാഹു ഭീഷണി മുഴക്കി.
കഴിഞ്ഞ ഞായറാഴ്ച രാത്രി സംഘര്‍ഷത്തിനിടെ 18 കാരനായ ഫലസ്തീന്‍ യുവാവ് ഹുദൈഫ സുലൈമാനെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചുകൊലപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
ജറൂസലം നഗരത്തില്‍ രണ്ട് ഇസ്‌റാഈലുകാരെ കൊലപ്പെടുത്തിയ 19 കാരനായ മുഹന്നദ് ഹലബിയെയും ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചുകൊലപ്പെടുത്തിയിരുന്നു. ഇദ്ദേഹത്തിന്റെ സുര്‍ദയിലെ വീട് ഇടിച്ചുതകര്‍ക്കാനുള്ള ഇസ്‌റാഈല്‍ സൈന്യത്തിന്റെ ശ്രമം തടയാന്‍ ഫലസ്തീനികള്‍ പ്രതിരോധം തീര്‍ത്തു. വീട് തകര്‍ക്കാന്‍ ലക്ഷ്യമിട്ടെത്തിയ ഇസ്‌റാഈല്‍ സൈന്യത്തെ അനുവദിച്ചില്ലെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. ശേഷം തെരുവുകളില്‍ വെച്ച് ഇസ്‌റാഈല്‍ സൈന്യവും ഫലസ്തീന്‍ പ്രതിഷേധക്കാരും ഏറ്റുമുട്ടി. ഫലസ്തീനികളെ ആധുനിക ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇസ്‌റാഈല്‍ നേരിട്ടത്. നിരവധി ഫലസ്തീനികള്‍ക്ക് പരുക്കേറ്റു. എന്നാല്‍ മുന്നറിയിപ്പ് നല്‍കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് ഇസ്‌റാഈല്‍ വിശദീകരണം. ജൂതന്മാര്‍ മാത്രം കുടിയേറിത്താമസിക്കുന്ന ബൈതുല്‍ഈലിലും കിഴക്കന്‍ ജറൂസലമിനും റാമല്ലക്കും ഇടയിലുള്ള ഖലന്‍ദിയ സൈനിക ചെക്‌പോയിന്റിന് അടുത്തുവെച്ചും സംഘര്‍ഷം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അടുത്തിടെ തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെയായി 220 ഫലസ്തീനികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ 96 പേര്‍ക്കും ഇസ്‌റാഈല്‍ സൈന്യത്തിന്റെ വെടിവെപ്പിനെ തുടര്‍ന്നാണ് പരുക്കേറ്റത്. മൂന്നാം ഇന്‍തിഫാദയുടെ തുടക്കമാണ് ഈ സംഭവങ്ങളെന്ന് നിരീക്ഷിക്കപ്പെടുന്നു.