പാളിപ്പോയ പരീക്ഷണത്തിന് വീണ്ടും

Posted on: October 3, 2015 6:00 am | Last updated: October 3, 2015 at 1:07 am
SHARE

SIRAJ.......എസ് എന്‍ ഡി പി – മോദി കൂടിക്കാഴ്ചയുടെ പിന്നാമ്പുറത്ത് സംസ്ഥാനത്ത് മൂന്നാം മുന്നണി പിറവി കൊള്ളുന്നത് ഉറ്റുനോക്കുകയാണ് പ്രബുദ്ധ കേരളം. പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നല്‍കി വിശാല ഹിന്ദു ഏകീകരണമാണ് ലക്ഷ്യമെന്ന് പറയുന്ന യോഗം നേതൃത്വവും ബി ജെ പി നേതാക്കളും പുതിയ ബാന്ധവത്തിന്റെ പ്രായോഗിക രൂപം ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ബി ജെപിക്ക് കേരളത്തില്‍ പച്ച പിടിക്കാനാസാത്തത് കാലങ്ങളേറെയായി നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. വോട്ടു കച്ചവടം നടത്തി പരിക്ഷീണിതരായ പാര്‍ട്ടിക്ക് മലയാള മണ്ണില്‍ പരാജയത്തിന്റെ അനുഭവമാണ് നാളിതുവരേയും. പാര്‍ട്ടി ഇപ്പോള്‍ ഈഴവ സാമുദായിക സംഘടനയെ കൂട്ടുപിടിക്കുന്നത് അരുവിക്കര തിരഞ്ഞെടുപ്പിലെ അവിശുദ്ധ ബന്ധത്തിന്റെ നിഴലിലാണ്്. ശ്രീനാരായണ ഗുരുവിന്റെ സന്ദേശ പ്രചാരണത്തിനായുള്ള സംഘടനയുടെ തലപ്പത്തുള്ള, അബ്കാരി മേഖലയില്‍ നിന്നെത്തിയ വെള്ളാപ്പള്ളി നടേശന്‍ ഹിഡന്‍ അജന്‍ഡയുമായാണ് ബി ജെ പിയെ പുണരുന്നത്. അദ്ദേഹവും കുടുംബവും മാത്രം ഡല്‍ഹിയില്‍ ചെന്ന് മോദിയെയും അമിത്ഷായെയും കണ്ട് രഹസ്യ ചര്‍ച്ച നടത്തിയത് പുതിയ രാഷ്ട്രീയ സമവാക്യത്തിന്റെ അന്തര്‍ധാര ദുരൂഹമായിരിക്കുമെന്ന സൂചന നല്‍കുന്നുണ്ട്. കൂടിക്കാഴ്ചയും ചര്‍ച്ചകളും വാര്‍ത്ത സൃഷ്ടിച്ചെങ്കിലും ബി ജെ പിയുമായുള്ള ബാന്ധവത്തില്‍ ചുവടുവെപ്പ് കരുതലോടെ വേണമെന്നും ഭാവിയില്‍ ഇത് തിരിച്ചടിയാകുമെന്നും ആശങ്കപ്പെടുന്ന നല്ലൊരു വിഭാഗം എസ് എന്‍ ഡി പിയിലുണ്ട്. വെള്ളാപ്പള്ളിക്ക് അമിത പ്രാധാന്യം നല്‍കി രാഷ്ട്രീയ സഖ്യത്തിന് ശ്രമം നടത്തുന്നതില്‍ ബി ജെ പി നേതൃത്വത്തിലും മുറുമുറുപ്പുണ്ട്. പരീക്ഷണത്തിന് നിന്നു കൊടുക്കാന്‍ വെള്ളാപ്പള്ളിക്കും കൂട്ടര്‍ക്കും രണ്ട്‌വട്ടം ആലോചിക്കേണ്ടിവരുന്നതും ഇത് കൊണ്ടുതന്നെ. കാര്യങ്ങള്‍ ആലോചിക്കാന്‍ ബുദ്ധിജീവികളുടെ സഹായം സ്വീകരിക്കാനൊരുങ്ങുന്നതും ഉള്ളില്‍ ഭയമുള്ളതുകൊണ്ടാണ്.
ഡല്‍ഹിയില്‍ വെള്ളാപ്പള്ളിയും മകനും രാഷ്ട്രീയമുള്‍പ്പെടെയുള്ളകാര്യങ്ങളാണ് ചര്‍ച്ച നടത്തിയത്. കേരളത്തിലെ രാഷ്ര്ടീയ സാഹചര്യത്തില്‍ മൂന്നാം മുന്നണിക്ക് സാധ്യതയുണ്ടെന്നും എസ് എന്‍ ഡി പി രാഷ്ര്ടീയ പാര്‍ട്ടി രൂപവത്കരിക്കില്ലെന്നുമാണ് ചര്‍ച്ചക്കുശേഷം വെള്ളാപ്പള്ളി പറഞ്ഞത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കണം, കേന്ദ്ര കമ്മീഷനുകളിലും കോര്‍പറേഷനുകളിലും പ്രാതിനിധ്യം വേണം, പിന്നാക്ക സമുദായക്കാരുടെ ഉന്നമനത്തിനു പാക്കേജ് പ്രഖ്യാപിക്കണം, പിന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്കു വീടുവെക്കാന്‍ സഹായം വേണം തുടങ്ങിയ ആവശ്യങ്ങളാണ് എസ് എന്‍ ഡിപി മുന്നോട്ടു വെക്കുന്നത്. എന്നാല്‍ ആദ്യ രണ്ട് ആവശ്യങ്ങളും തുറന്നു പറയാന്‍ വെള്ളാപ്പള്ളി തയ്യാറാകാത്തത് മോദിയില്‍ നിന്ന് ഉറപ്പ് ലഭിക്കാത്തത് കൊണ്ടാണെന്ന് വ്യക്തം.
