ആര്‍ എസ് പി_ കോണ്‍ഗ്രസ് ബന്ധം ഉലയുന്നു

Posted on: October 4, 2015 3:22 am | Last updated: October 5, 2015 at 2:17 pm
SHARE

kerala-rspകൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ കൊല്ലത്ത് കോണ്‍ഗ്രസ് – ആര്‍ എസ് പി ബന്ധം ഉലയുന്നു. അടുത്ത മാസം രണ്ടിന് ജില്ലയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂടുതല്‍ സീറ്റ് വേണമെന്ന ആര്‍ എസ് പിയുടെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം തള്ളി. കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ് മുന്നണിയിലെ ഒരു കക്ഷിക്കും വിട്ടുനല്‍കില്ലെന്ന് ഡി സി സി പ്രസിഡന്റ് വി സത്യശീലന്‍ വ്യക്തമാക്കി. ഇതോടെ കൊല്ലത്ത് ആര്‍ എസ് പിക്ക് സിറ്റിംഗ് സീറ്റുകളില്‍ മാത്രം മത്സരിക്കേണ്ടിവരും. കൊല്ലം കോര്‍പറേഷനില്‍ ഇരുപത് സീറ്റ് വേണമെന്നായിരുന്നു ആര്‍ എസ് പിയുടെ അവകാശവാദം. കൊല്ലത്ത് യു ഡി എഫിലെ രണ്ടാം കക്ഷി ആര്‍ എസ് പി ആണെന്നും അതിനാല്‍ ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റ് ലഭിക്കണമെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയുമായി കഴിഞ്ഞ ദിവസം ഡി സി സി പ്രസിഡന്റ് രംഗത്തെത്തിയതോടെയാണ് സീറ്റ് വിഭജനത്തെ സംബന്ധിച്ച് യു ഡി എഫിലെ അസ്വാരസ്യം മറനീക്കി പുറത്തുവന്നത്.
ആര്‍ എസ് പിക്ക് സിറ്റിംഗ് സീറ്റ് നല്‍കാം. കൂടുതല്‍ സീറ്റ് കോണ്‍ഗ്രസില്‍ നിന്ന് നല്‍കാനാകില്ല. മുന്നണി യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോകണം. എന്‍ കെ പ്രമേചന്ദ്രന് വേണ്ടി തങ്ങളുടെ ലോക്‌സഭാ സിറ്റിംഗ് സീറ്റ് ആര്‍ എസ് പിക്ക് വിട്ടുകൊടുത്തത് മറന്നുപോയിക്കാണുമെന്നും ഡി സി സി പ്രസിഡന്റ് പരിഹസിച്ചു. മറ്റന്നാള്‍ കൊച്ചിയില്‍ നടക്കുന്ന മുന്നണി യോഗത്തില്‍ വിഷയം ഉന്നയിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
അതേസമയം, ജില്ലയിലെ പഞ്ചായത്ത്, നഗരസഭ ഉള്‍പ്പെടെയുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെ സീറ്റ് വിഭജനവും യു ഡി എഫിന് തലവേദനയാകും. കഴിഞ്ഞ തവണ എല്‍ ഡി എഫിലായിരുന്ന ആര്‍ എസ് പി മത്സരിച്ച മിക്ക സീറ്റുകളിലും എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിന്റേതായിരുന്നു. ഈ സാഹചര്യങ്ങള്‍ തങ്ങളുടെ സീറ്റ് വിട്ടുനല്‍കാനാകില്ലെന്ന നിലപാട് മിക്ക പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും നേരത്തെ തന്നെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സീറ്റ് വിഭജനം പരാതിയില്ലാതെ പരിഹരിച്ച് മുന്നോട്ടുപോകുകയെന്നതാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ യു ഡി എഫ് നേതൃത്വത്തിന്റെ മുമ്പിലുള്ള വെല്ലുവിളി.