റോഡ് സുരക്ഷ ബില്ലിനെ എതിര്‍ക്കുന്നത് സ്ഥാപിത താത്പര്യക്കാര്‍: ഗഡ്കരി

Posted on: October 6, 2015 5:14 am | Last updated: October 6, 2015 at 1:14 am
SHARE

ന്യൂഡല്‍ഹി: ഗതാഗത മേഖലയിലെ സുതാര്യതയും കമ്പ്യൂട്ടറൈസേഷനും എതിര്‍ക്കുന്ന സ്ഥാപിത താത്പര്യക്കാരാണ് പുതിയ റോഡ് സുരക്ഷ ബില്ലിനെ എതിര്‍ക്കുന്നതെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ന്യൂഡല്‍ഹിയില്‍ ഇന്റര്‍നാഷണന്‍ റോഡ് ഫെഡറേഷന്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദേഹം.
ഇന്ത്യന്‍ റോഡുകളെ ഫലപ്രദവും സുതാര്യവുമായ രീതിയില്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് പരിഷ്‌ക്കരിച്ച നിര്‍ദ്ദിഷ്ട മോട്ടോര്‍ വാഹന നിയമത്തിന് കഴിയും. ഏറെ പരിശ്രമത്തിലൂടെയാണ് റോഡ് ട്രന്‍സ്‌പോര്‍ട്ട് ആന്റ് സെഫ്റ്റി ബില്ല് 2015 ന് രൂപം നല്‍കിയത്. എന്നാല്‍ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഇത് സര്‍ക്കാര്‍ അഭിമുഖികരിക്കുന്ന വലിയ പ്രശ്‌നമാണ്. ഗതാഗത നിയമം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതാണ്. പല ലോബികളും ബില്ലിനെ എതിര്‍ക്കുന്നുണ്ട്. രാജ്യത്തെ റോഡ് അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് കര്‍മ്മാധിഷ്ഠിത പദ്ധതി നടപ്പാക്കും. റോഡ് സുരക്ഷാ വിഷയം പരിഹരിക്കുന്നതിന് ബഹുമുഖ സമീപനം ആവശ്യമാണ്.
കാല്‍നടയാത്രക്കാര്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങളുമായി റോഡുകള്‍ നിര്‍മ്മിക്കണം. അതേസമയം തങ്ങള്‍ നിര്‍മ്മിക്കുന്ന വാഹനങ്ങളുടെ സുരക്ഷ ഫലപ്രദമാക്കി വാഹനനിര്‍മ്മാണ വ്യവസായവും ഇതില്‍ പങ്കാളികളാകണം. റോഡ് സുരക്ഷ ഉറപ്പാക്കുന്നതില്‍ തങ്ങളുടെ പങ്കിനെ കുറിച്ച് പൊതുജനത്തെ ബോധവാന്മാരാക്കണമെന്നും അത്തരം ബോധവത്ക്കരണ ക്യാമ്പയിനുകളില്‍ സെലിബ്രിറ്റികളെ പങ്കെടുപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.