എസ് എന്‍ ഡി പി പുതിയ പാര്‍ട്ടിയുണ്ടാക്കുക, ഈ പാര്‍ട്ടികളില്‍ എസ് എന്‍ ഡി പിയോട് അനുഭാവമുള്ള സാമുദായിക സംഘടനകളെ അണിനിരത്തുക, ഈ പാര്‍ട്ടിയുമായി യോജിച്ച് കേരളത്തില്‍ മൂന്നാം ബദലിന് നേതൃത്വം നല്‍കുക- ഇതാണ് ബി ജെ പി കേന്ദ്രനേതൃത്വത്തിന്റെ മനസ്സിലിരിപ്പ്. ഈ ബാന്ധവത്തിന് വിലപേശാന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് മന്ത്രി സ്ഥാനം വരെ നല്‍കാനും വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാനും ബി ജെ പി ദേശീയ നേതൃത്വം ഒരുക്കമാണ്. എന്നാല്‍ രാഷ്ട്രീയ കളത്തിന് പുറത്തിരുന്ന് ഭരണമുന്നണികളെ സ്വാധീനിച്ച് കാര്യം സാധിക്കുന്ന പരമ്പരാഗത നയം ഷോകേസില്‍ വെക്കേണ്ടിവരുമെന്ന ബോധ്യമാണ് എസ് എന്‍ ഡി പി നേതൃത്വത്തിന് ചങ്കിടിപ്പുണ്ടാക്കുന്നത്. ഈ പരീക്ഷണം പാളിയാലും നഷ്ടമില്ലെന്ന് ബി ജെ പി നേതൃത്വം ഉറപ്പിക്കുന്നുണ്ട്.
സാമുദായിക സംഘടനകളുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തില്‍ പരീക്ഷിച്ചു പരാജയപ്പെട്ടതാണ്. എസ് ആര്‍ പിയും എന്‍ ഡി പിയും ഉദാഹരണം. എസ് എന്‍ ഡി പിയുടെ ഇപ്പോഴത്തെ എടുത്തു ചാട്ടം അപക്വവും നഷ്ടക്കച്ചവടവുമായിരിക്കുമെന്ന അഭിപ്രായക്കാരാണ് രാഷ്ട്രീയ നിരീക്ഷകരില്‍ ഭൂരിഭാഗവും. നൈമിഷിക രാഷ്ട്രീയ ലാഭമോ വെള്ളാപ്പള്ളി കുടുംബത്തിന് കാര്യനേട്ടമോ ഉണ്ടായേക്കാമെങ്കിലും സംഘ്പരിവാറിന്റെ ആലയില്‍ കെട്ടുന്നതോടെ ശ്രീനാരായണീയ പ്രസ്ഥാനം ഭാവി രാഷ്ട്രീയത്തില്‍ പിടിയില്ലാ കയത്തിലാകുമെന്നാണ് അനുഭവ പാഠം. സംഘ്പരിവാറിനും ഈ സഖ്യത്തിലൂടെ കാര്യമായ പ്രയോജനമുണ്ടാകാനിടയില്ല. മേനി പറച്ചിലിനപ്പുറം എസ് എന്‍ ഡി പിക്ക് രാഷ്ട്രീയ അടിത്തറയില്ലെന്നതു തന്നെ കാരണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും ഉള്‍പ്പെടുന്നതാണ് എസ് എന്‍ ഡി പി. സമുദായ പുരോഗതിക്കുവേണ്ടി വാദിക്കുമ്പോള്‍ എല്ലാവരും കൂടെയുണ്ടാകും. എന്നാല്‍ വോട്ടു രാഷ്ട്രീയം പറയാന്‍ തുടങ്ങിയാല്‍ ആരും ചെവികൊള്ളില്ല. മാത്രമല്ല, മാറിവരുന്ന മുന്നണികളും പിന്നെ പരിഗണനക്കെടുക്കില്ല. ചുരുക്കത്തില്‍ പല്ലും നഖവും നഷ്ടപ്പെട്ട് വനവാസമാകും ഫലം. സംവരണത്തിന്റെ വക്താക്കളായ എസ് എന്‍ ഡി പിക്ക് ഇതിനെ നഖശിഖാന്തം എതിര്‍ക്കുന്ന സംഘ്പരിവാറിനോട് എങ്ങിനെ ഒത്തുപോകാനാകുമെന്ന ചോദ്യവും പ്രസക്തമാണ്.